ബ്രസീലിന്റെ മദര്‍ തെരേസ വൈകാതെ വിശുദ്ധയാകും
വത്തിക്കാന്‍ സിറ്റി: ബ്രസീലില്‍ പാവങ്ങളില്‍ പാവങ്ങളെ ശുശ്രൂഷിച്ച സന്ന്യാസിനി വാഴ്ത്തപ്പെട്ട ഡുള്‍ച്ചേ ലോപ്പസ് പോണ്ടെസിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പാ അനുമതി നല്കി. പോണ്ടസിനോടൊപ്പം മറ്റ് ഏഴു പേരെ കൂടി വിശുദ്ധപദവിയിലേക്കുയര്‍ത്തും.
വാഴ്ത്തപ്പെട്ട ഡുള്‍ച്ചേ പാണ്ടസിന്റെ മാധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അത്ഭുതത്തിന് പാപ്പാ അംഗീകാരം നല്‍കിയതോടെയാണ് അവര്‍ക്ക് വിശുദ്ധപദവിയിലേക്കുള്ള വഴി തുറന്നു കിട്ടിയത്.
1914 ല്‍ ബ്രസീലിലെ സാല്‍വദോറിലെ മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച സി. ഡുള്ച്ചേയുടെ അമ്മ അവര്‍ക്ക് ആറ് വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. അവര്‍ക്ക് 13 വയസ്സുള്ളപ്പോള്‍ അമ്മായി അവരെ പാവങ്ങള്‍ താമസിക്കുന്ന പ്രദേശത്തേക്ക് കൊണ്ടു പോയി. ഇത് ഡുള്ചേയുടെ മനസ്സില്‍ ആഴമായ സ്വാധീനം ചെലുത്തി.
അന്നു മുതല്‍ പാവങ്ങള്‍ക്കു വേണ്ടി അവര്‍ പ്രയത്നിച്ചു. പതിനെട്ടാം വയസ്സില്‍ അവര്‍ മിഷണറി സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ഓഫ് ദ മദര്‍ ഓഫ് ഗോഡ് സഭയില്‍ ചേര്‍ന്നു. സാല്‍വദോറിന്റെ തെരുവുകളില്‍ കണ്ടുമുട്ടിയ പാവങ്ങള്‍ക്ക് കിടപ്പാടം കൊടുക്കാന്‍ സി. ഡുള്‍ച്ചേ കച്ചകെട്ടിയിറങ്ങി. അവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു.
ബ്രസീസിലിലെ ആദ്യത്തെ ക്രിസ്ത്യന്‍ തൊഴിലാളി യൂണിയനായി സാവോ ഫ്രാന്‍സിസ്കോ വര്‍ക്കേഴ്സ് യൂണിയന് സി. ഡുള്‍ച്ചേ സ്ഥാപിച്ചതാണ്.