അങ്ങേ സംരക്ഷണത്തിന് കീഴില്‍…
ഇന്ന് ലഭ്യമായിട്ടുള്ളതില്‍വെച്ച് മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് ‘സബ് തൂം പ്രേസീദിയം’ (Sub Tuum Praesidium). ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നു എന്നതിന് തെളിവാണ് ഈ പ്രാര്‍ത്ഥന.
പുരാതന കാലം മുതല്ക്കേ പാശ്ചാത്യ പൗരസ്ത്യ സഭകളില്‍ ചൊല്ലിക്കൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പഴക്കം ഈജിപ്തില്‍ നിന്നും കണ്ടെടുത്ത മൂന്നാം പാപ്പിറസ് ചുരുളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡെസിയൂസിലെ വലേരിയന്റെ മതപീഡനകാലത്ത് എഴുതപ്പെട്ടതാണെന്ന് കരുതപ്പെടുന്ന ഈ പാപ്പിറസില്‍ അക്കാലത്തെ സഭാ വിശ്വാസികള്‍ അപകടത്തിലാണെന്നും ആ അപകടത്തില്‍ നിന്നും രക്ഷിക്കുവാന്‍ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയാണുള്ളത്.
‘സബ് തൂം പ്രേസീദിയം’ പ്രാര്‍ത്ഥനയുടെ ലഭ്യമായ പകര്‍പ്പുകളില്‍ ഏറ്റവും പഴക്കമേറിയത് 1938-ല്‍ സിഎച്ച്
റോബെര്ട്സിനാല് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്.
(cf: Catalogue of the Greek and Latin Papyri in the John Rylands Library,lll, Theological and literary Texts, Manchester 1938,pp 46-47). അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇ. ലൊബെലിന്റെ അഭിപ്രായത്തില്‍ ഈ പ്രാര്‍ത്ഥന എ ഡി 250 നും 280 നും ഇടയില്‍, മൂന്നാം നൂറ്റാണ്ടുമുതല്‍ നിലവിലുള്ളതാണ്.
പുരാതന ക്രിസ്ത്യാനികള്‍ തിയോടോകോസ് (Theotokos) അതായത് ‘ദൈവമാതാവ്’ എന്ന പദം 431 ലെ എഫേസൂസ് കൗണ്‍സിലിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നുവെന്നതാണ് ഈ പ്രാര്‍ത്ഥന വെളിപ്പെടുത്തുന്ന മറ്റൊരു പ്രധനവസ്തുത. പുരാതന ക്രിസ്ത്യാനികള്‍ പരിശുദ്ധ മറിയത്തോട് അവളുടെ മാധ്യസ്ഥവും സംരക്ഷണവും നേരിട്ട് അപേക്ഷിച്ചിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.
ഈ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ
പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണത്തിന് കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ. ശ്രേഷ്ഠതയും അനുഗ്രഹവും നിറഞ്ഞ കന്യകയേ, എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ.