ജപമാലറാണിയെ നേരില്‍ കണ്ട റാണി

1996 നവംബര്‍ രണ്ടാം തീയതി. അന്നായിരുന്നു ആ കുടുംബം വേളാങ്കണ്ണി ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. കഞ്ചിക്കോട്ടെ ജോണ്‍ ജോര്‍ജും ഭാര്യ റാണിയും, കൂടെ മകള്‍ സ്‌നേഹയും. പന്ത്രണ്ടുമണിക്കുള്ള കുര്‍ബാന ദേവാലയത്തില്‍ ആരംഭിച്ചിരുന്നു. ഒരല്‍പം വൈകിയാണ് അവര്‍ ദേവലയത്തിലെത്തിയത്. നവീനമായ ഒരു ആത്മീയ ഉണര്‍വായിരുന്നു ദേവാലയത്തില്‍ റാണിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. ആ ആത്മീയ ഉണര്‍വില്‍ അവള്‍ ബലിയര്‍പ്പണം പൂര്‍ത്തിയാക്കി. കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തിന്റെ വലത്തുഭാഗത്തായി മാതാവിന്റെ രൂപത്തിനുമുമ്പില്‍ മുട്ടുകള്‍ കുത്തി റാണി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ലോകം മുഴുവന്റെയും കരുണയ്ക്കും മാനസാന്തരത്തിനും വേണ്ടി അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് തന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത വിധത്തില്‍ വലിയൊരു പ്രകാശഗോളം അവള്‍ കണ്ടു. മാനുഷികമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവള്‍ ചിന്തിച്ചത് അതൊരു തോന്നല്‍ മാത്രമാണെന്നാണ്. അപ്പോഴേക്കും പരിശുദ്ധ മാതാവിന്റെ രൂപത്തില്‍ നിന്നും ഇളം നീലയും വെള്ളയും നിറത്തിലുള്ള പ്രകാശരശ്മികള്‍ റാണിയുടെ മുഖത്ത് പതിച്ചുകൊണ്ടിരുന്നു. കണ്ണുകള്‍ തുറക്കാനാവാത്ത വിധം തീവ്രമായിരുന്നു ആ പ്രകാശകിരണങ്ങള്‍.

ശരീരത്തിന് വല്ലാത്ത ക്ഷീണം തോന്നി റാണിക്ക്. എന്നാല്‍ അവളുടെ ആത്മാവ് തീക്ഷ്ണമായി പ്രര്‍ത്ഥിക്കാനുള്ള പ്രേരണ നല്‍കിക്കൊണ്ടിരുന്നു. ആത്മാവിന്റെ പ്രേരണയനുസരിച്ച് അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ആദ്യം കണ്ട പ്രകാശഗോളം വലുതാവുകയും പ്രകാശം പരന്ന് ദേവാലയം മുഴുവന്‍ അതിന്റെ ശോഭ വ്യാപിക്കുകയും ചെയ്തു. മാതാവിന്റെ രൂപം അനങ്ങുന്നതും പ്രകാശത്തിന്റെ നടുവില്‍ വലിയൊരു സ്ത്രീരൂപം നില്‍ക്കുന്നതും അവള്‍ കണ്ടു. ഉദിച്ചുയരുന്ന സൂര്യനേപ്പോലെ ശോഭയുള്ള പരിശുദ്ധ മറിയത്തെയാണ് റാണി പിന്നെ കണ്ടത്. മാതാവിന്റെ ഇടതുകരത്തില്‍ ഉണ്ണിയേശുവും ഒരു ജപമാലയും ഉണ്ടായിരുന്നു. വലതുകരത്തില്‍ കറുത്ത മുത്തുമണികള്‍ കൊണ്ടുള്ള ഒരു ജപമാലയും ഉണ്ടായിരുന്നു. പരിശുദ്ധ അമ്മയും ഉണ്ണിയേശുവും റാണിയുടെ മുന്നിലെത്തി മനോഹരമായ ഒരു പുഞ്ചിരി അവള്‍ക്ക് സമ്മാനിച്ചു. കറുത്ത മണികളുടെ ജപമാല മാതാവ് റാണിയുടെ കരങ്ങളില്‍ വച്ചുകൊടുത്തു. തൂമഞ്ഞുപോലെ അവളുടെ കരങ്ങള്‍ ആ നിമിഷം മരവിച്ചുപോയി. ജപമാലമണികളിലൂടെ സുഗന്ധദ്രവ്യം ഒഴുകുന്നുണ്ടായിരുന്നു. വലിയ ഭാരമുള്ളതായിരുന്നു ആ ജപമാല.

