കണ്ണാടിയില്‍ പ്രത്യക്ഷയായ മാതാവ്

റോമിലെ ചെറിയൊരു പട്ടണമായ വല്ലേകോര്‍സയില്‍ 1805 ഫെബ്രുവരി 4 നാണ് മരിയ ഡി മത്തിയാസ് ജനിച്ചത്. ധനിക കുടുംബാംഗമായ ജിയോവനി ഡി മത്തിയാസ് ആയിരുന്നു അവളുടെ പിതാവ്.

മരിയ ജനിച്ച കാലത്ത് വല്ലേകോര്‍സയിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു. ആ പരിസരത്തുള്ള യുവാക്കള്‍ പലരും ഗുണ്ടാസംഘത്തിലെ അംഗങ്ങളായിരുന്നു. അവര്‍ വീടുകള്‍ കൊള്ളയടിക്കുകയും ഗ്രാമവാസികളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടു പോയി മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങുക ഈ ഗുണ്ടകളുടെ പതിവായിരുന്നു. ധനിക കുടുംബത്തിലെ കുട്ടിയായിരുന്നതിനാല്‍ മരിയയെ അവര്‍ തട്ടിക്കൊണ്ടു പോയേക്കാം എന്നൊരു ഭയം നിലനിന്നിരുന്നു. അതിനാല്‍ പിതാവിനോടൊപ്പമല്ലാതെ അവള്‍ വീടിന് പുറത്തിറങ്ങിയിരുന്നില്ല.

തന്റെ സൗന്ദര്യത്തില്‍ അഭിമാനിച്ചിരുന്ന മരിയ പലപ്പോഴും കണ്ണാടിയുടെ മുന്നില്‍ തന്റെ സ്വര്‍ണത്തലമുടി മിനുക്കി കൊണ്ട് സമയം ചെലവഴിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് പതിനാറ് വയസ്സുണ്ടായിരുന്നപ്പോള്‍ സംഭവിച്ച ഒരു കാര്യം മരിയയുടെ ജീവിതം പാടെ മാറ്റി മറിച്ചു.

ഒരു ദിവസം പതിവു പോലെ സ്വന്തം മുടി മിനുക്കി കൊണ്ട് നില്‍ക്കേ മരിയ പരിശുദ്ധ മാതാവിന്റെ രൂപം കണ്ണാടിയില്‍ കണ്ടു. അപ്രതീക്ഷിതമായ ആ ദര്‍ശനം കണ്ട് മരിയ ഞെട്ടിപ്പോയി. മാതാവ് മരിയയോട് പറഞ്ഞു: എന്റെ കൂടെ വരൂ!

മരിയ മാതാവിനോട് സംസാരിക്കാന്‍ തുടങ്ങി. അവള്‍ മാതാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അവള്‍ക്ക് എഴുത്തും വായനയും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതൊന്നും തന്റെ മക്കള്‍ക്ക് ആവശ്യമുണ്ടെന്ന് അവളുടെ പിതാവ് വിശ്വസിച്ചിരുന്നില്ല. മാതാവ് അവളെ സഹായിക്കാമെന്നേറ്റു. മാതാവിന്റെ അനുഗ്രഹത്താല്‍ മരിയ അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചു.

വൈകാതെ അവള്‍ വീട്ടിലുണ്ടായിരുന്ന ആധ്യാത്മിക പുസ്തകങ്ങള്‍ എടുത്ത് വായിക്കാന്‍ ആരംഭിച്ചു. താന്‍ പരിശുദ്ധ മാതാവാണെന്ന് മാതാവ് അവള്‍ക്ക് വെളിപ്പെടുത്തി കൊടുത്തു. തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിക്കണം എന്നാണ് ദൈവഹിതം എന്ന് അവള്‍ മനസ്സിലാക്കി.

ഏഡി 1822 ലെ നോമ്പുകാലത്ത്, മിഷണറീസ് ഓഫ് പ്രഷ്യസ് ബ്ലഡ് സ്ഥാപകനായ ഗാസ്പര്‍ ഡെല്‍ ബുഫലോ അവരുടെ പട്ടണത്തില്‍ വന്നു പ്രസംഗിച്ചു. യേശുവിനെ അനുകരിച്ച് ജീവിക്കാനും അപരനില്‍ ദൈവത്തെ കാണുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നത് മരിയ കേള്‍ക്കാനിടയായി. മരിയയുടെ ഹൃദയം മറ്റുള്ളവരോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞു.

രണ്ടു വര്‍ഷം കഴിഞ്ഞു. ഗാസ്പറിന്റെ സഹായിയയാ ജോണ്‍ മെര്‍ലിനി വല്ലേകോര്‍സയില്‍ പ്രസംഗിക്കാനനെത്തി. അവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും വൈദികരുടെയും സംഘടനകള്‍ സ്ഥാപിക്കുവാന്‍ ആരംഭിച്ചു.

ഒരു ദിവസം മരിയ മെര്‍ലിനിയെ സമീപിച്ചു. അദ്ദേഹം അവളെ പെണ്‍കുട്ടികളുടെ സംഘടനയായ ഡോട്ടേഴ്‌സ് ഓഫ് മേരിയുടെ ചുമതല ഏല്‍പിച്ചു. അനേകം പെണ്‍കുട്ടികള്‍ സംഘടനയില്‍ അംഗമാകാന്‍ എത്തി. അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും പഠിക്കുകയും സംഭാഷണം നടത്തുകയും ചെയ്തു. വൈകാതെ പ്രായമായ സ്ത്രീകളും അവരോടൊപ്പം കൂടി.

1834 മാര്‍ച്ച് 4 ന് മരിയക്ക് 29 വയസ്സുളളപ്പോള്‍ ജോണ്‍ മെര്‍ലിനിയുടെ സഹായത്താല്‍ മരിയ സിസ്‌റ്റേഴ്‌സ് ഓഫ് അഡോറേഴ്‌സ് ഓഫ് ദ ബ്ലഡ് ഓഫ് ക്രൈസ്റ്റ് എന്ന സഭ സ്ഥാപിച്ചു. അധ്യാപനം നടത്തുക എന്നതായിരുന്നു ആ സംഘടനയുടെ പ്രാഥമിക ലക്ഷ്യം. മരിയ കന്യാവ്രതം സ്വീകരിച്ചു. മൂന്ന് തുള്ളി രക്തം പതിപ്പിച്ച ഒരു സ്വര്‍ണഹൃദയം ജോണ്‍ മെര്‍ലിനി അവള്‍ക്കു സമ്മാനിച്ചു. ഇത് അവള്‍ സ്ഥാപിച്ച സഭയുടെ ചിഹ്നമായി. 1855 ല്‍ പിയൂസ് ഒന്‍പതാമന്‍ പാപ്പാ ഈ സഭയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി.

2003 മെയ് 18 ാം തീയതി മരിയ ഡീ മത്തിയാസിനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles