ഒരു ഉത്തമ മരിയദാസന്റെ സല്‍ഗുണങ്ങളും സുകൃതങ്ങളും

~ തോമസ് അക്കെമ്പിസ്  ~

മറിയത്തിന് പ്രസാദകരമായ സുകൃതങ്ങള്‍ ചെയ്യാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ എളിമ, ക്ഷമ, ശുദ്ധത, അടക്കം, വിനയം, തീക്ഷണത എന്നിവ പരിശീലിക്കുക. ബാഹ്യകാര്യങ്ങള്‍ അത്ര ശ്രദ്ധിക്കാതെ ആന്തരികമായി ജീവിക്കുക. എഴുത്ത്, വായന തുടങ്ങിയ ജോലികളില്‍ സദാ ഏര്‍പ്പെട്ടു കൊള്ളുക. എന്നാല്‍ അവയിലെല്ലാം നിരന്തരം പ്രാര്‍ത്ഥിക്കാന്‍ നീ ഒരിക്കലും വിസ്മരിക്കരുത്. മരിയ സ്തുതിക്കുള്ള ഭക്ത കൃത്യങ്ങള്‍ ദീര്‍ഘവും ശ്രമകരവുമായി നിനക്ക് തോന്നരുത്. പ്രത്യുത സര്‍വദാ ആനന്ദപൂര്‍ണവും സന്തോഷകരവും ഉന്മേഷ ഭരിതവും ആയിരിക്കണം.

ഹൃദയം കൊണ്ടും മനസ്സു കൊണ്ടും ഈ മഹാരാജ്ഞിക്ക് ശുശ്രൂഷ ചെയ്യുന്നത് ഭക്തിപരവും രക്ഷാകരവുമായ ഒരു സല്‍കൃത്യമാണ്. സ്‌നേഹത്തോടും സ്വാതന്ത്ര്യത്തോടും ഭക്തിപൂര്‍വം സമര്‍പ്പിക്കുന്ന ഏറ്റം വിനീതമായ കാഴ്കള്‍, അത്യന്തം ആഡംബരത്തോടു കൂടെ സമര്‍പ്പിക്കുന്നവ പോലെ അവള്‍ക്ക് പ്രീതികരങ്ങളാണ്.
നമുക്ക് നല്‍കാന്‍ കഴിയുന്നത് എത്ര അല്പമെന്നവള്‍ക്ക് അറിയാം. അസാധ്യകാരങ്ങള്‍ കുഞ്ഞു മക്കളില്‍ നിന്ന് അവള്‍ പ്രതീക്ഷിക്കുന്നില്ല. കാരുണ്യപൂര്‍വം ഭരിക്കുന്ന മഹാരാജ്ഞി സര്‍വോപരി അമ്മയാണ്. കരുണാനിധിയായ ഈശോയെ ലോകത്തിന് നല്‍കിയ ഈ അമ്മയുടെ മുഖ്യമായ കര്‍ത്തവ്യം അല്പന്മാരോടും അഗതികളോടും സഹതാപം പ്രദര്‍ശിപ്പിക്കുക എന്നതാകുന്നു. ആകയാല്‍ ഈശോയെ വിളിച്ചപേക്ഷിക്കാന്‍ ശീലിക്കുക. എന്നാല്‍ ആത്മാവിനും ശരീരത്തിനുമടുത്ത സകല ആപത്തുകളിലും നിനക്ക് സഹായം ലഭിക്കും.

സുഖ സന്തോഷങ്ങളിലെല്ലാം ഈശോ നിന്റെ ഹൃദയത്തിലുണ്ടായിരിക്കട്ടെ. എന്നാല്‍ ദുഖ സങ്കടങ്ങള്‍ നിന്നെ വിഷാദിപ്പിക്കുകയില്ല.
നന്മ നിറഞ്ഞ മറിയമേ! എന്ന ജപം കൂടെക്കൂടെ ചൊല്ലുക. സന്തോഷവും സമാധാനവും അതില്‍ നീ കണ്ടെത്തും. സ്വര്‍ഗസ്ഥനായ എന്ന ജപത്തേക്കാള്‍ കൂടുതല്‍ മനോഹരമായ പ്രാര്‍ത്ഥന വേറെയില്ല. നന്മ നിറഞ്ഞ മറിയത്തെക്കാള്‍ മാധുര്യം നിറഞ്ഞതും മറ്റൊന്നില്ല.
മറിയത്തിന്റെ സന്നിധിയില്‍ നിന്ന് മാലാഖ പ്രാര്‍ത്ഥിച്ചതു പോലെ നീ പ്രാര്‍ത്ഥിക്കുക. വിശ്വസ്ത ഭൃത്യനെ പോലെ അധ്വാനിക്കുക. എന്നാല്‍ നിനക്ക് സ്വര്‍ഗത്തില്‍ സമ്മാനവും സ്ഥാനവും ലഭിക്കും.
പ്രാര്‍ത്ഥന കൊണ്ട് ആത്മാവിനെ പോഷിപ്പിക്കുവാനും ദൈവവചനമായ വേദവാക്യങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുവാനും അഭ്യസിച്ചിട്ടുള്ളവന് ഭക്തിമാന്ദ്യം ഒരിക്കലും ഉണ്ടാവുകയില്ല. ഹൃദയത്തിലും അധരങ്ങള്‍ കൊണ്ടും ഈശോ മറിയം എന്ന തിരുനാമങ്ങളെ വണങ്ങുവാന്‍ നിരന്തരം ഉത്സാഹിക്കുക.