ആ നിമിഷം ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കാത്ത സുഗന്ധത്താല്‍ റാണി പൊതിയപ്പെട്ടു. തനിക്ക് മാതാവ് നല്‍കിയ ജപമാലയില്‍ നോക്കി അവള്‍ ചോദിച്ചു: ‘അമ്മേ മാതാവേ ഇതു ഞാന്‍ എന്തു ചെയ്യണം? പുഞ്ചിരിച്ചുകൊണ്ട് മാതാവ് പറഞ്ഞു: ‘ഒരു രൂപക്കൂട്ടില്‍ എന്റെ രൂപത്തോടൊപ്പം ഈ ജപമാല നീ പ്രതിഷ്ഠിക്കുക.’ വലതുകരം ഉയര്‍ത്തി മാതാവ് റാണിയെ അനുഗ്രഹിച്ചു. ആ വലതുകരം അങ്ങനെതന്നെ പിടിച്ച് മാതാവ് മുകളിലേക്ക് ഉയരുന്നതും റാണി കണ്ടു. അല്‍പസമയം കഴിഞ്ഞപ്പോള്‍ പ്രകാശവും മാഞ്ഞു.

അടുത്ത ദിവസം വീട്ടിലെത്തിയ ഉടനെ റാണി ജപമാല മാതാവ് പറഞ്ഞതുപോലെ തന്നെ പ്രതിഷ്ഠിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. മനോഹരമായ പരിമളത്താല്‍ അവിടമാകെ നിറഞ്ഞു. ഏകദേശം ഒരു കിലോമീറ്റര്‍ വരെ ആ സുഗന്ധം വ്യാപിച്ചു. സുഗന്ധത്തിന്റെ ഉറവിടം തേടിയ പലരും റാണിയുടെ ഭവനത്തിലെത്തി. മാതാവ് പ്രത്യക്ഷപ്പെട്ടതും ജപമാല നല്‍കിയതും അറിഞ്ഞപ്പോള്‍ അവരും ഭക്തിയോടും വിശ്വാസത്തോടുംകൂടി കുടുംബാംഗങ്ങള്‍ക്കൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് മാതാവ് വ്യക്തമായ സന്ദേശങ്ങളും റാണിക്ക് നല്‍കിത്തുടങ്ങി.

1996 മുതല്‍ 2002 വരെ ലോകത്തിനു മുഴുവനുമായി മാതാവില്‍നിന്നും 51 സന്ദേശങ്ങളാണ് റാണിക്ക് ലഭിച്ചിട്ടുള്ളത്. ഒരു തവണ മാതാവ് റാണിയുടെ വലത്തുകരംപിടിച്ച് സന്ദേശം എഴുതിവെപ്പിക്കുകയും ചെയ്തു.

ദിവ്യകാരുണ്യഅത്ഭുതങ്ങള്‍, പഞ്ചക്ഷതങ്ങള്‍, സുഗന്ധാഭിഷേകം, പ്രാര്‍ത്ഥനയ്ക്കിടയില്‍ കൈയില്‍നിന്നും തേനും പാലും ഉത്ഭവിക്കുക, എന്നിങ്ങനെ നിരവധിയായ അത്ഭുതങ്ങള്‍ പരിശുദ്ധ മറിയം വഴി റാണിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. നിരവധി തവണ റാണിക്ക് ഈശോ തന്നെ നേരിട്ട് ദിവ്യകാരുണ്യം നല്‍കിയിട്ടുണ്ട്. 1997 ഒക്ടോബര്‍ 26 ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മാനത്തോടത്ത് കഞ്ചിക്കോട് ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ തിരുവോസ്തി റാണിയുടെ നാവില്‍ യഥാര്‍ത്ഥ മാംസവും രക്തവുമായി മാറി. 1997 മാര്‍ച്ച് ഒന്നിനും ആറിനും മെയ് ഒന്നിനും റാണിയുടെ വീട്ടിലെ ഈശോയുടെ ചിത്രത്തില്‍ നിന്നും രക്തക്കണ്ണീര്‍ ഒഴുകുകയുമുണ്ടായി.
1970 മെയ് രണ്ടിന് തൃശൂര്‍ രൂപതയിലെ മണ്ണാംപെറ്റിയി ല്‍ ആന്റണിഅന്ന ദമ്പതികളുടെ ഇളയമകളായിട്ടായിരുന്നു റാണിയുടെ ജനനം. ആറു സഹോദരിമാരായിരുന്നു അവള്‍ക്കുണ്ടായിരുന്നത.് ഒരു കന്യാസ്ത്രീ ആകണമെന്ന ആഗ്രഹത്താല്‍ പതിനഞ്ചാം വയസില്‍ അവള്‍ മഠത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് നേഴ്‌സാകണമെന്ന ആഗ്രഹത്താല്‍ നേഴ്‌സിങ്ങ് പഠനം തുടങ്ങി. എന്നാല്‍ നിരവധിയായ രോഗങ്ങള്‍ അവളെ വേട്ടയാടി. പഠനം തുടരാനാകാതെ വന്ന സാഹചര്യത്തില്‍ റാണി ഒരു ധ്യാനത്തില്‍ പങ്കെടുത്തു. അവിടെവച്ച് ഒരു വൈദികന്‍ പ്രത്യേകമായ ഒരു ദൈവവിളിയാണ് റാണിക്കുള്ളത്, അത് കന്യാസ്ത്രീയോ നേഴ്‌സോ ആവാന്‍ അല്ല എന്നും പറഞ്ഞിരുന്നു. ജീവിതത്തില്‍ നേരിടേണ്ടിവന്ന എല്ലാ സഹനങ്ങളും അവള്‍ ദൈവത്തിന് സമര്‍പ്പിച്ചു.
1992 ഒക്ടോബര്‍ 21 നായിരുന്നു ജോണ്‍ ജോര്‍ജുമായുള്ള റാണിയുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് റാണി കഞ്ചിക്കോട് എത്തുന്നത്. ഭര്‍ത്താവ് ജോണിനും മാതാവിനോടുള്ള വിശ്വാസവും ഭക്തിയും വളരെ വലുതായിരുന്നു.

 

ജപമാലയെക്കുറിച്ച് മാതാവ് റാണിക്ക് നല്‍കിയ സന്ദേശം

  1. ഈ ലോകത്തിന്റെ പാപത്തിന്റെയും അന്ധകാരത്തിന്റെയും
    അടയാളമാണ് കറുത്ത മുത്തുകള്‍.
  2. ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍
    കാല്‍വരിയിലേക്ക് കുരിശുചുമന്ന് കൊണ്ടുപോയപ്പോള്‍
    അവിടുത്തേക്ക് അനുഭവപ്പെട്ട ഭാരം മരക്കുരിശിന്റേതല്ല,
    മനുഷ്യമക്കളുടെ പാപത്തിന്റേതാണ്. ഇന്നത്തെ മനുഷ്യ
    രുടെ പാപം മൂലം ആ ഭാരം ഇപ്പോഴും അവിടുത്തേക്ക്
    അനുഭവപ്പെടുന്നു. ഇതിന്റെ സൂചകമാണ് ജപമാല
    കൈയില്‍ നല്‍കപ്പെട്ടപ്പോള്‍ ഉണ്ടായ ഭാരം.
  3. സുഗന്ധം എന്റെ മാതൃസാന്നിധ്യത്തിന്റെ അടയാളമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles