വൈകി മാനസാന്തരപ്പെട്ടവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമോ? (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
മൂശാക്കാലം ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം
ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു, ഞങ്ങള്‍ക്കെന്താണ് പ്രതിഫലം ലഭിക്കുക? എന്ന് പത്രോസ് യേശുവിനോട് ചോദിച്ചപ്പോള്‍ യേശു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍ എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചു കൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കും. ഇതിന്റെ തുര്‍ച്ചയായി യേശു ഒരു ഉപമ പറയുന്നു. മുന്തിരിത്തോട്ടത്തിലെ വേലക്കാരുടെ ഉപമ. ദൈവത്തിന്റെ ഔദാര്യം മനുഷ്യചിന്തയെ അതിശയിക്കുന്നതാണ് എന്ന് യേശു ഇവിടെ വ്യക്തമാക്കുകയാണ്.
ഇന്നത്തെ സുവിശേഷ വായന
മത്തായി 20: 1- 16
സ്വര്‍ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.2 ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു.3 മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: 4 നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍;ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.5 ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെചെയ്തു.6 ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?7 ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍.8 വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക.9 പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു.10 തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി.11 അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-12 അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.13 അവന്‍ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയുംചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്?14 നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം.15 എന്റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?16 ഇപ്രകാരം, പിമ്പന്‍മാര്‍ മുമ്പന്‍മാരും മുമ്പന്‍മാര്‍ പിമ്പന്‍മാരുമാകും.
സുവിശേഷ വിചിന്തനം
മറ്റു സുവിശേഷകന്‍മാര്‍ ദൈവരാജ്യം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ മത്തായി ഉപയോഗിക്കുന്നത് സ്വര്‍ഗരാജ്യം എന്ന പദമാണ്. ഇതിന്റെ കാരണം, മത്തായി യഹൂദര്‍ക്കു വേണ്ടിയാണ് സുവിശേഷം എഴുതിയത് എന്നതാണ്. ദൈവത്തിന്റെ നാം ഉപയോഗിക്കാന്‍ മത്തായി വൈമനസ്യം കാണിച്ചു എന്നതാണ് കാര്യം. യഥാര്‍ത്ഥത്തില്‍ സ്വര്‍ഗരാജ്യവും ദൈവരാജ്യവും ഒന്നു തന്നെയാണ്.
പഴയ നിയമപ്രകാരം ദൈവമാണ് മുന്തിരിത്തോട്ടത്തിന്റെ ഉപമ. ഇസ്രായലിന്റെ നേതാക്കന്മാരാണ് ദൈവം മുന്തിരിത്തോട്ടം നോക്കിനടത്താന്‍ ഏല്‍പിച്ച വേലക്കാര്‍. എന്നാല്‍ പുതിയ നിയമത്തില്‍ കത്തോലിക്കാ സഭയാണ് മുന്തിരിത്തോട്ടം.
ഇസ്രായേലില്‍ ജോലിസമയം പന്ത്രണ്ടു മണിക്കൂര്‍ ആയിരുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരുന്നു അവര്‍ കണക്കാക്കിയിരുന്നത്. അതനുസരിച്ച് രാവിലെ 6 മണിക്കു മുമ്പ് ഉടമ ജോലിക്കാരെ തേടി യാത്ര പോയിട്ടുണ്ടാകണം.
സാധാരണഗതിയില്‍ തോട്ടമുടമയ്ക്ക് സ്ഥിരം ജോലിക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്യാവശ്യം വരുന്ന ഘട്ടങ്ങളില്‍ പുറമേ നിന്നു ജോലിക്കാരെ ദിവസക്കൂലിക്ക് എടുക്കുകയും ചെയ്യുമായിരുന്നു. ദിവസക്കൂലിക്കാരായ ജോലിക്കാര്‍ സ്ഥിരം വരുമാനം ഇല്ലാത്തവും പാവങ്ങളുമായിരുന്നു.
ജോലിക്കാരെ തേടി ഇറങ്ങിയ ഉടമ ആദ്യം കണ്ട ജോലിക്കാര്‍ക്ക് ഒരു ദനാറ കൂലി വാഗ്ദാനം ചെയ്തു. പന്ത്രണ്ടു മണിക്കൂര്‍ ജോലിയാണ് അവര്‍ക്കുള്ളത്.
രണ്ടാമത്തെ കൂട്ടരെ വിളിക്കാന്‍ ഉടമ ഇറങ്ങിത്തിരിച്ചത് മൂന്നാം മണിക്കൂര്‍ അഥവാ രാവിലെ 9 മണിക്കാണ്. വൈകി വന്നവര്‍ക്ക് മാന്യമായ കൂലിയാണ് ഉടമ വാഗ്ദാനം ചെയ്തത്. എന്തു നല്‍കും എന്ന് അദ്ദേഹം വ്യക്തമായി മുന്‍കൂട്ടി പറഞ്ഞിരുന്നില്ല.
കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലയെ പറ്റി ഏഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ വി. പൗലോസ് പറയുന്നുണ്ട്. ‘മനുഷ്യര്‍ക്കു വേണ്ടിയല്ല, കര്‍ത്താവിന് വേണ്ടി എന്നതു പോലെ ശുശ്രൂഷ ചെയ്യുവിന്‍. ഓരോരുത്തര്‍ക്കും സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം കര്‍ത്താവില്‍ നിന്ന് ലഭിക്കും എന്ന് അറിഞ്ഞു കൊള്ളുവിന്‍’ (എഫേ. 6: 7).
ഓരോ മൂന്നു മണിക്കൂര്‍ കൂടുമ്പോഴും തോട്ടമുടമ വേലക്കാരെ തേടി പുറപ്പെട്ടു. ഓരോ തവണ പോകുമ്പോഴും അലസരായി ചന്തസ്ഥലത്തിരിക്കുന്നവരെ അദ്ദേഹം കണ്ടു. അവരെ അദ്ദേഹം തന്റെ തോട്ടത്തിലെ വേലയ്ക്കായി ക്ഷണിച്ചു. പതിനൊന്നാം മണിക്കൂറില്‍ ചെന്നപ്പോഴും ചിലര്‍ അവിടെ അലസരായി നില്‍ക്കുന്നത് ഉടമ കണ്ടു. അദ്ദേഹം അവരെയും ക്ഷണിച്ചു.
കൂലി കൊടുക്കാന്‍ നേരമായി. വേലക്കാര്‍ക്ക് സൂര്യാസ്തമയത്തിന് മുമ്പ് കൂലി നല്‍കണം എന്ന് മോശ വ്യക്തമായി നിഷ്‌കര്‍ഷിച്ചിരുന്നു. (നിയമ 24, 14).
ദൈവമാണ് തോട്ടത്തിന്റെ ഉടമ. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവര്‍ത്തികള്‍ക്കും സേവനങ്ങള്‍ക്കും അനുസരിച്ച് കൂലി കൊടുക്കുന്ന കാര്യസ്ഥന്‍ യേശുവാണ്.
കൂലി കൊടുക്കാന്‍ ആരംഭിക്കുന്നത് അവസാനം വന്നവര്‍ മുതലാണ്. ഇതിന്റെ കാരണം ഉപമയുടെ അവസാനത്തില്‍ യേശു തന്നെ പറയുന്നുണ്ട്. മുന്‍പന്‍മാര്‍ പിമ്പന്‍മാരും പിന്‍പന്‍മാര്‍ മുമ്പന്‍മാരുമാകും. അവസാനം വന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ദനാറയാണ്. അപ്പോള്‍ ആദ്യം വന്നവര്‍ കരുതി, തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന്. എന്നാല്‍ അവര്‍ക്കും ഒരു ദനാറ തന്നെയാണ് ലഭിച്ചത്.
അതിന് എന്തെല്ലാമാണ് കാരണങ്ങള്‍?
1. ഉടമ അവരെ ആദ്യം വിളിക്കാതിരുന്നത് അവരുടെ കുറ്റം കൊണ്ടല്ല.
2. ഉടമ അവരെ ആദ്യമൊന്നും വിളിക്കാതെ പോയപ്പോള്‍ അവര്‍ നിരാശരായി മടങ്ങിപ്പോയില്ല. വേല കിട്ടും എന്ന പ്രതീക്ഷയില്‍ അവര്‍ ചന്തയില്‍ തന്നെ നിലകൊണ്ടു.
3. നഷ്ടപ്പെട്ട 11 മണിക്കൂര്‍ നികത്താന്‍ വേണ്ടി അവര്‍ അവസാനത്തെ മണിക്കൂര്‍ എല്ലുമുറിയെ പണിയെടുത്തിരിക്കണം.
4. അവരുടെ കുടുംബങ്ങള്‍ക്ക് കഴിഞ്ഞു കൂടാന്‍ ഒരു ദിവസത്തെ കൂലി ആവശ്യമായിരിക്കണം.
എന്നാല്‍ ഇതു കണ്ട് ആദ്യം വന്നവര്‍ ഭൂവുടമയ്‌ക്കെതിരെ പരാതി ഉയര്‍ത്തി. അതിന് മറുപടിയായി ഭൂവുടമ ചോദിച്ച ചോദ്യങ്ങളുടെ സാരംശം ഇതായിരുന്നു:
1. ആദ്യം വന്നവര്‍ക്ക് നല്‍കാം എന്നേറ്റിരുന്ന അത്രയും പണം തന്നെ നല്‍കി ഉടമ നീതി പ്രവര്‍ത്തിച്ചു.
2. സ്വന്തം പണം ഇഷ്ടമുള്ളതു പോലെ വിനിയോഗിക്കാന്‍ ഉടമയ്ക്ക് സ്വാതന്ത്ര്യം ഉണ്ടല്ലോ.
3. ആദ്യം ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന വേലക്കാരോട് ഉടമ ഔദാര്യം കാണിച്ചതു കണ്ട് അവര്‍ അസൂയപ്പെടേണ്ട കാര്യമില്ല.
മുമ്പന്മാര്‍ പിമ്പന്‍മാരും പിമ്പന്മാര്‍ മുമ്പന്മാരും ആയിത്തീരും എന്ന വചനം പറഞ്ഞു കൊണ്ടാണ് യേശു ഈ ഉപമ അവസാനിക്കുന്നത്. ജീവിതത്തില്‍ വൈകി മാനസാന്തരപ്പെടുന്നവരും നീതിമാന്മാരായ വിശ്വാസികള്‍ക്കു തുല്യരാണ്. എല്ലാവരും ദൈവതിരുമുമ്പില്‍ തുല്യരായതിനാല്‍ അവരെല്ലാവരും ദൈവരാജ്യം അവകാശമാക്കും. ചുങ്കക്കാരന്റെയും ഫരിസേയന്റെയും പ്രാര്‍ത്ഥനയുടെ ഉപമയിലൂടെ ഇക്കാര്യമാണ് യേശു വ്യക്തമാക്കുന്നത്. ലോകാവസാനത്തില്‍ വിസ്മയകരമായ പലതും സംഭവിക്കും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനാണ് യേശു നല്‍കുന്ന സന്ദേശം.
സന്ദേശം
1. ഈ ഉപമ പ്രതീകാത്മകമായി വായിക്കുമ്പോള്‍ ദൈവമാണ് തോട്ടമുടമ. ലോകമാണ് ചന്തസ്ഥലം. മുന്തിരിത്തോട്ടം ഇസ്രായേലും പിന്നീട് സഭയുമാണ്. ആദ്യം വന്ന വേലക്കാര്‍ ഇസ്രയേല്‍ക്കാരും വൈകി വന്നവര്‍ വിജാതീയരും വൈകി മാനസാന്തരപ്പെട്ടവരുമാണ്. നമ്മള്‍ വൈകിയാണ് മാനസാന്തരപ്പെട്ടു ക്രിസ്തുവിലേക്ക് എത്തിയതെങ്കിലും നാം വിശ്വസ്തതയോടെ ക്രിസ്തുവിന് വേണ്ടി വേല ചെയ്താല്‍ നമുക്ക് അന്ത്യദിനത്തില്‍ ഉദാരമായി പ്രതിഫലം ലഭിക്കും.
2. പുതിയ നിയമത്തില്‍ സഭയാണ് ക്രിസ്തുവിന്റെ മുന്തിരിത്തോട്ടം. ഓരോ കാലത്തും അതാത് സമയത്തിന് ആവശ്യമായതു പോലെ യേശു വേലക്കാരെ വിളിക്കുന്നു. നാം നമ്മുടെ കടമകള്‍ വിശ്വസ്തതാ പൂര്‍വം നിര്‍വഹിച്ച് നമുക്ക് ലഭിക്കുന്ന പ്രതിഫലം കൊണ്ടു സംതൃപ്തരാകണം.
3. ആദ്യം മുതല്‍ സഭയില്‍ സേവനം ചെയ്തവര്‍ക്കു മാത്രമല്ല വൈകി വന്നവര്‍ക്കും അനുതപിക്കുന്ന കുറ്റവാളികള്‍ക്കും പോലും യേശു സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്.
4. ദൈവം തന്റെ തോട്ടത്തില്‍ വേല ചെയ്യാന്‍ അനേകരെ വിളിക്കുമെങ്കിലും പലരും ആ ക്ഷണം നിരസിക്കാറുണ്ട്. യേശുവിന്റെ ക്ഷണം നിരസിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
5. എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും എന്നത് ഉറപ്പായ കാര്യമാണ്. ചിലരെ സംബന്ധിച്ച് അവര്‍ പ്രതീക്ഷിക്കുന്നതിലും വളരെയേറെ വലിയ പ്രതിഫലമായിരിക്കും ലഭിക്കുക.
6. നമുക്ക് ദൈവത്തില്‍ നിന്ന് ഔദാര്യം ലഭിക്കുമെങ്കിലും ദൈവം നമുക്ക് ഇത്രയും നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. നമുക്ക് എന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം ദൈവകൃപ കൊണ്ട് മാത്രമാണ്.
പ്രാര്‍ത്ഥന
നല്ലവനായ ദൈവമേ,
ആദ്യം വന്നവര്‍ക്കും അവസാനം വന്നവര്‍ക്കും കൈനിറയെ പ്രതിഫലം നല്‍കുന്ന അങ്ങയുടെ ഔദാര്യത്തെ ഞങ്ങള്‍ സ്തുതിക്കുന്നു. എല്ലാം അവിടുത്തെ വലിയ ദാനമാണെന്ന് തിരിച്ചറിയാനും ഞങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പിറുപിറുക്കാതിരിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങ് നല്‍കുന്ന പ്രതിഫലത്തിന് നന്ദിയുള്ളവരായിരിക്കാനും ഞങ്ങള്‍ക്ക് കൃപ നല്‍കണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.