മാതാവിന്റെ ശക്തിയേറിയ പരിപാലന ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന
എത്രയും പരിശുദ്ധയും അമലോത്ഭവയും , കന്യകയും എന്റെ പരിശുദ്ധ അമ്മയുമായ പരിശുദ്ധ കന്യകാ മാതാവേ , എന്റെ കര്‍ത്താവായ പരമപരിശുദ്ധനായ യേശുവിന്റെ പരിശുദ്ധ അമ്മയും , ലോകത്തിന്റെ രാജ്ഞിയും , മദ്ധ്യസ്ഥയും , പ്രതീക്ഷയും , പാപികളുടെ സങ്കേതവുമായവളേ , എല്ലാവരിലും വച്ച് നിര്‍ഭാഗ്യവാനായ ഞാനങ്ങയുടെ സന്നിധിയിലണഞ്ഞിരിക്കുന്നു .
ഓ ! മഹോന്നത രാജ്ഞീ , അങ്ങ് എന്റെ മേല്‍ ചൊരിഞ്ഞ എല്ലാ കൃപകള്‍ക്കും പ്രത്യേകമായി പലപ്പോഴും എനിക്കര്‍ഹമായിരിക്കുന്ന നരകത്തില്‍നിന്ന് എന്നെ രക്ഷിച്ചതിനും ഞാനങ്ങേയ്ക്ക് നന്ദി പറയുന്നു . ഏറ്റവും പ്രിയങ്കരിയായ നാഥേ , അങ്ങയെ എപ്പോഴും സേവിച്ചുകൊള്ളാമെന്നും , എല്ലാവരാലും അങ്ങ് സ്‌നേഹിക്കപ്പെടുന്നതിനായി എന്റെ സര്‍വ്വശക്തിയോടും കൂടെ പ്രയത്‌നിച്ചു കൊള്ളാമെന്നും അങ്ങയോടുള്ള സ്‌നേഹത്തെപ്രതി ഞാന്‍ വാഗ്ദാനം ചെയ്യുന്നു . എന്റെ സര്‍വ്വ പ്രതീക്ഷയും ഞാനങ്ങയിലര്‍പ്പിക്കുന്നു . അങ്ങയുടെ സംരക്ഷണയില്‍ എനിക്ക് രക്ഷ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓ ! കരുണയുള്ള പരിശുദ്ധ മാതാവേ , എന്ന അങ്ങയുടെ ദാസനായി (ദാസിയായി) സ്വീകരിച്ച് അങ്ങയുടെ മേലങ്കിയുടെ കീഴില്‍ സംരക്ഷിക്കണമേ . ദൈവമായ പരമപരിശുദ്ധനായ യേശുവിന്റെ പക്കല്‍ അങ്ങേയ്ക്കുള്ള ശക്തിയാല്‍ പ്രലോഭനങ്ങളില്‍ നിന്നും എന്നെ കാത്തു കൊള്ളുകയോ, മരണംവരെ അവയെ ജയിക്കുന്നതിനുള്ള ശക്തി വാങ്ങിച്ചുതരുകയോ ചെയ്യണമെ , പരമപരിശുദ്ധ യേശുക്രിസ്തുവിനോടുള്ള പരിപൂര്‍ണ്ണ സ്‌നേഹം അങ്ങയോടു ഞാനപേക്ഷിക്കുന്നു . അങ്ങയിലൂടെ നന്മരണം പ്രാപിക്കാമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു .
ഓ എന്റെ പരിശുദ്ധ അമ്മേ , അങ്ങേയ്ക്ക് ദൈവമായ പരമപരിശുദ്ധനായ യേശുവിനോടുള്ള സ്‌നേഹംവഴി എല്ലാ സമയത്തും പ്രത്യേകിച്ച് എന്റെ ജീവിതത്തിന്റെ അവസാന നാഴികകളിലും അങ്ങയുടെ സഹായം ഞാനപേക്ഷിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ അങ്ങയെ സുരക്ഷിതമായി കണ്ടു മുട്ടുന്നതു വരെ നിത്യതയില്‍ അങ്ങയെ വാഴ്ത്തുന്നതുവരെ അങ്ങയുടെ കരുണയെ ആലപിക്കുന്നതുവരെ എന്നെ ഉപേക്ഷിക്കരുതേ. ആമ്മേന്‍. ഇതാണെന്റെ പ്രതീക്ഷ അതു സഫലമാകട്ടെ .
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.