ദൈവ വചനത്തെ ഉദരത്തില്‍ വഹിച്ച പരിശുദ്ധ അമ്മ
അമ്മ എന്ന വാക്കിന് അനേകം അര്‍ത്ഥമുണ്ട്. സ്നേഹം, കരുണ, വാത്സല്യം, സഹനശീല, എന്നിങ്ങനെ എല്ലാത്തിന്റയും ഒരു നിറകുടമാണ് അമ്മ. നമുക്കെല്ലാവര്‍ക്കും ആയി ഒരു അമ്മയുണ്ട്, കാല്‍വരി കുരിശില്‍ മൂന്നു ആണികളില്‍ കിടന്ന് ഈശോ നമുക്കും ഈ ലോകം മുഴുവനും ആയി തന്ന അമ്മ. ഇന്നും നമ്മെ ഓരോരുത്തരെയും അമ്മയുടെ വിമല ഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തുന്ന നമ്മുടെ പരിശുദ്ധ അമ്മ. ‘എല്ലാ വിശുദ്ധിയുടെയും ഒരു നിറകുടമാണ് അമ്മ’ ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1 : 38)
ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞു അമ്മ അമ്മയെ തന്നെ പൂര്‍ണ്ണമായും ദൈവഹിതത്തിനു വിട്ടുകൊടുത്തു.
നമ്മുടെ ജീവിതത്തില്‍ നാം ഒന്നു ചിന്തിക്കണം. നാം പൂര്‍ണ്ണമായും എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നുണ്ടോ?
പൂര്‍ണ്ണമായും നമ്മെത്തന്നെ ദൈവഹിതത്തിന് വിട്ടുകൊടുക്കുമ്പോള്‍, നമ്മുടെ ജീവിതത്തിലെ ഓരോ മേഖലകളിലും ഈശോ ഇടപെടും.
നമ്മുടെ ജീവിതത്തില്‍ നടക്കില്ല എന്ന് വിചാരിക്കുന്ന ഓരോ കാര്യവും നിഷ്പ്രയാസം നടക്കും.
നമുക്കും നമ്മെത്തന്നെ പൂര്‍ണ്ണമായും ഈശോയ്ക്ക് സമര്‍പ്പിക്കാം അവിടുത്തെ ഹിതം നാം ഓരോരുത്തരിലും നിറവേറാന്‍.
ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്. (മത്തായി 1 : 20). ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പരിശുദ്ധഅമ്മ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്ന് ജോസഫ് അറിഞ്ഞപ്പോള്‍, ദൂതന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു, പരിശുദ്ധാത്മാവിനാല്‍ ആണ് മറിയം ഗര്‍ഭം ധരിച്ചത് എന്നും, വചനമാകുന്ന ഈശോയാണ് ഉദരത്തിലുള്ളത് എന്നും.
ആ വചനമാകുന്ന ഈശോയെ ഉദരത്തില്‍ വഹിച്ച ഭാഗ്യവതിയാണ് പരിശുദ്ധ അമ്മ. ഈശോയെ ഉദരത്തില്‍ വഹിച്ചതു മുതല്‍ ഈശോയുടെ ഉത്ഥാനം വരെ ഈശോയുടെ കൂടെയുണ്ടായിരുന്ന പരിശുദ്ധ അമ്മ. ഓരോ സഹനത്തിലും കൂടെ നടന്ന പരിശുദ്ധ അമ്മ, വേദനകള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച പരിശുദ്ധ അമ്മ, ഈശോയെ പാലൂട്ടി വളര്‍ത്തിയ പരിശുദ്ധ അമ്മ.
ബാല്യകാലത്ത് ഈശോയുടെ കൂടെ ഈശോയോട് ചേര്‍ന്ന് കളിച്ച് ഈശോയുടെ ബാല്യം പങ്കിട്ട പരിശുദ്ധ അമ്മ. കുരിശിന് ചുവട്ടില്‍ സ്വന്തം മകന്റെ വേദനകള്‍ കണ്ട് നെഞ്ചുപൊട്ടി വേദനകള്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച പരിശുദ്ധ അമ്മ. ഇന്നും ഈശോയുടെ കൂടെ ആയിരിക്കുന്ന പരിശുദ്ധ അമ്മ, ദൈവം തെരഞ്ഞെടുത്ത ദൈവത്തിന്റെ പുത്രി, പരിശുദ്ധാത്മാവ് നിറഞ്ഞു നിന്ന പരിശുദ്ധാത്മാവിന്റ മണവാട്ടി.
മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരംപോലെ, ഉത്സവവേളയില്‍ പൂര്‍ണചന്ദ്രനെപ്പോലെ, (പ്രഭാഷകന്‍ 50 : 6), ത്യുന്നതന്റെ ആലയത്തിനു മുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെ, തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍ വിളങ്ങുന്ന മഴവില്ലുപോലെ, (പഭാഷകന് 50 : 7)
സ്വര്ഗ്ഗത്തിന്റയും, ഭൂമിയുടെയും രാജ്ഞി, സൂര്യനെ ഉടയാടയാക്കിയ പരിശുദ്ധഅമ്മ, സൂര്യനേക്കാള്‍ പ്രശോഭിക്കുന്ന പരിശുദ്ധ അമ്മ, മഴവില്ലിനേക്കാള്‍ മനോഹരിയായ പരിശുദ്ധഅമ്മ. സുഗന്ധ സാന്നിധ്യമായ പരിശുദ്ധഅമ്മ, നമ്മളോരോരുത്തരേയും കുരിശിന് ചുവട്ടിലേക്ക് കൈപിടിച്ചു നടത്തുന്ന പരിശുദ്ധ അമ്മ, കാല്‍വരി കുരിശിന് ചുവട്ടില്‍ പരിശുദ്ധ അമ്മയുടെ കരങ്ങള്‍ പിടിച്ച് കുരിശില്‍ നിന്നും ഒഴുകുന്ന ഈശോയുടെ അളവില്ലാത്ത സ്നേഹവും, ദൈവിക കരുണയും അനുഭവിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.