പരിശുദ്ധ മറിയത്തിന്റെ അതിവിശിഷ്ട മാതൃത്വം
പരിശുദ്ധ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്ന സഭ അവൾ മാംസം ധരിച്ച വചനമാകുന്ന ദൈവത്തിന്റെ അമ്മ എന്നാണ് അർത്ഥമാക്കുന്നത്. അവളുടെ മാതൃത്വം ത്രിത്വത്തിലെ മൂന്നാളുകളെയും ബാധിക്കുന്നില്ല. മനുഷ്യപ്രകൃതി സ്വീകരിച്ചു കൊണ്ട് പുത്രനായി പിറന്ന രണ്ടാമത്തെ വ്യക്തിയെ മാത്രമാണ് ബാധിക്കുക.
മാതൃത്വം ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള ബന്ധമാണ്. ഒരമ്മയും, മാനുഷിക ശരീരത്തിന്റെ മാത്രമോ, ഉദരത്തിൽ ജനിപ്പിച്ച ഭൗതികജീവിയുടെ മാത്രമോ അമ്മയല്ല, അവൾ ജനിപ്പിച്ച വ്യക്തിയുടെ അമ്മയാണ്. തന്മൂലം ദൈവീക വ്യക്തിത്വമായ ഈശോയെ മനുഷ്യപ്രകൃതിയനുസരിച്ച് പ്രസവിച്ചതിനാൽ മറിയം ദൈവമാതാവാണ്.
അവളുടെ പുത്രനാകാനിരുന്നവൻ അവളിൽ ചൊരിഞ്ഞ അനന്തമായ മഹത്വത്തെ സഭ വിസ്മയത്തോടെ ധ്യാനിക്കുകയും വണക്കത്തോടെ ആഘോഷിക്കുകയും ചെയ്യുന്നു. മനുഷ്യനെ ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തുവാൻ മനുഷ്യത്വത്തിന്റെ എളിയ ഭാവത്തെ, മനുഷ്യാവതാരത്തിലൂടെ ഉൾക്കൊണ്ട മാംസം ധരിച്ച വചനത്തെയാണ് ‘ദൈവമാതാവ്’ എന്ന പ്രയോഗം പരാമർശിക്കുന്നത് . നസ്രത്തിലെ കന്യകയ്ക്ക് നൽകപ്പെട്ട ഈ മഹോന്നതമഹത്വം സ്ത്രീകളുടെ മഹത്വത്തിന്റെയും അവളുടെ ഉന്നതമായ ദൈവവിളിയുടെയും പ്രഖ്യാപനം കൂടിയാണ്.
ദൈവം, മറിയത്തെ, സ്വതന്ത്രയും ഉത്തരവാദിത്വബോധമുള്ള വളുമായ സ്ത്രീയായാണ് കണക്കാക്കുക. അവളുടെ സമ്മതം ലഭിക്കുന്നതുവരെ ദൈവപുത്രന്റെ മനുഷ്യാവതാരം നടത്തുന്നുമില്ല. ആദിമ ക്രൈസ്തവരുടെ മാതൃക പിൻചെന്നു വിശ്വാസികളായ നമുക്ക് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാം. ദൈവമാതാവായിരിക്കുകയാൽ തിന്മയിൽ നിന്ന് മോചനവും നിത്യരക്ഷയും തന്റെ പുത്രനിൽ നിന്ന് നേടിത്തരാൻ അവൾക്കു കഴിയും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.