പരിശുദ്ധ അമ്മ വഴി അര്‍പ്പിക്കപ്പെടുന്ന നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും നിരസിക്കപ്പെടുകയില്ല

ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏക മധ്യസ്ഥന്‍ ക്രിസ്തുവാണ് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. എങ്കില്‍ പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥത്തിനു എന്തു പ്രസക്തി എന്നു പലരും ചിന്തിച്ചുപോകും. തന്റെ ശിഷ്യന്മാര്‍ക്കും ഈ മധ്യസ്ഥാവകാശം നല്‍കിക്കൊണ്ടാണ് ക്രിസ്തു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെട്ടത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ 14 ാം അധ്യായം ഇക്കാര്യം അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ട് ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും. നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനില്‍ മഹത്വപ്പെടാന്‍ വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും’ (യോഹ 14.12-14). ഒരു കാര്യം വ്യക്തമാണ്. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും ക്രിസ്തു വഴിയാണ് പതാവായ ദൈവത്തിനു സമര്‍പ്പിക്കേണ്ടത്. അപ്പോഴാണ് അതിനു ഉത്തരം കിട്ടുന്നതും. ‘ഞാനാണ് വഴിയും സത്യവും ജീവനും ഞാന്‍ വഴി അല്ലാതെ ആരും പിതാവിന്റെ പക്കല്‍ എത്തുന്നില്ല’ എന്ന സത്യവും ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

അങ്ങനെയെങ്കില്‍ യേശുവിന്റെ അമ്മയായ മറിയത്തിന്റെ മാധ്യസ്ഥശക്തി എത്രവലുതാണ്. മറ്റാരേക്കാളും സ്വപുത്രനില്‍ വിശ്വാസവും സ്വാതന്ത്ര്യവും ഉള്ളതുവഴി നമ്മള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ ഒരിക്കലും നിരസിക്കപ്പെടുകയില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കാനായിലെ കല്ല്യാണവിരുന്നില്‍ വച്ചു സംഭവിച്ചത്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍, കുറവുകള്‍, കണ്ടറിഞ്ഞു പരിഹാരം കാണാന്‍ പരിശുദ്ധ അമ്മ എപ്പോഴും സന്നദ്ധയായിരുന്നു. അതിന്റെ പ്രതിഫലനമാണ് വീഞ്ഞു തീര്‍ന്നുപോയി അപമാനിതരായിത്തീരാന്‍ ഇടയാകുമായിരുന്ന ഒരു കുടുംബത്തിന്റെ അവസ്ഥയില്‍ മാതാവ് ഇടപെടുന്നത്. ‘അവര്‍ക്ക് വീഞ്ഞില്ല’ എന്നു പുത്രനെ അറിയിച്ചപ്പോള്‍ ഒരു തണുപ്പന്‍ പ്രതികരണമാണ് യേശുവില്‍ നിന്നുണ്ടായത്. ‘അതിന് എനിക്കും നിനക്കുമെന്ത്’ അതുവരെ തന്റെ അത്ഭുതസിദ്ധി പുറത്തെടുത്തിട്ടില്ലായിരുന്ന ക്രിസ്തു ഒഴിഞ്ഞുമാറാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ പുത്രനില്‍ വിശ്വാസമുണ്ടായിരുന്ന അമ്മ പറഞ്ഞു ‘അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍’ പിന്നീട് യേശു തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചു. വെള്ളം വീഞ്ഞാക്കപ്പെട്ടു.

ഇന്നും പരിശുദ്ധ മാതാവിലൂടെയാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍, അപേക്ഷകള്‍, യാചനകള്‍ എല്ലാം ക്രിസ്തുവഴി ദൈവസന്നിധിയില്‍ ഉയര്‍ത്തപ്പെടുന്നത്. മാതാവിന്റെ മാധ്യസ്ഥം ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അനുഭവിക്കുന്ന സത്യമാണ്. അമ്മ വഴി അര്‍പ്പിക്കപ്പെടുന്ന നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും നിരസിക്കപ്പെടുകയില്ല; ഒരു വ്യവസ്ഥയില്‍- ‘അവന്‍ പറയുന്നതുപോലെ ജീവിച്ചാല്‍’ വചനാധിഷ്ഠിത ജീവിതം, കൃത്യമായ കൗദാശിക ജീവിതം, പിന്നെ ജീവിത വിശുദ്ധി. ലോകത്തു നടമാടുന്ന എല്ലാ തിന്മയുടെ സ്വാധീനങ്ങളില്‍ നിന്നും ദൈവമക്കളെ കാത്തുകൊള്ളാനും ലോകത്തിലെ മാലിന്യത്തില്‍ നിന്നും സംരക്ഷിക്കാനും വിശുദ്ധരായ ഒരു ജനത്തെ ദൈവത്തിനായ് ഒരുക്കിയെടുക്കാനും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം നമുക്കു യാചിക്കാം. അവിടുന്ന് നമ്മുടെ ജീവിതപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുനല്‍കും. സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം നമുക്കായി ഒരുക്കിനല്‍കും.

‘സ്വര്‍ലോകരാജ്ഞിയായ മാതാവേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ…

~ കെ.ടി. പൈലി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles