മൂന്ന് നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയുടെ മരിയഭക്തി
എല്ലാ ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലുന്ന ഒരു അത്ഭുത മരിയഭക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ജര്‍മനിയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച് വി. ഡോണ്‍ ബോസ്‌കോ തുടങ്ങിയ വിശുദ്ധര്‍ സ്‌നേഹിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്തിരുന്ന ഈ മരിയഭക്തിയെ കുറിച്ച് കൂടുതല്‍ അറിയാം.
13 ാം നൂറ്റാണ്ടില്‍ വി. മെച്ചില്‍ഡേ ഓഫ് ഹാക്ക്‌ബോണ്‍ എന്ന ജര്‍മന്‍കാരിയായ ബെനഡിക്ടൈന്‍ കന്യാസ്ത്രീയിലൂടെയാണ് ഈ മരിയഭക്തി ഉത്ഭവിച്ചത്. ഈ വിശുദ്ധയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ട് പഠിപ്പിച്ചു കൊടുത്തതാണ് ഈ പ്രാര്‍ത്ഥന. പരിശുദ്ധ ത്രിത്വത്തിനുള്ള നന്ദിപ്രകടനമായി ചൊല്ലപ്പെടുന്ന ഈ പ്രാര്‍ത്ഥന മറിയത്തിന് ദൈവം നല്‍കിയ പ്രത്യേക അനുഗ്രഹങ്ങള്‍ക്കുള്ള കൃതജ്ഞതയാണ്.
1241 ല്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച വി. മെച്ചില്‍ഡേ മരണത്തെ കുറിച്ച് ചിന്തിച്ച് ഒരു ദിവസം അത്യന്തം പര്യാകുലയായി. അന്നേരം തന്റെ മരണസമയത്ത് തനിക്ക് സഹായം നല്‍കണമേ എന്ന് വിശുദ്ധ പരിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിച്ചു.
അമ്മ വിശുദ്ധയുടെ പ്രാര്‍ത്ഥന കേട്ടു മറുപടി നല്‍കി:
ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും. എന്നാല്‍ നീ ഒരു കാര്യം ചെയ്യണം. ഓരോ ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലണം. ആദ്യത്തെ ജപത്തില്‍ നീ അപേക്ഷിക്കേണ്ടത് ഇതാണ്: ദൈവ പിതാവ് എന്നെ മഹത്വത്തിലേക്ക് ഉയര്‍ത്തി സ്വര്‍ഗത്തിലും ഭൂമിയിലും ഏറ്റവും ശക്തയായ സൃഷ്ടിയായി മാറ്റിയതു പോലെ ഞാന്‍ നിങ്ങളെ ശക്തിപ്പെടുത്തുകയും ശത്രുവിനെയും അവന്റെ എല്ലാ ശക്തികളെയും തുരത്താന്‍ വേണ്ടി. രണ്ടാമത്തെ നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ ഓര്‍ക്കേണ്ടത്, പുത്രനായ ദൈവം എന്നെ മറ്റെല്ലാം വിശുദ്ധര്‍ക്കും ഉള്ളതിനേക്കാളും വലിയ ജ്ഞാനത്തില്‍ നിറച്ചുവെന്നും ആകയാല്‍ നിങ്ങളുടെ ജീവതാന്ത്യത്തില്‍ ഞാന്‍ നിങ്ങളുടെ സമീപത്തു വന്ന് നിങ്ങളുടെ ആത്മാവിനെ വിശ്വാസത്തിന്റെയും സത്യജ്ഞാനത്തിന്റെയും വെളിച്ചത്താല്‍ നിറക്കുവാന്‍ വേണ്ടി. മൂന്നാമത്തെ നന്മ നിറഞ്ഞ ചൊല്ലുമ്പോള്‍ നിങ്ങള്‍ ധ്യാനിക്കേണ്ടത് പരിശുദ്ധാത്മാവ് തന്റെ സ്‌നേഹമാധുര്യത്താല്‍ എന്നെ നിറച്ച് എന്നെ ഏറ്റവും മാധുര്യമുള്ളവളും കാരുണ്യമുള്ളവളും ആക്കിയതിനാല്‍ നിങ്ങളുടെ ആത്മാവിനെ ദൈവസ്‌നേഹമാധുര്യത്താല്‍ നിറച്ച് നിങ്ങളുടെ മരണത്തിന്റെ കയ്പു മാറ്റി ആനന്ദമായി പരിണമിപ്പിക്കുന്നതിനായി.
വി. മെച്ചില്‍ഡേയ്ക്ക് മാത്രമല്ല ഈ ദര്‍ശനമുണ്ടായത്. വി. ജെത്രൂദിനും ഒരു ദൈവദര്‍ശനമുണ്ടായി. മംഗളവാര്‍ത്താ തിരുനാള്‍ ദിവസം നന്മ നിറഞ്ഞ മറിയമേ ജപം ആലപിക്കാന്‍ നേരം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഹൃദയങ്ങളില്‍ നിന്ന് മൂന്ന് നീരുറവകള്‍ ഒഴുകിയെത്തി അവ പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിലേക്ക് കയറുന്നു.
അന്നേരം വിശുദ്ധ ഒരു സ്വരം കേട്ടു: പിതാവിന്റെ ശക്തിക്ക് ശേഷം പുത്രന്റെ ജ്ഞാനത്തിനും പരിശുദ്ധാത്മാവിന്റെ കരുണയ്ക്കും ശേഷം ശക്തിയിലും ജ്ഞാനത്തിലും ആര്‍ദ്രമായ കരുണയിലും പരിശുദ്ധ മറിയത്തിന് തുല്യയായി മറ്റാരുമില്ല.
എല്ലാ ദിവസവും പരിശുദ്ധ മറിയമേ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് മരണസമയത്ത് പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കുമെന്ന് പരിശുദ്ധ അമ്മ വാഗ്ദാനം ചെയ്തു. ആ സമയം പരിശുദ്ധ അമ്മ അവര്‍ക്കു മുന്നില്‍ മഹിമയോടെ പ്രത്യക്ഷപ്പെട്ട് ആനന്ദം പകരും.
എങ്ങനെ പ്രാര്‍ത്ഥിക്കണം ഈ ജപം?
എന്റെ അമ്മയായ മറിയമേ, മാരകപാപത്തില്‍ വീഴാതെ എന്നെ കാക്കണമേ,
പിതാവായ ദൈവം അങ്ങേയ്ക്ക് നല്‍കിയ ശക്തിയാല്‍
നന്മ…
പുത്രനായ ദൈവം അങ്ങേയ്ക്ക് നല്‍കിയ ജ്ഞാനത്താല്‍
നന്മ…
പരിശുദ്ധാത്മാവായ ദൈവം അങ്ങേയ്ക്ക് നല്‍കിയ സ്‌നേഹത്താല്‍
നന്മ….
ത്രിത്വസ്തുതി
മറിയമേ, അവിടുത്തെ അമലോത്ഭവത്താല്‍ എന്റെ ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കണമേ. ആമ്മേന്‍.