വിമലഹൃദയ സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ച് അപ്പസ്തോലിക് ന്യൂണ്‍ഷോ
ന്യൂഡല്‍ഹി: യുക്രൈനിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ, റഷ്യയെയും യുക്രൈനെയും വിമലഹൃദയത്തിന് സമര്‍പ്പിക്കാനിരിക്കെ സമർപ്പണത്തിൽ പങ്കുചേരാൻ അഭ്യര്‍ത്ഥനയുമായി ഭാരതത്തിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി. സാധ്യമെങ്കിൽ, റോമിലെ സമയം വൈകുന്നേരം 5 മണിക്ക് തതുല്യമായ സമയത്ത്, ഓരോ ബിഷപ്പും തന്റെ വൈദികരോടൊപ്പം ഈ സമർപ്പണത്തിൽ പങ്കുചേരാൻ പരിശുദ്ധ പിതാവ് ക്ഷണിക്കുകയാണെന്നും വരും ദിവസങ്ങളിൽ പരിശുദ്ധ പിതാവ് ക്ഷണക്കത്ത് നൽകുമെന്നും ന്യൂണ്‍ഷോയുടെ കത്തില്‍ പറയുന്നു. സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനാണ് കത്ത് കൈമാറിയിരിക്കുന്നത്.
പാപ്പയുടെ ക്ഷണകത്തില്‍ വിവിധ ഭാഷകളിലുള്ള സമര്‍പ്പണ പ്രാര്‍ത്ഥന ലഭ്യമാക്കും. മാര്‍പാപ്പയുടെ ക്ഷണം സംബന്ധിച്ചു ദേശീയ മെത്രാന് സമിതിയിലെ അംഗങ്ങളെയും വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികരെയും ഇക്കാര്യങ്ങള്‍ അറിയിക്കണമെന്നും ന്യൂണ്‍ഷോ അഭ്യര്‍ത്ഥിച്ചു. ന്യൂഡൽഹിയിലെ ഫെഡറൽ അധികാരികളെയും തലസ്ഥാനത്തെ നയതന്ത്ര വിഭാഗത്തെയും സമര്‍പ്പണത്തെ കുറിച്ച് അറിയിക്കും. മാർച്ച് 25-ന് വെള്ളിയാഴ്ച വൈകീട്ട് 6നു ന്യൂഡൽഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രൽ ദേവാലയത്തില്‍ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ അവര്‍ക്ക് ക്ഷണം നൽകുമെന്നും കത്തില്‍ പറയുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.