വി. മറിയം ത്രേസ്യയുടെ കബറിട ദേവാലയത്തില്‍ കൃതജ്ഞാബലി അര്‍പ്പിച്ചു
വി. മറിയം ത്രേസ്യയുടെ കബറിട ദേവാലയാങ്കണത്തിൽ കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും വിശ്വാസിസഹസ്രങ്ങൾ. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ദേശീയതല കൃതജ്ഞതാഘോഷത്തിനു ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനെയും കർദിനാൾമാരെയും ബിഷപ്പുമാരെയും വൈദികസന്യസ്തരെയും വിശ്വാസികളെയും ഇന്നലെ കുഴിക്കാട്ടുശേരി വരവേറ്റു. കൃതജ്ഞതാബലിക്കു മുന്നോടിയായുള്ള പ്രദക്ഷിണം രണ്ടുമണിയോടെ ആരംഭിച്ചു. കർദിനാൾമാരും ആർച്ച്ബിഷപ്പുമാരും 30 മെത്രാന്മാരും 300 വൈദികരും മറിയം ത്രേസ്യ നഗറിലെ പ്രധാന ബലിപീഠത്തിലേക്കു പ്രദക്ഷിണമായി നീങ്ങി.
ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ കൈമാറിയ തിരുശേഷിപ്പ് പേടകം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധയുടെ തിരുസ്വരൂപത്തിനരികിൽ തയാറാക്കിയ പീഠത്തിൽ സ്ഥാപിച്ചു. ദിവ്യബലിക്കു മുന്നോടിയായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സ്വാഗതമാശംസിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൃതജ്ഞതാബലിക്ക് മുഖ്യകാർമികനായി. സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, അപ്പസ്തോലിക് നൂണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജോർജ് പാനികുളം എന്നിവരോടു ചേർന്ന് ദിവ്യബലിയിൽ ആർച്ച്ബിഷപ്പുമാരും ബിഷപ്പുമാരുമായി 30 പേർ സഹകാർമികത്വം വഹിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകി. സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ അർപ്പിച്ച ദിവ്യബലിയിൽ സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാർഥനകളും ഗീതങ്ങളും ഉണ്ടായിരുന്നു. വചനവായനകളും ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായിരുന്നു.