പാക്കിസ്ഥാനിലെ മദര്‍ തെരേസ സിസ്റ്റർ റൂത്ത് ലൂയിസ് കോവിഡ് – 19 ബാധിച്ച് മരിച്ചു
സ്വന്തം മക്കൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടപ്പോൾ ഭയന്ന് പിൻമാറാതെ ആരും ഇല്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങൾക്കായ് അവർ തൻ്റെ ജീവിതം പകുത്തു നൽകി. ഭൂമിയിൽ ഇനി തന്റെ മക്കളോടൊപ്പം അവർ ഇല്ല…
മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച സിസ്റ്റർ റൂത്ത് ലൂയിസ് (77) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കറാച്ചിയിലായിരുന്നു. പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” എന്നറിയപ്പെടുന്ന സിസ്റ്റർ റൂത്ത് ലൂയിസിന്റെ അന്ത്യം അവരുടെ സേവനമേഖല കൂടിയായ കറാച്ചിയിലായിരുന്നു.
ക്രൈസ്റ്റ് കിംഗ് ഫ്രാൻസിസ്കൻ മിഷനറി സഭയിലെ അംഗമായ അവർ, മാനസികവും ശാരീരികവുമായ വൈകല്യമുള്ളവർക്കായി നിർമിച്ച ദാർ ഉൽ സുകുൻ (സമാധാനത്തിന്റെ ഭവനം) എന്ന ശുശ്രൂഷയുടെ ഭാഗമായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 51 വർഷത്തിലേറെയായി, സിസ്റ്റർ രൂത്ത് കുടുംബങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട ഒട്ടനേകം കുഞ്ഞുങ്ങളുടെ അമ്മയായി സേവനംചെയ്തു.
കൊറോണ വ്യാപനം കാരണം അഭയാർഥികളായ 150ഓളം പേർക്ക് തന്റെ അതേ സമർപ്പണവും കരുതലും അവർ പകർന്നുനൽകി. അന്തേവാസികളായ 21 കുട്ടികളുടെ ഫലം പോസിറ്റീവായെങ്കിലും സിസ്റ്റർ തന്റെ സേവനം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ രോഗബാധിതയായി ജൂലൈ 8 ന് കറാച്ചിയിലെ ആഗാ ഖാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവർ വെന്റിലേറ്ററിൽ ആയിരുന്നു. ജൂലൈ 20ന് സിസ്റ്ററുടെ മരണം സംഭവിച്ചു. വേർപാടിന്റെ വിവരം സിസ്റ്ററുടെ സ്‌ഥാപനം തന്നെയാണ് ഫേസ്‌ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
“ഞങ്ങളുടെ എല്ലാ കുട്ടികളും കന്യാസ്ത്രീകളും പ്രവർത്തകരും ദുഖത്തിലാണ്. കാരണം ഞങ്ങളുടെ പ്രിയപ്പെട്ട ‘അമ്മയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. സിസ്റ്റർ റൂത്തിന്റെ സ്നേഹം അറിഞ്ഞ കുട്ടികൾക്കും, അവൾ ഒരു സഹോദരിയായിരുന്ന കന്യാസ്ത്രീകൾക്കും, പ്രചോദനവും വഴികാട്ടിയുമായിരുന്ന എല്ലാ സഹപ്രവർത്തകർക്കും വേണ്ടി ദയവായി പ്രാർത്ഥിക്കുക.” എന്നായിരുന്നു ദാർ ഉൽ സുകുൻ അധികൃതർ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഇസ്ലാമാബാദ്-റാവൽപിണ്ടി രൂപതയുടെ സാമൂഹ്യശുശ്രൂഷകളുടെ നേതൃത്വം വഹിക്കുന്ന ഫാ. നാസിർ വില്യം അനുശോചനം രേഖപ്പെടുത്തി. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി സിസ്റ്ററിനെ അദ്ദേഹം വിശേഷിപ്പിച്ചു. പാകിസ്ഥാന് മാതൃകയായ ഒരു വലിയ വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്ന് മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൾ അസീഫ. ദാർ ഉൽ സുകുന്നിലൂടെ സിസ്റ്ററുടെ സേവനങ്ങൾ പലർക്കും പ്രചോദനമായി മാറിയെന്ന് സിന്ധ് പ്രവിശ്യയുടെ ഗവർണർ ഇമ്രാൻ ഇസ്മായിലും അനുസ്മരിച്ചു.