സാത്താന്‍ സഭയുടെ സ്ഥാപകന്‍ ഇന്ന് യേശുവിന്റെ അനുയായി
ടെക്‌സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനാണ് മക്-കെല്‍വി. എന്നാല്‍ ഇന്ന് സാത്താന്റെ സാമ്രാജ്യം ദൈവരാജ്യത്തിന് മേല്‍ പ്രബലപ്പെടുകയില്ല എന്നതിന് ഉത്തമസാക്ഷ്യമായി മാറുകയാണ് ഇദ്ദേഹത്തിന്റെ ജീവിതം. 2017 ഫെബ്രുവരി മാസത്തിലാണ് ക്രിസ്തുവിനായി തന്റെ ജീവിതം സമര്‍പ്പിച്ച് മക്-കെല്‍വി ക്രൈസ്തവവിശ്വാസം സ്വീകരിച്ചത്. ഒരു കാലത്ത് താന്‍ ആരംഭിച്ച സാത്താന്‍ സഭയിലേക്ക് അനേകരെ സ്വീകരിച്ച മക്-കെല്‍വി ഇന്ന് അനേകായിരങ്ങള്‍ക്ക് ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് ജീവിതം ധന്യമാക്കുകയാണ്.
2015 ഒക്ടോബര്‍ 30 നായിരുന്നു ലൂസിഫേറിയന്‍ സഭ എന്ന കൂട്ടായ്മയ്ക്ക് മക്-കെല്‍വി രൂപം കൊടുത്തത്. തിന്മയുടെ ശക്തിയായിരുന്ന ലൂസിഫറിനെ ആരാധിച്ചിരുന്നവരെ ഒരുമിപ്പിച്ചുകൊണ്ടാണ് ലൂസിഫേറിയന്‍ സഭ രൂപമെടുത്തത്. പെട്ടെന്നുണ്ടായ സഹോദരിയുടെ മരണവും പണത്തോടും അധികാരത്തോടുമുള്ള ആഭിമുഖ്യവുമാണ് മക്-കെല്‍വിയെ സാത്താന്‍ ആരാധനയിലേക്ക് നയിച്ചത്. വളരെ വേഗത്തിലായിരുന്നു വീടിന്റെ കാര്‍പോര്‍ച്ചില്‍ തുടങ്ങിയ സാത്താനിക സഭയുടെ വളര്‍ച്ച.
തിന്മയുടെ ശക്തിയിലേക്ക് അതിവേഗം സ്വാധീനിക്കപ്പെട്ട മക്-കെല്‍വി അനേകരെ സാത്താന്‍ സഭയിലേക്ക് ക്ഷണിച്ചു. ‘നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ദൈവം’ എന്ന സാത്താന്‍ ആരാധകരുടെ വാക്കുകളായിരുന്നു അക്കാലത്ത് തന്നെ സ്വാധീനിച്ചിരുന്നതെന്ന് മക്-കെല്‍വി പറയുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ താന്‍ ചെയ്യുന്നത് വലിയ തെറ്റാണെന്നുള്ള ചിന്ത അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഒരു ക്രൈസ്തവദേവാലയത്തില്‍ പോകാന്‍ അദ്ദേഹത്തിന്റെ ഹൃദയം അതിയായി ആഗ്രഹിച്ചുതുടങ്ങി. ഹൃദയത്തില്‍ ഉടലെടുത്ത ആഗ്രഹത്തെ അദ്ദേഹം വേണ്ടെന്നുവെച്ചില്ല. താമസിയാതെ തന്നെ മക്-കെല്‍വി സ്പ്രിംഗ് ഫസ്റ്റ് ദേവാലയത്തിലെത്തി. തുടര്‍ന്ന് നിരവധി വചനപ്രഘോഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം ക്രിസ്തുവിനു മുമ്പില്‍ തന്റെ ജീവിതം സമര്‍പ്പിച്ചു.
ക്രിസ്തുവിനെ അറിഞ്ഞതിന് ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷവും ശക്തിയും വിവരിക്കാനാവാത്തതാണെന്നു മക്-കെല്‍വി തുറന്നു പറയുന്നു. ടെക്‌സാസിലെ വിവിധ ദേവാലയങ്ങളില്‍ പോയി ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രഘോഷിക്കുകയാണ് മക്-കെല്‍വി. ദൈവത്തില്‍ നിന്നും എത്രമാത്രം അകലെയാണെങ്കിലും ദൈവത്തിന്റെ അചഞ്ചലസ്‌നേഹം തിരിച്ചറിഞ്ഞ് ക്രിസ്തുവിലേക്ക് തിരികെ എത്തുവാന്‍ തന്റെ ജീവിതസാക്ഷ്യം അനേകര്‍ക്കു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.