മാധ്യമങ്ങളിലൂടെ മരിയഭക്തി പ്രചരിപ്പിച്ച വി. മാക്‌സ്മില്ല്യന്‍ കോള്‍ബെ
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
ഞാന്‍ എന്തായി തീരണമെന്ന് ദൈവമാതാവിനോട് ചോദിച്ചപ്പോള്‍ രണ്ടു കീരീടവുമായി അമ്മ എന്റെ അടുത്തേക്ക് വന്നു. അതില്‍ ഒരെണ്ണത്തിന് ചുവപ്പും മറ്റേതിന് വെള്ളനിറവും ആയിരുന്നു. വെള്ളനിറം വിശുദ്ധിയെയും ചുവപ്പ് രക്തസാക്ഷിത്വത്തെയും സൂചിപ്പിച്ചിരുന്നു. അവയില്‍ ഏതു തിരഞ്ഞെടുക്കുമെന്ന് അമ്മ എന്നോട് ചോദിച്ചു. രണ്ടും സന്തോഷത്തോടെ സ്വീകരിക്കാമെന്ന് ഞാന്‍ മറുപടി നല്‍കി’
പരി. കന്യകാ മാതാവിനോടുള്ള തീവ്രഭക്തിയില്‍ കുട്ടിക്കാലം മുതല്‍ വളര്‍ന്നുവന്ന വിശുദ്ധനാണ് മാക്‌സ് മില്ല്യന്‍ കോള്‍ബെ. വെറും പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ആണ് അദ്ദേഹത്തിന് പരി. അമ്മയുടെ ദര്‍ശനങ്ങള്‍ സംഭവിക്കുന്നത്. പിന്നീട് സെമിനാരിയില്‍ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ച കോള്‍ബെ തന്റെ ഇരുപത്തിനാ ലാം വയസ്സില്‍ ഒരു കത്തോലിക്കാ വൈദികനായി തീര്‍ന്നു. മാധ്യമങ്ങളിലൂടെ മരിയഭക്തി പ്രചരിപ്പിക്കാനും സുവിശേഷവേല ചെയ്യാനുമാണ് അദ്ദേഹം ആഗ്രഹി ച്ചത്. അതിനായി ഇമ്മാക്കുലേറ്റ് എന്ന പേരില്‍ ഒരു ദിനപത്രവും ഒപ്പം ഒരു മാസികയും അച്ചടിക്കാന്‍ ആരംഭിച്ചു. ദശലക്ഷം പേര്‍ അവയുടെ വരിക്കാര്‍ ആകാന്‍ മുന്നോട്ട് വന്നു. തുടര്‍ന്ന് സ്വന്തമായൊരു റേഡിയോ നിലയത്തിലൂടെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കടന്നുവന്നു. 800 വൈദികര്‍ താമസിച്ചിരുന്ന ഒരു ആശ്രമത്തിന്റെ നിര്‍മ്മാണചുമതലയും അദ്ദേഹത്തിനായിരുന്നു. ആ കാലഘട്ടത്തെ ഏറ്റവും വലിയ ആശ്രമവും അത് തന്നെയായിരുന്നു.
അക്കാലത്താണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ഹിറ്റ്‌ലറിന്റെ ഭരണകൂടം ശക്തിയാര്‍ജ്ജിച്ചു വരുന്ന സമയം. കോള്‍ബെയും മറ്റു ചില വൈദികരെയും നാസിപട്ടാളം തടവില്‍ പാര്‍പ്പിച്ചു. സഹതടവുകാര്‍ക്ക് ആശ്വാസമായി എല്ലാ ദിവസവും അദ്ദേഹം അവിടെ ദിവ്യബലി അര്‍പ്പിച്ചിരുന്നു. ഒരിക്കല്‍ ചില തടവുകാര്‍ ജയിലില്‍ നിന്ന് ഒളിച്ചോടി. അവര്‍ക്കു പരിഹാരമായി നിരപരാധികളായ, ശേഷിച്ച തടവുകാരില്‍ ചിലരെ വധശിക്ഷയ്ക്ക് വിധിക്കാന്‍ നാസികള്‍ തീരുമാനിച്ചു. അവരുടെ കൂടെ മരിക്കാന്‍ കോള്‍ബെ സ്വയം തയ്യാറായി. അവര്‍ അദ്ദേഹത്തെ രണ്ട് ആഴ്ച യോളം ഭക്ഷണവും വെള്ളവുമില്ലാതെ, വായുസഞ്ചാരമില്ലാത്ത ഇരുട്ടറയില്‍ പൂട്ടിയിട്ടു. എന്നാല്‍ മറ്റുള്ളവര്‍ മരണപ്പെട്ടിട്ടും അദ്ദേഹം മരിക്കുന്നില്ലെന്ന് കണ്ട നാസികള്‍, വിഷമരുന്ന് കുത്തിവെച്ച് അദ്ദേഹത്തെ കൊല ചെയ്യുകയായിരുന്നു.
1982ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാക്‌സ്മില്ല്യന്‍ കോള്‍ബെയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി ക്ലേശകരമായ ഈ നൂറ്റാണ്ടില്‍ ജീവിച്ച ധീര രക്തസാക്ഷിയും പുണ്യവാളനുമാണ് അദ്ദേഹമെന്നും പാപ്പാ വിശേഷിപ്പിച്ചു. മരിയഭക്തിയില്‍ സദാ ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വി. മാക്‌സ്മില്ല്യന്‍ കോള്‍ബെയെ പത്രപ്രവര്‍ത്തകരുടെയും, കുടുംബങ്ങളുടെയും മധ്യസ്ഥനായി കത്തോലിക്കാ സഭ കണക്കാക്കുന്നു.