മക്കള്‍ക്ക് കാവലായ് പരിശുദ്ധ അമ്മ
അഭിലാഷ് ഫ്രേസര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയുണ്ട്, ‘അമ്മ’. കഥാതന്തുവിന്റെ എല്ലാ അര്‍ത്ഥതലങ്ങളും ധ്വനിപ്പിച്ചുകൊണ്ടാണ് ബഷീര്‍ അതിനു പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്താണ് കഥ നടക്കുന്നത്. ഒരുനാള്‍ വീടുവിട്ടിറങ്ങി സ്വാതന്ത്ര്യസമരസേനാനിയെന്ന പേരില്‍ മാസങ്ങളോളം ജയില്‍വാസമനുഭവിച്ച ശേഷം ലോകം മുഴുവന്‍ ഉറങ്ങിക്കിടക്കുന്ന പാതിരാവില്‍ വീട്ടിലേക്കു മടങ്ങിവരികയാണു ബഷീര്‍. ബഷീറിനെ അത്ഭുതപ്പെടുത്തികൊണ്ട് വീട്ടിലെ അടുക്കളയില്‍ റാന്തല്‍ വിളക്ക് കത്തുന്നു. അമ്പരപ്പോടെ അടുക്കള വാതില്‍ കടന്നപ്പോള്‍ കണ്ടു, പാത്രത്തില്‍ വിളമ്പിവച്ച അത്താഴത്തിനു ചാരേ ഉറങ്ങാതെ കാവലിരിക്കുന്ന അമ്മ! അത്ഭുതത്തോടെ ബഷീര്‍ ചോദിച്ചു: ‘ഞാനിന്നു വരുമെന്നു ഉമ്മയെങ്ങനെയറിഞ്ഞു? ഈ അത്താഴമിങ്ങനെ വിളമ്പിവച്ച് എന്നെ കാത്തിരിക്കാന്‍?…’ വളരെ സൗമ്യമായി, തികച്ചും സാധാരണമായ ഒരു കാര്യം പറയുംപോലെ ആ അമ്മ പറഞ്ഞു: ‘നീ പോയനാള്‍ മുതല്‍ നിനക്കായത്താഴം കരുതിവച്ച് എന്നും രാവേറുംവരെ ഞാന്‍ കാത്തിരിക്കുമായിരുന്നു, മകനേ!’ കഥ നിശ്ശബ്ദമായവസാനിക്കുകയാണ്. അത്താഴമൊരുക്കി വച്ച് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും മുടങ്ങാതെ കാത്തിരിക്കുന്ന അമ്മയുടെ ചിത്രം ആത്മാവിലടിഞ്ഞു കൂടിയ ഏതൊക്കയോ പാറക്കെട്ടുകളെ അലിയിച്ച് ആര്‍ദ്രമാക്കിക്കളയുന്നു.
സമാന്തരമായി ഹൃത്തില്‍ തെളിയുന്ന മറ്റൊരു ചിത്രമുണ്ട്. രണ്ടായിരം വര്‍ഷങ്ങളായി, വഴിതെറ്റിച്ചരിക്കുന്ന ഓരോ മനുഷ്യന്റെയും മടങ്ങിവരവും കാത്ത് കാല്‍വരിയിലെ കുരിശിന്റെ ചുവട്ടില്‍ മകന്റെ മാംസവും രക്തവും അത്താഴമാക്കി വിളമ്പി ഉറക്കംവരാതെ കാത്തിരിക്കുന്നൊരമ്മ, കന്യകാമറിയം! കുരിശിലെ വ്യഥയുടെ സാന്ദ്രനിമിഷങ്ങളിലൊന്നില്‍ ലോകത്തിലെ സര്‍വ മനുഷ്യരെയും അവളുടെ കൈകളിലേല്‍പ്പിച്ചുകൊണ്ട് അവന്‍ മൊഴിഞ്ഞു: അമ്മേ, ഇതാ നിന്റെ മകന്‍! അന്നു തുടങ്ങിയതാണ് അവളുടെ ഉറക്കമില്ലാത്ത രാവുകള്‍; വിളമ്പിവച്ച അത്താഴവുമായി തിരിച്ചുവരാന്‍ വൈകുന്ന മക്കളെയും കാത്തുളള കാവലിരിപ്പ്! ദശാബ്ദങ്ങള്‍, നൂറ്റാണ്ടുകള്‍, സഹസ്രാബ്ദങ്ങള്‍…!
പരി. കന്യാമറിയത്തിന്റെ ലൂത്തിനിയയില്‍ ഒരു സംജ്ഞയുണ്ട്-പാപികളുടെ സങ്കേതം! വഴിതെറ്റിയലയുന്ന കുഞ്ഞാടുകളുടെ അഭയകേന്ദ്രം. ഈ സംജ്ഞതയെ ധ്യാനിക്കുമ്പോളൊക്കെ മനസ്സില്‍ വിടരുന്നൊരു ദൃശ്യമുണ്ട്: വിശാലമായ ഒരു മരുഭൂമി. വഴി നഷ്ടപ്പെട്ട് ദാഹാര്‍ത്തരായി അലഞ്ഞുതിരിയുന്ന ഒരു പറ്റം കുഞ്ഞാടുകള്‍. പെട്ടെന്ന് അവരിലൊരുവന്‍ മരുഭൂമിയുടെ നടുവിലൊരു കൂടാരം കാണുന്നു-കൊടും ചൂടില്‍ തണലേകുന്ന, അഭയമേകുന്ന കൂടാരം! ആടുകളുടെ കൂട്ടം ആര്‍ത്തലച്ച് കൂടാരത്തെ സമീപിക്കുമ്പോള്‍ അവര്‍ തിരിച്ചറിയുന്നു അവര്‍ കണ്ട കൂടാരം ആരുടയോ വിടര്‍ത്തിയിട്ട മേലങ്കിയാണെന്ന്. മേലങ്കിയുടെ ഉടമയെ തിരയുന്ന കുഞ്ഞാടുകള്‍ കാണുന്നു, കന്യാമേരിയുടെ അലിവാര്‍ന്ന മുഖം! ആടുകള്‍ മേലങ്കിക്കുളളില്‍ പ്രവേശിക്കുന്തോറും മേലങ്കിക്ക് വിസ്താരമേറുന്നു… ഒടുവിലൊടുവില്‍ ആ മേലങ്കി കൊണ്ട് മരുഭൂമിയാകെ തണലണിഞ്ഞു നില്‍ക്കുന്ന മോഹനദൃശ്യം! അതില്‍ കുളിര്‍മ്മയുണ്ട്; വിളമ്പിയ അത്താഴമുണ്ട്-ജീവന്റെയപ്പവും വീഞ്ഞും നിറച്ച പളുങ്കുപാത്രങ്ങളുമുണ്ട്; കൃപകളുടെ സപ്തവര്‍ണസ്മിതം പൊഴിക്കുന്ന മഴവില്ലുണ്ട്! ഹൃദയമുളളവര്‍ക്കുമാത്രം കാണാനുളള ഒന്നുകൂടിയുണ്ട് അവളുടെ മുഖത്ത്, സഹസ്രാബ്ദങ്ങളായി ഉറക്കമിളച്ചു കാവലിരിന്നിട്ടും കരുവാളിപ്പ് ബാധിച്ചിട്ടില്ലാത്ത അവളുടെ കരുണാര്‍ദ്രനയനങ്ങള്‍.
മറിയത്തിന്റെ മേലങ്കിക്കുളളില്‍ സ്ഥാനമില്ലാത്തവരാരുമില്ല. കാരണം അവള്‍ അമ്മയാണ്. എത്രവലിയ പാപിയായാലും സ്വന്തം മകനെ തളളിപ്പറയാന്‍ അമ്മയ്ക്കാവില്ല. ചരിത്രം കണ്ട ഏറ്റവും വലിയ ക്രൂരനായ ഹിറ്റ്‌ലര്‍ പോലും അയാളുടെ അമ്മയ്ക്ക് മാറു ചുരത്തുന്ന ഒരോര്‍മ്മയായിരിന്നിരിക്കണം. മാതൃത്വത്തിന്റെ നദിയില്‍ നീരാടിയുണരുന്നവന്‍ ഏതു ചെളിക്കുണ്ടില്‍ കിടന്നുരുണ്ടുവന്നവനായാലും നിര്‍മ്മലനായേ നടന്നുകയറൂ!
പാപികളായ മക്കളുടെ മടങ്ങിവരവും കാത്ത് ഉറങ്ങാതിരിക്കുന്ന മറിയത്തിന്റെ വത്സലഭാവം ചുരുളഴിയുന്ന ചരിത്രത്തിനൊപ്പം ഒരായിരം തവണ വെളിപ്പെട്ടതാണല്ലോ. ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോളും അഭയകൂടാരമായ തന്റെ മേലങ്കിക്കുളളിലേക്ക് മാടിവിളിക്കുന്ന കനിവാര്‍ന്ന ആ മാതൃവദനം നാം കണ്ടതാണല്ലോ. ‘പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുക.’ ഇതാണവളുടെ ഗാനത്തിന്റെ പല്ലവി.
നമുക്കിടയില്‍ പാപികളുടെ മരുഭൂമികളിലലയുന്ന ആട്ടിന്‍പറ്റത്തെയറിയുമെങ്കില്‍, നമ്മുടെ ഉളളിലെവിടെയോ വഴിതെറ്റിച്ചരിക്കുന്ന ദാഹാര്‍ത്തരായ ഒരാട്ടിന്‍കുട്ടിയെ കാണുകയാണെങ്കില്‍ അഭയകൂടാരം പോലെ വിടര്‍ന്നുനില്ക്കുന്ന ആ മേലങ്കിക്കുളളിലേക്കവയെ കൈപിടിച്ചു നടത്തുക. അതിനുളളില്‍ അത്താഴം വിളമ്പിവച്ച് വിളര്‍ത്ത കണ്‍തടങ്ങളുമായി ഉറങ്ങാതെ കാവലിരിക്കുന്ന ഒരമ്മയുണ്ട്, നമ്മളൊക്കെ ‘പാപികളുടെ സങ്കേതം’ എന്ന് പ്രത്യാശയോടെ വിളിക്കുന്ന കന്യകാമറിയം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.