മദര്‍ തെരേസ നല്‍കിയ ജപമാല

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

1981ലെ ഒരു രാത്രി. ജിം കാസ്റ്റില്‍ എന്ന മനുഷ്യന്‍ ആഴ്ചതോറുമുള്ള തന്റെ ബിസ്സിനസ്സ് കൂടിക്കാഴ്ചകള്‍ക്കു ശേഷം തിരിച്ചുപോകാന്‍ സിന്‍സിനാതി എയര്‍പോര്‍ട്ടിലെത്തിച്ചേര്‍ന്നു. പല രാജ്യങ്ങളില്‍ നിന്ന് പോകുന്നവരുടെയും വരുന്നവരുടെയും നല്ല തിരക്ക്. ജിം ആള്‍ക്കൂട്ടത്തിനിടയിലൂടെ തന്റെ ബാഗുകളുമായി നടന്നു. ഒരു മണിക്കൂര്‍ കൂടിയുണ്ട് ഫ്‌ളൈറ്റ് എടുക്കാന്‍. അല്പം വിശ്രമിക്കാനായി അയാള്‍ ഒരു കസേരയിലേക്ക് നടന്നടുത്തു.

വിമാന അറിയിപ്പുകള്‍, ബാഗുകള്‍ നിലത്ത് ഉരയുന്ന ശബ്ദം, യാത്രക്കാരുടെ നിര്‍ത്താതെയുള്ള വര്‍ത്തമാനങ്ങള്‍, എന്നിവ അയാളെ അലസോരപ്പെടുത്തി. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം എയര്‍പോര്‍ട്ടിലാകെ നിശബ്ദത പടര്‍ന്നു പിടിക്കുന്നതായി അയാള്‍ ശ്രദ്ധിച്ചു. എന്തുപറ്റി? എന്താണ് സംഭവിച്ചത്? എന്താണ് ആരും ശബ്ദിക്കാത്തത്? അയാള്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ കണ്ണോടിച്ചു.

പ്രശസ്തയായ ആരോ ഒരാള്‍ വരുന്നു, അതാണ് എല്ലാവരും നിശ്ശബ്ദരായിരിക്കുന്നത്.ഏതെങ്കിലും സിനിമാനടികളോ, രാഷ്ട്രീയക്കാരോ ആയിരിക്കും. അയാള്‍ വിചാരിച്ചു.
എന്നാല്‍ അത് സാധാരണരായ രണ്ടു കന്യാസ്ത്രികള്‍ ആയിരുന്നു അതില്‍ ഒരാള്‍ ലോകപ്രശസ്തയായ, പില്‍കാലത്ത് നോബല്‍ ജേതാവായ വി. മദര്‍ തെരേസയായിരുന്നു.

അന്ന് എല്ലാ മനുഷ്യരും അവരെ ഒരുപോലെ ബഹുമാനിച്ചിരുന്നു. തികഞ്ഞ ആദരവോടെ യാത്രക്കാര്‍ അവരെ നോക്കി നിന്നു. പുഞ്ചിരിച്ചുകൊണ്ട് തന്റെ വളരെ ചെറിയ ഒരു ബാഗുമായി മദര്‍ അകത്തേക്ക് നടന്നു.

ടൈം മാസികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ട ആ കന്യാസ്ത്രി തന്നോടൊപ്പം ഒരേ വിമാനത്തില്‍, അടുത്തടുത്ത സീറ്റുകളില്‍ സഞ്ചരിക്കാന്‍ പോകുന്നു. മദര്‍ തെരേസയുടെ ഒപ്പം യാത്രചെയ്യാന്‍ അവസരം കിട്ടിയതില്‍ ജിം ഏറെ സന്തോഷിച്ചു.

യാത്രയ്ക്കിടയില്‍ ആ രണ്ടു കന്യാസ്ത്രികളും തങ്ങളുടെ ജപമാല പുറത്തെടുത്ത്, പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മദറിന്റെ ജപമാല ജിമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഓരോ മണികളും ഓരോ നിറത്തില്‍, നല്ല ഭംഗി. അയാള്‍ തന്റെ ക്ഷീണം മറന്ന് അവര്‍ പ്രാര്‍ത്ഥിക്കു ന്നത് നോക്കിയിരുന്നു.

വിമാനം കന്‍സാസ് നഗരത്തില്‍ എത്താറായപ്പോള്‍ അവര്‍ ജപമാല ചൊല്ലി തീര്‍ന്നിരുന്നു. ഇറങ്ങുന്നതിനിടയില്‍ മദര്‍ അയാളോട് ചോദിച്ചു,

‘ജിം ജപമാല ചൊല്ലാറില്ലേ?’

