ജീവന്‍ പണയം വച്ച് കുമ്പസാര രഹസ്യം സൂക്ഷിച്ച വൈദികര്‍
വൈദികര്‍ കുമ്പസാര രഹസ്യം മറ്റാരോടും വെളിപ്പെടുത്തരുതെന്നാണ് തിരുസഭ പഠിപ്പിക്കുന്നത്. ദൈവത്തോടെന്ന പോലെ പരമരഹസ്യമായി ഏറ്റു പറയുന്ന കുമ്പസാരം ഒരു വൈദികനും അങ്ങനെ വെളിപ്പെടുത്തുകയില്ലെന്നും വിശ്വാസികള്‍ വിശ്വസിക്കുന്നു. കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വേണ്ടി സ്വന്ത ജീവന്‍ പോലും അപകടത്തിലാക്കിയവരുണ്ട് കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍. അവരില്‍ ചിലരെ പരിചയപ്പെടുന്നു.
വി. ജോണ്‍ നെപ്പോമുസീന്‍
ചെക്കോസ്ലാവാക്യയിലെ ബൊഹീമിയയില്‍ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വൈദികനായിരുന്നു ജോണ്‍ നെപ്പോമുസീന്‍. കുമ്പസാര രഹസ്യം വെളിപ്പെടുന്നതിനേക്കാള്‍ ഭേദം മരണം വരിക്കുന്നതാണെന്ന് വിശ്വസിച്ച ജോണ്‍ നെപ്പോമുസീന്‍ രക്തസാക്ഷിയായി. പ്രേഗ് അതിരൂപതയില്‍ വികാരി ജനറാലായിരുന്ന കാലത്ത് വെന്‍സെസ്ലാവൂസ് രാജാവിന്റെ പത്‌നിയുടെ കുമ്പസാരക്കാരനായിരുന്നു, ജോ ണ്‍. ക്ഷിപ്രകോപിയും അസൂയാലുവുമായിരുന്ന രാജാവ് ജോണ്‍ അച്ചനോട് തന്റെ ഭാര്യ കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അച്ചന്‍ വിസമ്മതിച്ചപ്പോള്‍ രാജാവ് വധഭീഷണി മുഴക്കി. തുടര്‍ന്ന്, അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഒരു കോണ്‍വെന്റിന്റെ സ്വത്ത് പിടിച്ചെടുത്ത് തന്റെ ഒരു ബന്ധുവിന് നല്‍കാന്‍ രാജാവ് കല്പിച്ചു. ആ സ്വത്ത് സഭയുടേതായതിനാല്‍ ജോണ്‍ നെപ്പോമുസീന്‍ ആ നടപടിയെ എതിര്‍ത്തു. ഇതില്‍ കോപിഷ്ഠനായ രാജാവ് ജോണ്‍ നെപ്പോമുസീനെ പീഡിപ്പിച്ചു കൊല്ലാനും ശരീരം വില്‍ടാവാ നദിയില്‍ എറിയാനും കല്‍പന പുറപ്പെടുവിച്ചു. 1393 ല്‍ വിശുദ്ധന്‍ മരണമടഞ്ഞു.
വി. മത്തേയോ കൊറെയാ മഗെല്ലാനസ്
മെക്‌സിക്കോകാരനായിരുന്ന മത്തേയോ കൊറെയാ മഗെല്ലാനസ് കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി മരണമടഞ്ഞ മറ്റൊരു രക്തസാക്ഷിയാണ്. 1866 ജൂലൈ 22 ന് സക്കാടെക്ക സ്റ്റേറ്റിലെ ടെപ്പചിറ്റ്‌ലാനില്‍ ജനിച്ച മത്തേയോ 1893 ല്‍ വൈദികനായി. നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗമായിരുന്ന മത്തേയോ നിരവധി പട്ടണങ്ങളില്‍ ചാപ്ലിനായി സേവനം ചെയ്തു. 1927 ല്‍ അദ്ദേഹത്തെ മെക്‌സിക്കന്‍ സൈന്യം അറസ്റ്റ് ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വെടിവച്ചു കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ട ഒരു സംഘത്തിന്റെ കുമ്പസാരം കേള്‍ക്കാന്‍ സൈനികത്തലവന്‍ ഫാ. മത്തേയോയെ അയച്ചു. കുമ്പസാരം കഴിഞ്ഞപ്പോള്‍, അതെല്ലാം തന്നോട് വെളിപ്പെടുത്താന്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുമ്പസാര രഹസ്യത്തിന്റെ പരിപാവനതയില്‍ വിശ്വസിച്ചിരുന്ന മത്തേയോ വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിനുള്ള ശിക്ഷയായി അദ്ദേഹം കൊല്ലപ്പെട്ടു. 2002 മെയ് 21 ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഫാ. ഫെലിപ്പി സിസാര്‍ പ്യൂഗ്
സ്പാനിഷ് സിവില്‍ യുദ്ധകാലത്ത് കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടി മരണം വരിച്ച മറ്റൊരു പുരോഹിതനാണ് വലെന്‍സിയക്കാരനായ ഫാ. ഫെലിപ്പി സിസാര്‍ പ്യൂഗ്. യുദ്ധം നടക്കുന്ന കാലത്ത്, റെവലൂഷനറി പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ ശക്തികളും രൂക്ഷമായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു. നിരവധി കത്തോലിക്കര്‍ കൊല്ലപ്പെട്ടു. 1936 ആഗസ്റ്റിന്റെ അന്ത്യത്തില്‍ ഫാ. ഫെലിപ്പി സിസാര്‍ തടവിലാക്കപ്പെട്ടു.
തടവറയില്‍ വച്ച് വെടിവച്ചു കൊല്ലാന്‍ വിധിക്കപ്പെട്ടിരുന്ന ആന്‍ഡ്രെസ് ഇവാര്‍സ് എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി ഫിലിപ്പി അച്ചനോട് തന്റെ കുമ്പസാരം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. കുമ്പസാരം കഴിഞ്ഞപ്പോള്‍ അതെല്ലാം തങ്ങളോട് വെളിപ്പെടുത്താന്‍ പട്ടാളക്കാര്‍ വൈദികനെ നിര്‍ബന്ധിച്ചു. ‘നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തു കൊള്ളുക. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനേക്കാള്‍ മരിക്കാന്‍ ഞാന്‍ തയ്യാറാണ്’ എന്ന് വൈദികന്‍ പറഞ്ഞു. ഇതില്‍ കുപിതരായ സൈനികര്‍ അദ്ദേഹത്തെയും ഫ്രാന്‍സിസ്‌കന്‍ സന്യാസിയെയും കാറില്‍ കയറ്റിക്കൊണ്ടു പോയി മറ്റൊരു സ്ഥലത്തു വച്ച് 1936 സെപ്തംബര്‍ 8 ാം തീയതി വെടിവച്ചു കൊന്നു.
ഫാ. ഫെര്‍ണാന്‍ഡോ ഒള്‍മെഡോ റെഗുവേര
സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് മരണമടഞ്ഞ മറ്റൊരു വൈദികനാണ് ഫെര്‍ണാന്‍ഡോ ഒള്‍മെഡോ റെഗുവേര. 1873 ജനുവരി 10 ന് ജനിച്ച ഫെര്‍ണാന്‍ഡോ ഒള്‍മെഡോ 1904 ജൂലൈ 31 ന് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന് വൈദികനായി. 1936 വരെ പ്രൊവിന്‍ഷ്യാള്‍ സെക്രട്ടറി ആയിരുന്ന ഫെര്‍ണാന്‍ഡോ വൈകാതെ അറസ്റ്റ് ചെയ്തു തടവിലാക്കപ്പെട്ടു. സഹതടവുകാരുടെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അധികാരികളില്‍ നിന്ന് ഫെര്‍ണാന്‍ഡോ അച്ചന് കടുത്ത സമ്മര്‍ദമുണ്ടായി. എന്നാല്‍ ഫാ. ഫെര്‍ണാന്‍ഡോ വഴങ്ങിയില്ല. അതില്‍ രോഷം പൂണ്ട അധികാരികള്‍ 1936 ആഗസ്റ്റ് 12 ന് അദ്ദേഹത്തെ വെടിവച്ചു കൊന്നു. 2013 ഒക്ടോബര്‍ 13 ന് അദ്ദേഹം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.