ദൈവം മഹത്വപ്പെടുത്തിയ പരിശുദ്ധ അമ്മയെ നമുക്കും വണങ്ങാം!

യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തോട് ഭക്തിയില്ലാത്ത ഒരാള്‍ക്ക് യഥാര്‍ത്ഥ ക്രിസ്ത്യാനിയാകാന്‍ കഴിയില്ല എന്ന് അഭിപ്രായപ്പെട്ടത് വി. ജോണ്‍ യൂഡെസാണ്. എത്ര സത്യമായ കാര്യമാണിത്! കത്തോലിക്കാ സഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് ബോധ്യമാകും, എല്ലാ വിശുദ്ധരും എല്ലാ മാര്‍പാപ്പമാരും പരിശുദ്ധ അമ്മയോട് ഭക്തി പുലര്‍ത്തിയിരുന്നവരായിരുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരിയഭക്തി എല്ലാവര്‍ക്കും സുപരിചിതമാണ്. അലി അഗ്ക എന്ന കൊലയാളിയുടെ ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് ഫാത്തിമാ നാഥയുടെ സംരക്ഷണമാണെന്ന് മാര്‍പ്പാപ്പ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ട്. അതു പോലെ തന്നെ ഫ്രാന്‍സിസ് പാപ്പയുടെ മരിയഭക്തിയും പ്രസിദ്ധമാണ്. എല്ലാ ദിവസവും മുടങ്ങാതെ മുന്നു ജപമാല താന്‍ ചൊല്ലാറുണ്ട് എന്ന് മാര്‍പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. കെട്ടുകളഴിക്കുന്ന മാതാവിനോടും ഗ്വാദലൂപ്പെ മാതാവിനോടും അദ്ദേഹം സവിശേഷമായ ഭക്തി പുലര്‍ത്തുന്നുണ്ട്.

ഒരു ക്രിസ്ത്യാനിയുടെ, പ്രത്യേകിച്ച് ഒരു കത്തോലിക്കന്റെ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്ക് എത്ര പ്രധാനപ്പെട്ട പങ്കാണ് ഉള്ളത് എന്നത് വളരെ വ്യക്തമാണ്. വി. ലൂയി ഡി മോണ്‍ഫോര്‍ട്ട് തന്റെ യഥാര്‍ത്ഥ മരിയഭക്തി എന്ന ഗ്രന്ഥത്തിന്റെ ആരംഭ ഭാഗത്ത് ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വചനം മാംസം ധരിക്കാന്‍ മറിയത്തെ ദൈവത്തിന് ആവശ്യമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. വിശുദ്ധന്‍ എഴുതുന്നത് നോക്കുക: ‘മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്റെ ഏകജാതനെ ലോകത്തിന് നല്‍കിയത്. ഈ നിധി സ്വീകരിക്കുവാന്‍ വേണ്ടി 4000 നീണ്ട വര്‍ഷങ്ങള്‍ പൂര്‍വപിതാക്കന്മാര്‍ നെടുവീര്‍പ്പോടെ കാത്തിരിക്കുകയും പ്രവാചകരും പഴയ നിയമത്തിലെ വിശുദ്ധാത്മാക്കളും നിരവിധി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷേ, മറിയം മാത്രമേ അവളുടെ നിശബ്ദമായ പ്രാര്‍ത്ഥനകളുടെയും അത്യുത്കൃഷ്ടമായ സുകൃതങ്ങളുടെയും ശക്തിയാല്‍ അതിന് അര്‍ഹയായുള്ളൂ.’

യേശുവിന്റെ ജീവിതത്തിലും പരിശുദ്ധ അമ്മ എത്ര നിര്‍ണായകമായ പങ്കാണ് വഹിച്ചത് എന്നോര്‍ത്ത് നോക്കൂ. കാനായിലെ കല്യാണത്തിന്റെ അവസരത്തില്‍ ഈശോ തന്റെ ആദ്യത്തെ അത്ഭുതം നടത്തുന്നതു പോലും പരിശുദ്ധ അമ്മയുടെ ആഗ്രഹപ്രകാരമാണ്. ആ വീട്ടുകാരുടെ ബുദ്ധിമുട്ട് ആദ്യം ശ്രദ്ധിച്ചതും അത് മകനായ യേശുവിന്റെ ശ്രദ്ധയില്‍ പെടുത്തിയതും മാതാവാണ്. ആ സമയത്തു ജോലിക്കാരോട് മാതാവ് പറയുന്ന ഒരു വചനമുണ്ട് നിങ്ങള്‍ അവന്‍ പറയുന്നത് പോലെ ചെയ്യുവിന്‍! ഇക്കാര്യം തന്നെയാണ് എന്നും മറിയത്തിന് തന്റെ മക്കളോടും ലോകത്തോടും പറയാനുള്ളത്. എവിടെയെല്ലാം മാതാവ് പ്രത്യക്ഷപ്പെടുന്നുവോ അവിടെയെല്ലാം അവിടുന്ന് പറയുന്നത് യേശു പറയുന്ന വാക്കുകള്‍ അതായത് സുവിശേഷം അനുസരിക്കുക എന്നാണ്.

ഈശോയുടെ അന്ത്യനിമിഷത്തില്‍ അവിടുന്ന് തന്നെയാണ് പരിശുദ്ധ മറിയത്തെ ലോകത്തിന്റെയും പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെയും അമ്മയായി നല്‍കിയത്. ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോട് പറഞ്ഞപ്പോള്‍ യേശു തന്റെ മാതാവിനെ നമ്മുടെയെല്ലാം അമ്മയായി നല്‍കുകയായിരുന്നു. ശിഷ്യനായ യോഹന്നാ ന്‍ അന്ന് തന്നെ മാതാവിനെ സ്വന്തം വീട്ടില്‍ സ്വീകരിച്ചു. എന്നാല്‍ നമ്മളോ? ഇനിയും നാം പരിശുദ്ധ മാതാവിനെ നമ്മുടെ കുടുംബത്തില്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഇതാണ് സമയം. യേശു തന്നെയാണ് നമ്മോട് ആവശ്യപ്പെടുന്നത് ഇതാ നിന്റെ അമ്മ!

വളരെ നിശബ്ദയായാണ് പരിശുദ്ധ കന്യാമറിയത്തെ നാം വി. ഗ്രന്ഥത്തില്‍ കാണുന്നത്. വളരെ ചരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പരി. അമ്മ സംസാരിക്കുന്ന തായി നാം കാണുന്നത്. ഒന്ന് ഗബ്രിയേല്‍ മാലാഖയോടാ ണ്. രണ്ടാമത്തേത് കാനായിലെ കല്യാണം നടക്കുമ്പോള്‍ ആദ്യം യേശുവിനോടും പിന്നെ ആ വീട്ടിലെ വേലക്കാരോ ടും. ഇതാ കര്‍ത്താവിന്റെ ദാസി! എന്നാണ് അമ്മ മാലാഖ യോട് പ്രത്യുത്തരിക്കുന്നത്. വീഞ്ഞു തീര്‍ന്നു പോകുന്ന സന്ദര്‍ഭത്തില്‍ യേശുവിനോട് പറയുന്നത് അവര്‍ക്ക് വീഞ്ഞില്ല എന്നും. പിന്നീട് വേലക്കാരോട് പറയുന്ന താകട്ടെ, അവന്‍ പറയുന്നതു പോലെ ചെയ്യുവിന്‍ എന്നും.

വളരെ ചുരുക്കം വാക്കുകള്‍ മാത്രമാണ് അമ്മ സംസാരി ക്കുന്നതെങ്കിലും മാതാവ് പറയുന്ന വാക്കുകള്‍ അമ്മയുടെ മനസ്സിനെയും ആത്മീയതയെയും കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ആദ്യത്തേത് ഇതാ കര്‍ത്താവിന്റെ ദാസി എന്നാണ്. ദൈവഹിതത്തിന് പൂര്‍ണമായും കീഴ്‌വഴങ്ങുന്ന, സര്‍വവും ദൈവത്തിന് സമര്‍പ്പിച്ച ദാസിയുടെ മനസ്സാണ് അപ്പോള്‍ വെളിവാകുന്നത്. രണ്ടാമത്തേത് യേശുവിനോട് പറയുന്ന വാക്കുകളാണ്: അവര്‍ക്ക് വീഞ്ഞി ല്ല. മാധ്യസ്ഥം വഹിക്കുന്ന അമ്മയുടെ അനുകമ്പയുള്ള മനസ്സാണിവിടെ കാണുന്നത്. മൂന്നാമത്തേത് അവന്‍ പറയു ന്നതു പോലെ ചെയ്യുവിന്‍ എന്നാണ്. ലോകത്തോട് മുഴു വന്‍ പരിശുദ്ധ മാതാവ് എന്നും പറഞ്ഞു കൊണ്ടിരിക്കുന്ന ത് ഈ വാക്യമാണ്. യേശു പറയുന്ന വാക്കുകള്‍ അനുസരി ക്കുവിന്‍ എന്ന്. ദൈവ വചനം അനുസരിച്ച് ജീവിക്കുവിന്‍ എന്ന്.

ലോകത്തില്‍ ഉണ്ടായിരിക്കുന്ന എല്ലാ മരിയന്‍ പ്രത്യക്ഷീകരണങ്ങളും ശ്രദ്ധിച്ചു നോക്കൂ. മാതാവ് എപ്പോഴും പറയുന്നത് യേശുവിന്റെ വാക്കുകള്‍ അനുസരി ക്കാനാണ്, വചനം അനുസരിച്ച് ജീവിക്കുവാനാണ്. സ്വന്തം മഹത്വം തേടുന്ന മറിയത്തെ അല്ല ദൈവമഹത്വം അന്വേഷിക്കുന്ന അമ്മയെയാണ് നാം എല്ലായിടത്തും കാണുന്നത്. ജീവിത കാലത്തും മറിയം ഒരിക്കലും സ്വന്തം മഹത്വം അന്വേഷിക്കുന്നില്ല. എല്ലായിടത്തും ഈശോയ്ക്കു വേണ്ടി നിലകൊള്ളുന്ന അമ്മയാണ് പരിശുദ്ധ അമ്മ. ഇക്കാര്യം തന്നെയാണ് മാതാവ് ഇന്നും ചെയ്തു കൊണ്ടിരിക്കുന്നത്. രക്ഷാകര ദൗത്യത്തില്‍ മാതാവ് ഈശോയെ സഹായിക്കു കയാണ്. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയാണ് മാതാവ് പ്രത്യക്ഷപ്പെടുന്നത്. അത്രയേറെ ദൈവത്തിന് പ്രീതികര മായി ജീവിച്ചതു കൊണ്ടാണ് ദൈവം മറിയത്തെ ഇത്ര യേറെ മഹത്വപ്പെടുത്തുന്നതും ലോകം മുഴുവന്‍ ഈ മാതാവിനെ വാഴ്ത്തണമെന്ന് ആഗ്രഹിക്കുന്നതും.

തന്റെ മാസ്റ്റര്‍പീസായ മറിയത്തെ അന്ത്യകാലങ്ങളില്‍ വെളിപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു എന്ന് മറിയത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങളും അതിന്റെ കാരണങ്ങളും എന്ന അധ്യായത്തില്‍ വി. ലൂയി മോണ്‍ഫോര്‍ട്ട് എഴുതുന്നു. അതിന്റെ കാരണമായി വിശുദ്ധന്‍ പറയുന്നത് മാതാവിന്റെ എളിമയാണ്: വിശുദ്ധന്‍ പറയുന്നു: ‘ലോകത്തിന് അറിയപ്പെടാതിരിക്കാനുള്ള ആനുകൂല്യം ദൈവത്തില്‍ നിന്നും അപ്പോസ്തലന്മാരില്‍ നിന്നും സുവിശേഷകന്മാരില്‍ നിന്നും സുവിശേഷാത്മകമായി പ്രാപിച്ചു കൊണ്ട് മറിയം തന്റെ ജീവിതകാലത്ത് അഗാധമായ എളിമയാല്‍ തന്നെതന്നെ ധൂളിയേക്കാള്‍ നിസ്സാരമാക്കി.’

പരിശുദ്ധ മാതാവിനെ പോലെ ഒരു സ്ത്രീയും ലോക ചരിത്രത്തിലില്ല. മനുഷ്യരെ ഇത്രയേറെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സ്ത്രീയുമില്ല. ഈ മഹത്വം ദൈവം മറിയത്തിന് കനിഞ്ഞരുളിയതാണ്. ഏറ്റവും താഴ്മയോടെയും എളിമ യോടെയും ജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതിന് ദൈവം മറിയത്തിന് നല്‍കിയ സമ്മാനമാണ് ഇന്ന് നാം കാണുന്ന മഹത്വങ്ങള്‍. ദൈവം മഹത്വപ്പെടുത്തിയ ഈ അമ്മയെ നമ്മളും മഹത്വപ്പെടുത്തണം. യേശുവിന്റെ അമ്മ മാത്രമല്ല, തിരുസഭയുടെയും ലോകത്തിന്റെയും അമ്മയാണവിടുന്ന്. കാല്‍വരിക്കുരിശിന്റെ ചുവട്ടില്‍ വച്ച് യേശു
വി. യോഹന്നാനോട് അരുളിചെയ്തു: ഇതാ നിന്റെ അമ്മ! അതു വഴി അവിടുന്ന് പരിശുദ്ധ മറിയത്തെ ലോകത്തിന്റെ മുഴുവന്‍ അമ്മയായി നല്‍കുകയായിരുന്നു. ഈ ദൈവ മാതാവിനെ നമുക്ക് മഹത്വപ്പെടുത്താം. സ്‌നേഹിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles