കേരളീയര്ക്ക് നാളെ ആനന്ദസുദിനം. മറിയം ത്രേസ്യ വിശുദ്ധഗണത്തിലേക്കുയരും!
വത്തിക്കാൻ സിറ്റി: നാളെയാണ് കേരളം കാത്തിരുന്ന ആ ആനന്ദസുദിനം. ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെ നാ ളെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. കർദിനാൾ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നവരെയും നാളെ വിശുദ്ധരായി പ്രഖ്യാപിക്കും.
നാളെ രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കുന്ന ശുശ്രൂഷയിൽ ഫ്രാൻസിസ് മാർപാപ്പ നാമകരണം നിർവഹിക്കും. വിശുദ്ധരായി ഉയർത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാർ സഹ കാർമികരാകും. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ സഹകാർമികനാകും. അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിക്കുകയെന്നു പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര പറഞ്ഞു.
റോമിൽ വിശുദ്ധപദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു വൈകുന്നേരം നാലിനു മരിയ മജോരേ മേജർ ബസിലിക്കയിൽ ജാഗരണ പ്രാർഥന നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാർമികനാകും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും. സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും സംബന്ധിക്കും. സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് സ്വാഗതവും ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ മദർ ജനറൽ സിസ്റ്റർ ഉദയ നന്ദിയും പറയും.
തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അൾത്താരയിലും മറ്റു മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും പ്രത്യേകം സജ്ജമാക്കിയ വേദിയിലും സഹകാർമികരാകും. ബിഷപ് മാർ ജോസഫ് പാംപ്ലാനി ദിവ്യബലിമധ്യേ സന്ദേശം നൽകും. മലയാളിസാന്നിധ്യം ഹോളിഫാമിലി കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ഉദയ, മറിയം ത്രേസ്യയുടെ മാധ്യസ്ഥ്യത്താൽ അദ്ഭുതസൗഖ്യം നേടിയ ക്രിസ്റ്റഫർ, പിതാവ് പെരിഞ്ചേരി ചൂണ്ടൽ ജോഷി, മദർ മറിയം ത്രേസ്യയുടെ കുടുംബത്തിന്റെ പ്രതിനിധിയായി ആന്റോ മങ്കിടിയാൻ, സിഎച്ച്എഫ് മുൻ മദർ ജനറൽ സിസ്റ്റർ പ്രസന്ന, സിസ്റ്റർ ഡോ. ആനി കുര്യാക്കോസ് എന്നിവരാണ് വിശുദ്ധപദ പ്രഖ്യാപനചടങ്ങിൽ കാഴ്ചസമർപ്പണം നടത്തുക.