മേയ് മാസത്തില്‍ ദിവസേന ചൊല്ലാന്‍ മാര്‍പാപ്പാ നല്കിയ പ്രാര്‍ത്ഥന
ഒന്നാം പ്രാര്‍ത്ഥന
ഓ മറിയമേ, രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ഈ യാത്രയില്‍ എപ്പോഴും അങ്ങ് പ്രകാശിക്കുന്നുവല്ലോ. കുരിശിന് ചുവട്ടില്‍ യേശുവിന്റെ പീഡകളുമായി ഐക്യപ്പെടുകയും വിശ്വാസ സ്ഥിരത പാലിക്കുകയും ചെയ്ത രോഗികളുടെ ആരോഗ്യമായ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങളെ തന്നെ ഭരമേല്പിക്കുന്നു.
റോമന്‍ ജനതയുടെ സംരക്ഷകയായ മാതാവേ, ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഗലീലിയിലെ കാനായില്‍ അങ്ങ് ചെയ്തതു പോലെ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം അങ്ങ് നല്‍കുമെന്നും ഈ പരീക്ഷണത്തിന് ശേഷം സന്തോഷവും ആഘോഷവും വീണ്ടും വരുമെന്നും അമ്മേ, ഞങ്ങള്‍ അറിയുന്നു.
ദിവ്യസ്നേഹിത്തിന്റെ മാതാവേ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് അനുരൂപരായിരിക്കാനും യേശു ഞങ്ങളോട് പറയുന്നത് ചെയ്യാനും ഞങ്ങളെ സഹായിക്കണമേ. കുരിശിലൂടെ ഞങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ ആന്ദനം നല്കുവാനായി യേശു ഞങ്ങളുടെ കഷ്ടപ്പാടുകള്‍ തന്റെ മേല്‍ ഏറ്റെടുക്കുകയും ഞങ്ങളുടെ ദുഖങ്ങളാല്‍ ഭാരപ്പെടുകയും ചെയ്തുവല്ലോ. ആമ്മേന്‍.
ഓ പരിശുദ്ധയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കരുതേ. എല്ലാ അപകടങ്ങളില്‍ നിന്നും എപ്പോഴം ഞങ്ങളെ കാത്തു പാലിക്കണമേ, മഹത്വപുര്ണയും അനുഗ്രഹീതയുമായ കന്യകേ.
രണ്ടാം പ്രാര്‍ത്ഥന
ഓ ദൈവത്തിന്റെ മാതാവേ, ഞങ്ങള്‍ അങ്ങയുടെ സംരക്ഷണം തേടി ഓടിയണയുന്നു. ഈ ദുരന്തപൂര്‍ണമായ അവസ്ഥയില്‍ ലോകം മുഴുവനും യാതനകള്‍ക്കും ആകുലതയ്ക്കും ഇരയായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ദൈവത്തിന്റെയും ഞങ്ങളുടെയും മാതാവേ, ഞങ്ങള്‍ അങ്ങേ പക്കലേക്ക് ഓടി വരുകയും അങ്ങയുടെ സംരക്ഷണത്തില്‍ അഭയം തേടുകയും ചെയ്യുന്നു.
കന്യാമറിയമേ, ഈ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ മധ്യേ അങ്ങയുടെ കരുണാപൂര്‍ണമായ കണ്ണുകള്‍ ഞങ്ങളുടെ നേര്‍ക്കു തിരിക്കണമേ. മനസ്സു തകര്‍ന്നവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും വേണ്ടവിധം പ്രിയപ്പെട്ടവരുടെ സംസ്കാരം നടത്താന്‍ സാധിക്കാതെ ദുഖിക്കുന്നവരെയും അവിടുന്ന് ആശ്വസിപ്പിക്കണമേ. കൊറോണാ രോഗം ബാധിച്ച പ്രിയപ്പെട്ടവരെയോര്‍ത്ത് ആകുലപ്പെടുന്നവര്‍ക്കും രോഗവ്യാപനം തടയുന്നതിനായി അവരോടൊപ്പം ആയിരിക്കാന്‍ സാധിക്കവര്ക്കും അങ്ങയുടെ സ്നേഹസാമീപ്യം അരുളണമേ. ഭാവിയുടെ അനിശ്ചിതത്വമോര്‍ത്തും സാമ്പത്തികപ്രയാസങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ചും പ്രായസപ്പെടുന്നവരെയും പ്രത്യാശ കൊണ്ട് നിറയ്ക്കണമേ.
ദൈവത്തിന്റെയും ഞങ്ങളുടെയും മാതാവേ, ഈ വലിയ സഹനം അവസാനിക്കുന്നതിനും പ്രത്യാശയും ശാന്തിയും വീണ്ടും പുലരുന്നതിനും വേണ്ടിയും ഞങ്ങള്‍ക്കു വേണ്ടിയും കരുണയുടെ പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ. കാനായില്‍ അങ്ങ് ചെയ്തതു പോലെ, രോഗികളുടെയും ഇരകളുടെയും കുടുംബാംഗങ്ങളും സമാശ്വസിക്കപ്പെടുന്നതിനു വേണ്ടിയും അവരുടെ ഹൃദയങ്ങള്‍ വിശ്വാസവും ശരണവും കൊണ്ടു നിറയാന്‍ അങ്ങയുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
ഈ അടിയന്തര സാഹചര്യത്തില്‍ സ്വന്തം സുരക്ഷ പോലും നോക്കാതെ മുന്നില്‍ നിന്നു പോരാടുന്ന നഴ്സുമാരെയും ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പ്രയത്നങ്ങളെ പിന്തുണയ്ക്കുകയും അവര്‍ക്ക് ശക്തിയും ഔദാര്യവും ആരോഗ്യവും പ്രദാനം ചെയ്യുകയും ചെയ്യണമേ.
രോഗികളെ രാവും പകലും ശുശ്രൂഷിക്കുന്നവരെയും സുവിശേഷത്തോടുള്ള വിശ്വസ്തതയെ പ്രതി അജപാലദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരെയും അവിടുത്തെ സാമീപ്യം കൊണ്ട് അനുഗ്രഹിക്കണമേ.
പരിശുദ്ധ കന്യകേ, ഈ വൈറസിനെ കീഴടക്കുന്നതിനായുള്ള മരുന്ന് കണ്ടെത്തുവാന്‍ വേണ്ടി ശാസ്ത്രീയമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ.
ദേശീയ നേതാക്കളെ അങ്ങയുടെ ജ്ഞാനത്താല്‍ ശക്തിപ്പെടുത്തണമേ. അങ്ങനെ അവര്‍ ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവരുടെ സഹായത്തിനെത്തുകയും സാമൂഹികവും സാമ്പത്തികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യട്ടെ.
ഏറ്റവും പരിശുദ്ധയായ മറിയമേ, ആയുധനിര്‍മാണത്തിനായി മാറ്റിവച്ചിരിക്കുന്ന വലിയ ധനശേഖരം ഗവേഷണത്തിനായി ഉപയോഗിക്കുന്നതിനും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുമായി പ്രയോജനപ്പെടുത്താനും അവരെ പ്രചോദിപ്പിക്കണമേ.
പ്രിയപ്പെട്ട മറിയമേ, നാമെല്ലാവരും വലിയൊരു കുടുംബത്തിലെ അംഗങ്ങളാണെന്നും മനുഷ്യര്‍ എല്ലാവരും ഒന്നാണെന്നും തിരിച്ചറിഞ്ഞ് സാഹോദര്യത്തിലും ഐക്യത്തിലും പുലരാനും ദാരിദ്ര്യത്തിന് പരിഹാരം കാണാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും പ്രാര്‍ത്ഥനയിലും ശുശ്രൂഷയിലും സ്ഥിരത നല്‍കുകയും ചെയ്യണമേ.
വേദനിക്കുന്നവരുടെ സമാശ്വാസമായ മറിയമേ, ദുരിതം അനുഭവിക്കുന്ന അങ്ങയുടെ എല്ലാ മക്കളെയും ആശ്ലേഷിക്കുകയും ദൈവം തന്റെ സര്‍വശക്തമായ കരം നീട്ടി ഈ ഭയാനകമായ പകര്‍ച്ചവ്യാധിയില്‍ നിന്ന് ഞങ്ങളെ മോചിപ്പിച്ച് ജീവിതം സ്വച്ഛമായും സാധാരണമായും മുന്‍പത്തെ പോലെ ഒഴുകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ.
ഞങ്ങളുടെ ഈ ജീവിതയാത്രയില്‍ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായ പ്രകാശിക്കുന്ന അമ്മേ, ഞങ്ങളെ മുഴുവനായും അങ്ങയുടെ തൃക്കരങ്ങളില്‍ ഞങ്ങള്‍ ഭരമേല്പിക്കുന്നു. ഓ കരുണാര്‍ദ്രയും, സ്നേഹമയിയും മാധുര്യപൂര്‍ണയുമായ മറിയമേ. ആമ്മേന്‍.
(പരിഭാഷപ്പെടുത്തിയത് അഭിലാഷ് ഫ്രേസര്‍)