ദൈവത്തിന് സമ്മതം മൂളിയവള്‍
ദൈവസുതന്റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. “ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ” അവള് ഈ വചനം മൂലം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള് ചിന്തിച്ചു.
എന്നാല്‍ ദൈവദൂതന് അവളോടു പറഞ്ഞു. “മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഈശോ എന്നു നീ പേരു വിളിക്കണം. അവന് മഹാനായിരിക്കും. അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കുന്നതാണ്. യാക്കോബിന്റെ ഭവനത്തില്‍ അവന് നിത്യഭരണം നടത്തും. അവന്റെ ഭരണത്തിനു അവസാനമുണ്ടാകുകയില്ല”.
മറിയം ദൂതനോടു ചോദിച്ചു. ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും? ദൂതന് പ്രതിവചിച്ചു. പരിശുദ്ധാത്മാവ് എഴുന്നള്ളി വരും അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. അതിനാല്‍ ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന് എന്നു വിളിക്കപ്പെടും. കൂടാതെ നിന്റെ ചാര്‍ച്ചക്കാരിയായ ഏലീശ്ബായും അവളുടെ വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യ എന്നു വിളിക്കുന്ന അവള്‍ക്ക് ഇത് ആറാം മാസമാകുന്നു. ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല.
മറിയം പറഞ്ഞു: ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി. നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂതന് അവളുടെ അടുക്കല്‍ നിന്നും പോയി. പ. കന്യക “നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.” ഏന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യ പൂര്‍ണ്ണമായ പ്രവൃത്തി.
അതുവഴി മേരി എല്ലാ മനുഷ്യരെയും ദൈവമക്കളുടെ പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് അവരോധിച്ചു. കന്യകാ മറിയം മനുഷ്യാവതാര രഹസ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി സമ്മതം നല്കി. പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ച് രക്ഷണീയ കര്‍മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്കാന് പരിശുദ്ധ കന്യക സമ്മതം നല്കിയപ്പോള് മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മം എളുപ്പകരമായി.
നിത്യത്വത്തില്‍ ഒരു ശാരീരിക മാതാവിനെ കൂടാതെ പിതാവായ ദൈവത്തില്‍ നിന്നും ജനിച്ച സുതനായ ദൈവം കാലത്തിന്റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍ നിന്നും ഒരു ശാരീരിക പിതാവിനെ കൂടാതെ ജനിക്കുന്നു. പരിശുദ്ധ കന്യകയെ ഞങ്ങളുടെ പരിത്രാണത്തിന്റെ വില ദൈവം അങ്ങയെ ഭരമേല്‍പ്പിച്ചിരിക്കുന്നു. “നാഥേ, നീ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ രക്ഷ പ്രാപിക്കും.” എന്ന് വി. ബര്‍ണ്ണാദ് പ്രസ്താവിച്ചിരിക്കുന്നു. പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിനു വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായിത്തീരുന്നു. അപ്പോഴാണ് നമ്മുടെ വ്യക്തിസ്വതന്ത്ര്യം സുരക്ഷിതമാകുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.