എവിടെ പോയാലും എന്തെല്ലാം ചെയ്താലും ഈശോയോട് അപേക്ഷിക്കുക. മറിയത്തെ വിളിച്ചപേക്ഷിക്കുക. ജീവിത നിയമവും ആപ്തസഹായവുമെന്നവണ്ണം സദാ ചൊല്ലുക. കാര്‍ത്താവേ, അങ്ങേ തിരുസന്നിധിയിലേക്ക് എന്റെ കാലടികളെ നയിക്കുക (സങ്കീ. 5-8).
ഈശോയെയും മറിയത്തെയും ഹൃദയത്തില്‍ വഹിക്കുന്നവന്‍ സദാ നല്ലവണ്ണം അധ്വാനിക്കുകയും ഉചിതമായി പെരുമാറുകയും ചെയ്യും. ഈ രണ്ട് തിരുനാമങ്ങളും പാടുക. ഹൃദയത്തില്‍ പാടുക. നാവു കൊണ്ട് പാടുക. കൈകള്‍ കൊണ്ട് പാടുക.

നിന്റെ കണ്ണുകള്‍ അവയെ ആരായട്ടെ. നിന്റെ ഹൃദയം അവയില്‍ ആശ്രയിക്കട്ടെ. നിന്റെ കരങ്ങള്‍ അവയെ ആശ്ലേഷിക്കട്ടെ. നിന്റെ മുട്ടുകള്‍ അവയെ ആരാധിക്കട്ടെ.

ജപം

ഓ മറിയമേ! ഓ കരുണ നിറഞ്ഞ അമ്മേ! കഷ്ടതകളില്‍ ആശ്വാസമില്ലാതെ അലയുന്ന നിന്റെ ദാസനെ ആശ്ലേഷിച്ചു സ്വീകരിക്കണമേ. ഓ മഹാരാജ്ഞീ! എന്റെ വ്യസനത്തെ നിരീക്ഷിച്ച് ആശ്വാസ നിലയനമായ നിന്റെ വിമല ഹൃദയം എനിക്ക് നീ തുറന്നു തരേണമേ.
എന്റെ ദുരവസ്ഥ വിവരിച്ച് ഞാന്‍ അപേക്ഷിക്കുന്നു.അമ്മയ്ക്ക് എന്റെ മേല്‍ ദയ തോന്നുന്നതു വരെയും പ്രാര്‍ത്ഥന നിര്‍ത്തി ഞാന്‍ അമ്മയുടെ പക്കല്‍ നിന്ന് പോകയില്ല.
അമ്മേ! നിന്റെ അന്യാദൃശ്യമായ മാധുര്യഗുണമെനിക്കറിയാം. നിന്റെ അത്യല്‍കൃഷമായ ഹൃദയത്തിലെ മാതൃസ്‌നേഹത്തിന്റെ ജ്വാലകളും ഞാന്‍ കാണുന്നുണ്ട്. എന്റെ ശരണത്തെ ആകര്‍ഷിക്കുന്നതിനും ദൃഢമാക്കുന്നതിനുമാണ് അതില്‍ നിന്ന് സ്‌നേഹധാര വഴിഞ്ഞൊഴുകുന്നതെന്നും എനിക്ക് ബോധ്യമുണ്ട്.
ഓ എന്റെ അമ്മേ! ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു.
സുഖത്തിലും ദുഖത്തിലും നിന്റെ ജാഗ്രതയുള്ള മാതൃസംരക്ഷണം എനിക്ക് വേണം. അമ്മേ! നീ ചൊല്ലിത്തരുന്ന ആശ്വാസ വചനങ്ങള്‍ സശ്രദ്ധം ഞാന്‍ കേട്ടു കൊള്ളാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles