മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനതീയതി ഇന്നറിയാം
റോം: മലയാളിയായ മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കർദിനാൾമാർ ഉൾപ്പെടുന്ന കൺസിസ്റ്ററിയുടെ യോഗം ഇന്ന് സമ്മേളിക്കും. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ തീയതി ഈ യോഗത്തിൽ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഒക്ടോബറിലായിരിക്കും പ്ര ഖ്യാപനം എന്നാണു സൂചന.
സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ (തൃശൂർ), കർദിനാൾ ജോൺ ഹെന്‍ട്രി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാന്നിനി (ഇറ്റലി), സിസ്റ്റർ ഡ്യൂൾസ് ലോപ്പസ് പോന്തസ് (ബ്രസീൽ), സിസ്റ്റർ മാർഗരറ്റ് ബേയ്സ് (സ്വിറ്റ്സർലൻഡ്) എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനത്തിനാണ് കർദിനാൾമാരുടെ സമിതി ചേരുന്നത്.
വാഴ്ത്തപ്പെട്ട സിസ്റ്റർ മറിയം ത്രേസ്യയുടെയും കർദിനാൾ ഹെൻട്രി ന്യൂമാന്റെയും മാധ്യസ്ഥത്താൽ ലഭിച്ച അദ്ഭുത രോഗശാന്തികൾ അംഗീകരിച്ചതായി ഫെബ്രുവരി 12ന് മാർപ്പാപ്പ പ്രത്യേക ഡിക്രിയിലൂടെ പ്രഖ്യാപിച്ചിരുന്നു. സീറോ മലബാർ സഭയിൽ തിരുക്കുടുംബ സന്ന്യാസിനീസഭ സ്ഥാപിച്ച സിസ്റ്റർ മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ തൃശൂർ പുത്തൻചിറയിൽ 1876 ഏപ്രിൽ 26നാണു ജനിച്ചത്. 1926 ജൂൺ എട്ടിന് കുഴിക്കാട്ടുശേരിയിൽവച്ച് അന്തരിച്ചു.