ബിസിനസ്സ് തിരക്കുകള്‍ മൂലം പള്ളിയില്‍ പോകാന്‍ പോലും സമയം കിട്ടാത്ത അയാള്‍ സത്യസന്ധമായി മറുപടി കൊടുത്തു,
‘ഇല്ല മദര്‍’

അത് കേട്ടയുടന്‍ മദര്‍ തന്റെ ജപമാല പുഞ്ചിരിയോടെ അയാളുടെ വലതുകൈയിലേക്ക് നല്‍കി. ജിം അത് വാങ്ങിച്ചു.
വീട്ടില്‍ തിരിച്ചെത്തിയ ജിമ്മിന്റെ ഭാര്യ ഭര്‍ത്താവിന്റെ കൈയില്‍ ആദ്യമായി ഒരു ജപമാലയിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. മദര്‍ തെരേസയെ കണ്ടതും, ഒരുമിച്ച് യാത്ര ചെയ്തതും, ജപമാല നല്‍കിയതുമായ സംഭവങ്ങള്‍ അയാള്‍ അവരോട് വിവരിച്ചു.

ഒരിക്കല്‍ ജിമ്മിന്റെ സുഹൃത്തുകളില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ രോഗം പിടിപ്പെട്ടു. അവനെ കാണാന്‍ അയാള്‍ ചെന്നു. നിരാശയിലും വേദനയിലും ആത്മവിശ്വാസം കെടാതെ ആ സുഹൃത്ത് ജിമ്മിനോട് സംസാരിച്ചു. തിരിച്ചു പോകാന്‍ നേരം, അയാള്‍ മദര്‍ നല്‍കിയ ജപമാല സുഹൃത്തിനെ ഏല്പിച്ചു. ‘നിന്റെ രോഗം മാറിയ ശേഷം നീയെനിക്കിത് തിരിച്ച് തന്നാല്‍ മതി’ ജിം പറഞ്ഞു.

ഒരു വര്‍ഷത്തിന് ശേഷം ആ സുഹൃത്തിനെ ജിം വീണ്ടും കാണാനിടയായി. സര്‍ജറിയും തെറാപ്പിയും ചെയ്ത് ക്ഷീണിതനായ സുഹൃത്തിനെയാണ് ജിം പ്രതീക്ഷിച്ചത്. എന്നാല്‍ പരിപൂര്‍ണ ആരോഗ്യവാനായി ഊര്‍ജ്ജസ്വലതയോടെ അവന്‍ ജിമ്മിന്റെ അടുത്തേയ്ക്ക് ഓടിവന്നു.

നീയെന്നെ ഏല്പിച്ച മദറിന്റെ ആ ജപമാലയുണ്ടല്ലോ, കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ വിശ്വാസത്തോടെ മുട ങ്ങാതെ ചൊല്ലാറുണ്ടായിരുന്നു. ദേ, കഴിഞ്ഞ ആഴ്ചയിലെ പരിശോധയില്‍ എന്റെ ക്യാന്‍സര്‍ കോശങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായിരിക്കുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.

ജിം അത്ഭുതത്തോടെ കൂട്ടുകാരന്റെ അനുഭവം കേട്ടുനിന്നു.
മദര്‍ തെരേസ നല്‍കിയ ആ ജപമാല പിന്നീട് രോഗികളായ, അവശരായ, നിരാലംമ്പരായ ഒരുപാട് മനുഷ്യരിലേക്ക് കടന്നുചെന്നു. ഓരോരുത്തര്‍ക്കും അത് നല്‍കുമ്പോള്‍ ജിം അവരോട് ഇപ്രകാരം പറഞ്ഞു,
ആവശ്യം നിറവേറ്റിയാല്‍ നിന്നെക്കാള്‍ കൂടുതല്‍ ആവശ്യപെടുന്നവന് അത് നല്കുക’

ജിം ഇപ്പോള്‍ എവിടെയാണ്? തിരക്കുകളില്‍ പെട്ട്, ക്ഷീണിതനായി അയാള്‍ എയര്‍പോര്‍ട്ടുകളിലെ കസേരയില്‍ ഇരിക്കുണ്ടോ? മദര്‍ തെരേസ കടന്നുവന്ന്, ജപമാല നല്‍കിയ ശേഷം ജിമ്മിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു, ജിമ്മിലൂടെ പലരും മാതാവിനോട് കൂടുതല്‍ അടുത്തു.

ബിസിനസ്സ് തിരക്കുകളും, സമ്പത്തിനോടുള്ള അമിത മോഹങ്ങളും മാറ്റിവെച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ അയാള്‍ ഇന്ന് രാജ്യങ്ങള്‍ ഉടനീളം സഞ്ചരിക്കുണ്ട്. ക്ഷീണിതനാകുന്നുണ്ട്. മാതാവിനോടുള്ള ഭക്തിയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞുനല്കി, സഹായ ഹസ്തങ്ങള്‍ നീട്ടി, ജപമാല നല്‍കിയും അയാള്‍ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles