ദൈവത്തിന്റെ അമ്മ എന്റെ അമ്മയായി തീരുന്ന മഹാരഹസ്യം!
എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ വീട്ടില്‍ വരുവാനുള്ള യോഗ്യത എനിക്ക് എവിടെ നിന്ന്? അത്ഭുതപരവശയായി ഈ വചനം പറഞ്ഞത് സ്‌നാപക യോഹന്നാന്റെ മാതാവായ എലിസബത്താണ്. മറ്റാരും അറിയാതിരുന്ന ഈ രഹസ്യം എലിസബത്ത് അറിഞ്ഞത് പരിശുദ്ധാത്മാവ് വന്ന് അവളില്‍ നിറഞ്ഞപ്പോഴാണ്. ആ സന്തോഷം അടക്കാനാവാതെ സ്‌നാപക യോഹന്നാന്‍ എലിസബത്തിന്റെ ഉദരത്തില്‍ കുതിച്ചു ചാടുകയും ചെയ്തു. സത്യത്തില്‍ നാം ഓരോരുത്തരും ചോദ്യക്കേണ്ട ചോദ്യമാണ് എലിസബത്ത് ചോദിച്ചത്. എന്റെ കര്‍ത്താവിന്റെ അമ്മ
എന്റെ അമ്മയാകാന്‍ തക്ക യോഗ്യത എനിക്ക് എവിടെ നിന്ന്! ദൈവപുത്രന്റെ അമ്മ തന്നെ എന്റെയും അമ്മയായി തീരുക എന്ന മഹാത്ഭുതത്തിനാണ് കുരിശിന്റെ ചുവട് സാക്ഷ്യം വഹിച്ചത്. താഴെ നിന്നിരുന്ന സുവിശേഷകനായ യോഹന്നാന്‍ എല്ലാ വിശ്വാസികളുടെയും പ്രതിനിധി ആയിരുന്നു. ഇതാ നിന്റെ അമ്മ എന്ന് ഈശോ യോഹന്നാനോട് അരുളിചെയ്തപ്പോള്‍ നമ്മുടെ എല്ലാവരുടെയും അമ്മയായി ഈശോ തന്റെ അമ്മയെ നല്‍കുകയായിരുന്നു.
ജനുവരി 1 ദൈവമാതാവിനെ തിരുസഭ ആദരിക്കുന്ന ദിനമാണ്. യേശു ക്രിസ്തു ഒരേ സമയം ദൈവവും മനുഷ്യനും ആയിരുന്നു. പൂര്‍ണമനുഷ്യനും പൂര്‍ണദൈവവുമായ ഒരേയൊരു വ്യക്തി. മറിയം യേശുവിനെ പ്രസവിക്കുക വഴി മനുഷ്യനായ യേശുവിന്റെ മാത്രമല്ല ദൈവമായ യേശുവിന്റെ അമ്മ കൂടി ആയിത്തീര്‍ന്നു എന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. ദൈവമാതാവ് എന്ന അപദാനം സഭയുടെ വിശ്വാസ സത്യങ്ങളില്‍ ഒന്നാണ്.
ആലോചിച്ചു നോക്കുമ്പോള്‍ എത്ര വലിയ ഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്! ദൈവപുത്രനായ യേശുവിനെ താരാട്ടു പാടുകയും ലാളിക്കുകയും ഊട്ടുകയും ചെയ്ത അതേ അമ്മ തന്നെയാണ് നമ്മുടെ അമ്മയായി നമ്മുടെ ആവശ്യങ്ങളില്‍ കൂട്ടു വരുന്നത്. എല്ലാ ക്ലേശങ്ങളും സങ്കടങ്ങളും ഈ ലോകജീവിതകാലത്ത് സഹിക്കേണ്ടി വന്ന മാതാവിന് മനുഷ്യര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ നന്നായി അറിയാം. അമ്മയുടെ വാത്സല്യത്തോടും കരുണയോടും അമ്മ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. നമ്മോട് എന്നും ചേര്‍ന്നു നില്‍ക്കുകയും യേശുവിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. നമുക്ക് ദൈവത്തോടും ദൈവമാതാവായ പരിശുദ്ധ മറിയത്തോടും നന്ദിയുള്ളവരായിരിക്കാം. ഈ പുതുവര്‍ഷത്തില്‍ നമുക്ക് തമ്പുരാനോടും മാതാവിനോടുമുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാം.
യേശുവില്‍ സ്‌നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.