പാറപ്പുറത്ത് വെണ്‍മേഘം പോലൊരു മരിയന്‍ ശില്‍പം

ഒരു അത്ഭുത ദൃശ്യം പോലെയാണ് മൊണ്ടാനയിലെ ഈ മരിയന്‍ ശില്‍പം. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ശില്‍പം നിലകൊള്ളന്നത് ബട്ട് നഗരത്തിലാണ്. 90 അടിയാണ് ഈ ശിലപ്ത്തിന്റെ ഉയരം. ഭൂമിയില്‍ നിന്ന് 3500 അടി ഉയരത്തില്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഈ തിരുസ്വരൂപത്തിന്റെ പേര് ‘ഔവര്‍ ലേഡി ഓഫ് റോക്കീസ്’ എന്നതാണ്.

അത്ഭുത സൗഖ്യത്തിന്റെ കഥ
ഈ ശില്‍പനിര്‍മിതിയുടെ പിന്നില്‍ അത്ഭുതകരമായ ഒരു സംഭവമുണ്ട്. 1979 ലാണ് കഥ നടന്നത്. ബട്ട് നഗരനിവാസിയായ ബോബ് ഓ ബില്‍ എന്നയാളുടെ ഭാര്യയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് മരണാസന്നയായി. ഇലക്ട്രീഷ്യനായിരുന്ന ബില്‍ അനേക വര്‍ഷങ്ങള്‍ ബട്ടിലെ ഖനികളില്‍ ജോലി ചെയ്തിരുന്ന ആളാണ്. തന്റെ ഭാര്യയെ സുഖപ്പെടുത്തുകയാണെങ്കില്‍ പരിശുദ്ധ മാതാവിന്റെ 5 അടി ഉയരമുള്ള ഒരു രൂപം തന്റെ വീട്ടുമുറ്റത്ത് സ്ഥാപിക്കാമെന്ന് ബില്‍ നേര്‍ച്ച നേര്‍ന്നു.

ബില്ലിന്റെ ഭാര്യ അത്ഭുതകരമായ സൗഖ്യം പ്രാപിച്ചു. എന്നാല്‍ 5 അടി ശില്പം എന്ന ആശയം വളര്‍ന്നുവളര്‍ന്ന് മലമുകളില്‍ ഭീമാകാരമായ ഒരു ശില്പം എന്നായിത്തീര്‍ന്നു. ഈ ശില്പത്തിന്റെ ഉത്ഭത്തിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. ഈ സംഭവം നടക്കുന്ന കാലത്ത്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചെമ്പുനിര്‍മാണ മേഖലയായിരുന്ന ബട്ട് പ്രദേശം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു. ഖനന കമ്പനികള്‍ സ്ഥലം വിട്ടുപോവുകയും പ്രദേശവാസികള്‍ തൊഴില്‍രഹിതരാവുകയും ചെയ്തു. ഇക്കാലത്താണ് ഇവിടെ മാതാവിന്റെ ശില്പം നിര്‍മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ബോബ് ഓ ബല്ലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഖനി തൊഴിലാളികളും തികച്ചും സാധാരണക്കാരായിരുന്നു, യേശുവിന്റെ ശിഷ്യന്മാരെ പോലെ. സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും അവരെല്ലാം ഉദാരമനസ്‌കരായിരുന്നു. ശില്പത്തിന്റെ ഓരോ ഭാഗവും ഓരോരുത്തര്‍ ദാനം ചെയ്തവയാണ്. ശില്പം നിര്‍മിച്ച സ്ഥലവും മല തുരക്കാനുപയോഗിച്ച യന്ത്രവും, ശില്പം പണിത സിമെന്റ് തറയും മാത്രമല്ല ശില്‍പം നിര്‍മിച്ച പണിക്കാരുടേതും സൗജന്യ സേവനമായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടതു മൂലം തങ്ങള്‍ക്ക് ലഭിച്ച ഒഴിവു സമയം തൊഴിലാളികള്‍ ശില്പനിര്‍മാണത്തിനായി ഉപയോഗിക്കുകയായിരന്നു.

ശില്പ നിര്‍മാണവുമായ ബന്ധപ്പെട്ട് ഏതാനും അത്ഭുതങ്ങളും സംഭവിച്ചതായി ബില്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോ ദാനമായി തന്ന യന്ത്രത്തിന് ആവശ്യമായ ഇന്ധനത്തിന് എങ്ങനെ പണമുണ്ടാക്കും എന്നു ചിന്തിച്ചിരിക്കുമ്പോള്‍ അത്ഭുതകരമായി ഒരു ദിവസം ഈ യന്ത്രത്തിന്റെ ഗാസ് ടാങ്കുകള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടു.
ശില്പം ഡിസൈന്‍ ചെയ്യുകയും വെല്‍ഡ് ചെയ്യുകയും ചെയ്ത ലിറോയ് ലീ യാതൊരു അനുഭവസമ്പത്തും ഇല്ലാത്ത ആളായിരുന്നിട്ടും അയാളുടെ വെല്‍ഡുകളെല്ലാം കിറുകൃത്യമായിരുന്നു. ശില്പനിര്‍മാണം തീര്‍ന്നു കഴിഞ്ഞപ്പോള്‍, ശില്പം മലയുടെ കിഴക്കു ഭാഗത്തുള്ള അഗ്രത്തിലേക്ക് ഉയര്‍ത്തേണ്ടിയിരുന്നു. സാധാരണ ഗതിയില്‍ ശക്തമായ കാറ്റ് വീശാറുണ്ടായിരുന്ന ആ പ്രദേശം അന്ന് അസാധാരണമാം വിധം നിശബ്ദമായിരുന്നു.

ഭീമാകാരമായ ശില്പത്തിന്റെ ഏറ്റവും വലിയതും ഭാരമുള്ളതുമായ ഭാഗം അതിന്റെ മധ്യഭാഗമായിരുന്നു. ആ ഭാഗവുമായി ഉയര്‍ന്നു പൊങ്ങിയ ഹെലികോപ്റ്റര്‍ ഒരു വശത്തേക്കു ചരിഞ്ഞത് ആശങ്ക ഉളവാക്കിയെങ്കിലും പൈലറ്റിന് നിയന്ത്രണം വീണ്ടെടുത്ത് കൃത്യമായി ആ ഭാഗം മലമുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. 1985 ലാണ് ഈ ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ‘മാതാവിനോട് ഞങ്ങള്‍ ചോദിച്ചതെല്ലാം അമ്മ തന്നു’ ബില്‍ഡര്‍മാരിലൊരാളായ ജിം കീന്‍ പറയുന്നു. പാറപ്പുറത്തെ മാതാവിന്റെ കാര്യം പറയുമ്പോള്‍ ബട്ട് ദേശക്കാര്‍ക്ക് നൂറ് നാവാണ്. അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് സ്‌നേഹമയിയായി മാതാവ് അവര്‍ക്ക് സംരക്ഷണത്തിന്റെ തണലാകുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles