അമ്മ ഹൃദയം
മുൻകൂട്ടി പറയാതെയാണ്
കൂട്ടുകാരൻ്റെ വീട്ടിൽ എത്തിയത്.
ചെന്നപാടെ അമ്മ
അടക്കം പറയുന്നത് കേട്ടു:
“അച്ചനെക്കൊണ്ട് വീട്ടിൽ വരുമ്പോൾ
ഒന്ന് പറഞ്ഞിട്ട് വന്നു കൂടെ…?
നിങ്ങൾ വല്ലതും കഴിച്ചോ..?”
“ഒന്നും കഴിച്ചില്ല. അമ്മ എന്തെങ്കിലും തയ്യാറാക്ക്. ഞങ്ങൾ അപ്പോഴേക്കും
കുളിച്ചിട്ടു വരാം ” അവൻ പറഞ്ഞു.
“നിങ്ങൾ ഇങ്ങു വന്നേ….”
അവൻ്റെ അമ്മ, അപ്പച്ചനെ വിളിക്കുന്നത് കേട്ടാണ് ഞങ്ങൾ കുളിക്കാൻ വേണ്ടി പോയത്.
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും
അപ്പൻ പറഞ്ഞു:
“വരൂ ഭക്ഷണം കഴിക്കാം.”
പ്രാർത്ഥിച്ച് ഞങ്ങൾ ഭക്ഷണത്തിനിരുന്നു.
ചപ്പാത്തി, മുട്ടക്കറി, ചോറ്….
ഇങ്ങനെ മൂന്നാലു വിഭവങ്ങൾക്കൊണ്ട്
മേശ നിറഞ്ഞിരുന്നു.
“അച്ചാ നേരത്തെ അറിയാത്തതുകൊണ്ട് ഇത്രയുമേ ഒരുക്കാൻ കഴിഞ്ഞുള്ളൂ…” അമ്മയുടെ സന്ദേഹം.
“ഇത് തന്നെ അധികമാണ്. അപ്പോൾ
മുൻകൂട്ടി പറഞ്ഞിരുന്നെങ്കിലോ…? എന്തായാലും നിങ്ങളെ സമ്മതിക്കണം…”
എൻ്റെ വാക്കുകളിൽ അവർ സന്തോഷിച്ചു.
മടക്കയാത്രയിൽ എൻ്റെ ചിന്ത മുഴുവനും നമ്മുടെ അമ്മമാരെക്കുറിച്ചായിരുന്നു.
ഉള്ളതുകൊണ്ട് മക്കൾക്കും കുടുംബാംഗങ്ങൾക്കും വിശപ്പടക്കാൻ രുചികരമായി ഭക്ഷണം ഒരുക്കുവാൻ അമ്മമാർക്കല്ലാതെ മറ്റാർക്കാണ് കഴിയുക?
ക്രിസ്തുവിനും അങ്ങനെയൊരു
അമ്മ ഹൃദയം ഉണ്ടായിരുന്നു.
അതുകൊണ്ടല്ലെ അഞ്ചപ്പവും
രണ്ടു മീനും കൊണ്ട് അവൻ
അയ്യായിരങ്ങളെ തീറ്റിപ്പോറ്റിയത്?
എന്നിട്ടും തീർന്നില്ല അവൻ്റെ കാരുണ്യം. ശേഷിച്ച അപ്പക്കഷണങ്ങൾ
കൃത്യം പന്ത്രണ്ടു കുട്ടകൾ നിറയെ…..
അവ തൻ്റെ പന്ത്രണ്ട് ശിഷ്യർക്ക് കൊടുത്ത് പിതാവിന് നന്ദി പറഞ്ഞു തൃപ്തിയടഞ്ഞു കാണും ക്രിസ്തു ! (Ref മർക്കോ 6:35-44).
കുടുംബത്തിനു വേണ്ടി അദ്ഭുതങ്ങൾ ചെയ്യുന്നവരാണ് എല്ലാ മാതാപിതാക്കളും. അതിനവരെ പ്രേരിപ്പിക്കുന്നത്
മക്കളോടുള്ള സ്നേഹവും വാത്സല്യവുമാണ്. കരുണയും കരുതലുമുണ്ടെങ്കിൽ
നമുക്കും ചെയ്യാം അദ്ഭുതങ്ങൾ….
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.