കാന്‍സര്‍ സൗഖ്യമാക്കിയ വിസ്‌കോണ്‍സിന്നിലെ മാതാവ്
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
തന്റെ കൊച്ചുമക്കളോടൊത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു അമേരിക്കയിലെ റീഡ്‌സ് വില്ലെയില്‍ ജനിച്ച നാന്‍സി ഫോയ്റ്റിക്. പ്രശാന്തപൂര്‍ണ്ണമായ തന്റെ ജീവിതസായാഹ്നത്തിനു വിരാമമിട്ടുകൊണ്ട് ഡോക്ടര്‍മാര്‍ വിധിയെഴുതി. സ്‌റ്റേജ് നാലിലെത്തിയിരുന്നു വന്‍കുടലിനെ ബാധിച്ച അര്‍ബുദം.
ഇരു ശ്വാസകോശങ്ങളിലേക്കും അത് വ്യാപിച്ചതോടെ തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് നാന്‍സി മനസ്സിലാക്കി. പ്രത്യാശ കൈവെടിഞ്ഞപ്പോഴാണ് അത്ഭുതങ്ങളുടെ താഴ്‌വരയായ വിസ്‌കോണ്‍സിന്നിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ഹെല്‍പിനെക്കുറിച്ച് അറിയുന്നത്. കുടുംബാംഗങ്ങളോടൊപ്പം ദേവാലയത്തില്‍ എത്തിയ നാന്‍സി തന്റെ രോഗസൗഖ്യത്തിനായി പരി. കന്യകയുടെ മാദ്ധ്യസ്ഥ സഹായം യാചിച്ചു. പ്രാര്‍ത്ഥനാമദ്ധ്യെ ഒരു സ്വരം അവരോട് മന്ത്രിച്ചു. നീ പൂര്‍ണ്ണമായും സുഖപ്പെടും. ഉറച്ച കാല്‍വയ്പ്പുകളോടെ അവര്‍ ഭവനത്തിലേയ്ക്ക് മടങ്ങി.
മെഡിക്കല്‍ പരിശോധനകള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു നാന്‍സി അര്‍ബുദമോചിതയായെന്ന്. നാഷണല്‍ ഷ്രൈന്‍ ഓഫ് ഔര്‍ ഹെല്‍പ് എന്ന മരിയന്‍ ദേവാലയത്തില്‍ ദിനംതോറും സംഭവിക്കുന്ന രോഗസൗഖ്യങ്ങളില്‍ ഒന്നുമാത്രമാണിത്. 1859ല്‍ ബെല്‍ജിയന്‍ വനിതയായ അഡിലി ബ്രിസിയുടെ മുന്നില്‍ പരി. കന്യക മൂന്നു തവണ പ്രത്യക്ഷപ്പെടുന്നു. രണ്ടു വൃക്ഷങ്ങള്‍ക്കിടയിലായി സുവര്‍ണ്ണ ശോഭയോടെ തൂവെള്ള വസ്ത്രം ധരിച്ച് നക്ഷത്രങ്ങളുടെ കിരീടം ചൂടി കാണപ്പെട്ട പരി. കന്യക അഡിലിയോട് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: “ഞാന്‍ സ്വര്‍ഗ്്ഗത്തിലെ റാണിയാണ്, പാപികളുടെ മാനസാന്തരത്തിനു വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്.”
പരി. കന്യകയുടെ നിര്‍ദേശപ്രകാരം അഡിലി സമീപവാസികളായ ബാലികാബാലന്‍മാരെ ഒരുമിച്ചുകൂട്ടി വിശ്വാസപരിശീലനം നല്‍കി. പിന്നീട് മാതാവ് പ്രത്യക്ഷപ്പെട്ട അതേ സ്ഥലത്ത് ഈ മരിയന്‍ ദേവാലയം നിര്‍മ്മിച്ചു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ 2010 ഡിസംബറില്‍ കത്തോലിക്കാ സഭ മരിയന്‍ പ്രത്യക്ഷീകരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2016ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ് , നാഷണല്‍ ഷ്രൈന്‍ എന്ന പദവിയിലേക്ക് ഈ ദേവാലയത്തെ ഉയര്‍ത്തി. അഡിലി ബ്രിസി തുടക്കം കുറിച്ച നൂറ്റിയമ്പതു വര്‍ഷങ്ങള്‍ പിന്നിട്ട ഈ പ്രാര്‍ത്ഥനാനുഭവത്തില്‍ പങ്കുകാരായത് നിരവധി വിശ്വാസികളാണ്. ഗ്രീന്‍ ബെ എന്ന റോമന്‍ കത്തോലിക്ക രൂപതയിലാണ് ഈ മരിയന്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.