ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപവുമായി ഇറ്റലിയില്‍ പര്യടനം
റോം: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ രൂപം ഇറ്റലിയിലെ വിവിധ ഇടവകകളിലൂടെ പര്യടനം നടത്തും. ഇറാഖിലെ നിനവേ സമതലത്തിലെ ബട്ട്നായായില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള മരിയന്‍ രൂപവും വഹിച്ചുള്ള പര്യടനം സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് നോമ്പുകാലത്തിന്റെ തുടക്കത്തോടെ അവസാനിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആണ് പര്യടനം സംഘടിപ്പിക്കുന്നത്. പര്യടനത്തിന്റെ മുന്നോടിയായി ജൂണ്‍ 13ന് വടക്കന്‍ ഇറ്റലിയിലെ ഗിയുസ്സാനോ പട്ടണത്തിലെ സാന്‍ പാബ്ലോ ഇടവകയില്‍ രൂപം പൊതുവായി പ്രദര്‍ശിപ്പിക്കും.
പ്രദര്‍ശനത്തിന്റെ ഓരോ ഘട്ടത്തിലും ഇറാഖി വൈദികര്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ തങ്ങളുടെ സാക്ഷ്യങ്ങള്‍ പങ്കുവെക്കും. സാക്ഷ്യങ്ങളിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരകൃത്യങ്ങളെക്കുറിച്ചും, ഇറാഖി ക്രൈസ്തവര്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും, ഇറാഖിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അടുത്തറിയുവാന്‍ സഹായകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇറ്റലി – ഇറാഖി ക്രൈസ്തവര്‍ തമ്മിലുള്ള ബന്ധത്തെ ദൃഡപ്പെടുത്തുവാനും, ക്ഷമയുടേയും, അനുരഞ്ജനത്തിന്റേയും സന്ദേശം പകരുവാനും സഹായകരമാകുമെന്നു ഇറ്റലിയിലെ എ.സി.എന്‍ ഡയറക്ടറായ അലെസ്സാന്‍ഡ്രോ മോണ്ടെഡുറോ പറഞ്ഞു.
സമാധാനത്തില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഐസിസ് അധിനിവേശകാലത്ത് ജന്മദേശത്തു നിന്നും ക്രൂരമായി പുറത്താക്കപ്പെട്ടു. ദൈവമാതാവിന്റെ നിരവധി രൂപങ്ങളും, ക്രിസ്തുവിന്റെ പ്രതീകങ്ങളും ഇക്കാലയളവില്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. കല്ലറകള്‍ വരെ അലംകോലമാക്കിയ തീവ്രവാദികള്‍ ക്രിസ്തീയ പ്രതീകങ്ങളെ ലക്ഷ്യംവെച്ചായിരുന്നു തങ്ങളുടെ ഷൂട്ടിംഗ് പരിശീലനം നടത്തിയതെന്നും മോണ്ടെഡുറോ പറഞ്ഞു.
മാര്‍ച്ച് മാസത്തിലെ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ ഫ്രാന്‍സിസ് പാപ്പ ഇര്‍ബിലില്‍ വെച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയില്‍ ജിഹാദികള്‍ തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ മറ്റൊരു രൂപം ആശീര്‍വദിച്ചിരിന്നു. അതേസമയം പ്രാദേശിക സഭകളുടേയും, അന്താരാഷ്ട്ര സമൂഹത്തിന്റേയും സഹകരണത്തോടെ പലായനം ചെയ്ത ഇറാഖി ക്രിസ്ത്യാനികള്‍ക്ക് ജന്മദേശത്തേക്ക് മടങ്ങിവരത്തക്കവിധം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.