മറിയം ത്രേസ്യയുടെ ജീവചരിത്രം മാര്‍പാപ്പ പ്രകാശം ചെയ്തു
വത്തിക്കാൻ സിറ്റി: മദർ മറിയം ത്രേസ്യയുടെ സമഗ്രജീവിതം പ്രതിപാദിക്കുന്ന ഗ്രന്ഥം ‘കുടുംബങ്ങളുടെ മധ്യസ്ഥ’ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടനാണ് മാർപാപ്പയ്ക്കു ഗ്രന്ഥം കൈമാറിയത്.
പുസ്തകം മറിച്ചുനോക്കിയ മാർപാപ്പ പുഞ്ചിരിയോടെ ചോദിച്ചു: “നിങ്ങളുടെ മാതൃഭാഷയിലാണല്ലേ മുഴുവൻ ലേഖനങ്ങളും.” “അതെ, സാധാരണക്കാർക്കുവേണ്ടി ഇറക്കുന്ന പുസ്തകമല്ലേ” എന്നു ബിഷപ് മറുപടിപറഞ്ഞു. പുസ്തകത്തിൽ കൈയൊപ്പ് ചാർത്തിയശേഷം, ‘വിശുദ്ധ മറിയം ത്രേസ്യയുടെ പ്രഭ പുസ്തകംവഴി എല്ലാവരിലേക്കും പരക്കട്ടെ’യെന്നും പരിശുദ്ധ പിതാവ് ആശംസിച്ചു.
മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന ഗ്രന്ഥത്തിൽ അത്യപൂർവമായ ചിത്രങ്ങളും പ്രഗല്ഭരുടെ ഈടുറ്റ ലേഖനങ്ങളും ഹൃദ്യമായ അനുഭവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, മുൻ എംപിയും എംഎൽഎയുമായ സാവിത്രി ലക്ഷ്മണൻ തുടങ്ങിയ പ്രമുഖരും വൈദികരും സിസ്റ്റേഴ്സും ദീപിക പത്രാധിപസമിതി അംഗങ്ങളും ‘കുടുംബങ്ങളുടെ മധ്യസ്ഥ’യിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.