ദരിദ്രര്‍ക്കായി സെന്റ്. പീറ്റേഴ്സ് സ്ക്വയറില്‍ ഹൃദ്രോഗ മൊബൈല്‍ ആശുപത്രി
പാപ്പായുടെ ഉപവി കാര്യാലയവും റോമിലെ സാൻ കാർളോ ദി നാൻസി ആശുപത്രി സംഘവും ചേർന്ന് ദരിദ്രർക്ക് ഹൃദ്രോഗ പരിശോധന നടത്തുന്നതിനുള്ള ഒരു മൊബൈൽ ക്ലിനിക് വി. പത്രോസിന്റെ ചത്വരത്തിൽ ഒക്ടോബർ 25 ആം തിയതി നടന്നു. “ഹൃദയത്തിന്റെ വഴികൾ, പ്രതിരോധത്തിന്റെ യാത്ര” എന്നാണ് ഈ സംരംഭത്തിന് പേരിട്ടത്.
ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം ജീവൻ രക്ഷയേകുന്ന ഹൃദ്രോഗ പരിശോധനകൾക്ക് സാധ്യതയില്ലാത്ത പരിസരവാസികളായ ദരിദ്രർക്ക് അവ നൽകുന്നതിനും പലപ്പോഴും ഉപേക്ഷിക്കപ്പെട്ടവരായി തോന്നുന്നയാളുകൾക്കിടയിൽ സാന്നിധ്യം കൊണ്ട് ഐക്യമത്യം പ്രകടിപ്പിക്കുന്നതിനുമാണ്. ഈ സംരംഭം ആരംഭിച്ച തിങ്കളാഴ്ച രാവിലെ 9 മണി മുതൽ പലരും സേവനം തേടിയിരുന്നു. ഇത് വൈകിട്ട് 6 മണി വരെ തുടർന്നു. “ഹൃദയത്തിന്റെ വഴികൾ” എന്ന് പേരിട്ട ഈ പരിപാടി ഏകോപിപ്പിച്ചത് പാപ്പായുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനായ കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്കിയും റോമിലെ സാൻ കാർളോ ദി നാൻസി ഹോസ്പിറ്റലിലെ ഡോക്ർമാരും ചേർന്നാണ്.
വത്തിക്കാന്റെ ചത്വരത്തിലെ ഇടതു വശത്തുള്ള തൂണുകളോടു ചേർന്നാണ് മൊബൈൽ ക്ലിനിക് സ്ഥാപിച്ചിരുന്നത്. ഹൃദയത്തിന്റെയും പൊതുവായ ആരോഗ്യത്തിന്റെ പരിശോധനയും നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. തിബേരിയ ഹോസ്പിറ്റലും, ഇറ്റാലിയൻ ഹാർട്ട് ഫൗണ്ടേഷനും ഈ സംരംഭത്തിൽ പങ്കാളികളാണ്. ശരിയായ അനുദിന ജീവിതചര്യകളെയും തുടർച്ചയായ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുള്ള ബോധവൽക്കരണവും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഹൃദ്രോഗ സംബന്ധിയായ രോഗങ്ങളാണ് ഇറ്റലിയിലെ മരണങ്ങൾക്ക് പ്രധാന കാരണം. ഇറ്റലിയിൽ 35% മരണങ്ങളും ഹൃദ്രോഗ മരണങ്ങളാണ്. സ്ത്രീകളാണ് (38.8%) പുരുഷന്മാരേക്കാൾ(32 .5%.) രോഗികളായി മാറുന്നത്. തെരുവിൽ താമസിക്കുന്നവർക്ക് പ്രത്യേകിച്ച് മറ്റു ആരോഗ്യ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ ഹൃദ്രോഗ ശതമാനം ഗണ്യമായി വർദ്ധിച്ചു വരുന്നതായാണ് കണ്ടു വരുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.