ന്യൂനപക്ഷ ക്ഷേമം: മെത്രാന്മാർ മുഖ്യമന്ത്രിക്കു ഭീമഹർജി സമർപ്പിച്ചു
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നും കാർഷികപ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു മെത്രാന്മാർ മുഖ്യമന്ത്രിക്കു ഭീമഹർജി സമർപ്പിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ഭീമഹർജി സമർപ്പിച്ചത്.
കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി പ്രതിവർഷം 4,700കോടി രൂപയിലധികം ചെലവഴിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളിലൊന്നായ ക്രൈസ്തവർക്കു ലഭിക്കുന്നില്ല. ഇതിനു മാറ്റമുണ്ടായി തുല്യനീതി ഉറപ്പാക്കണമെന്നു മെത്രാന്മാർ ആവശ്യപ്പെട്ടു.
മലയോര മേഖലയിലെയും കുട്ടനാട്ടിലെയും കാർഷികമേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കാണണം. സാമ്പത്തിക സംവരണത്തിനു കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു പുനർനിർണയിച്ച് ഉടൻ നടപ്പിലാക്കണം. നിലവിലെ പിഎസ്സിവിജ്ഞാപനങ്ങളിൽ ഭേദഗതി വരുത്തി സാമ്പത്തിക സംവരണം കൂടി ഉൾച്ചേർക്കണമെന്നും മെത്രാന്മാർ അഭ്യർഥിച്ചു.
കാർഷിക കടങ്ങൾ എഴുതിത്തള്ളുക, റബറിന് 250രൂപ താങ്ങുവില നിശ്ചയിക്കുക, റബറിന്റെയും ഏലം കുരുമുളക് തുടങ്ങിയ നാണ്യ വിളകളുടെയും വില സ്ഥിരത ഉറപ്പാക്കുക, കർഷക പെൻഷൻ പദ്ധതി ഉടൻ നടപ്പിലാക്കുക, നിലം- പുരയിടം, തോട്ടം-പുരയിടം നിർണയത്തിലെ അപാകത പരിഹരിക്കുക,കുട്ടനാട്ടിലെ കർഷകർക്കു സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുക, വിശാല കുട്ടനാടിനായി വികസന അഥോറിറ്റി സ്ഥാപിക്കുക, കൊയ്ത്ത് – മെതിയന്ത്രങ്ങൾ ലഭ്യമാക്കുക, ജലാശങ്ങളുടെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.