മാര്‍ഗം കളി
കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്ന സിനിമയിലെ പ്രസിദ്ധമായ ഒരു ഗാനമാണ് ‘പാരുടയ മറിയമെ’ എന്ന് തുടങ്ങുന്ന ഗാനം. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാ രൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാര്‍ഗംകളി. ഈ കലാ രൂപത്തിന്റെ ചെറിയ ഒരു ഭാഗമാണ് മേല്‍ പ്രസ്താവിച്ച സിനിമയിലെ ഗാന രംഗത്ത് കാണിച്ചത് .
മാര്‍ഗം കളിയുടെ ചരിത്രം
എ ഡി 52 ല്‍ കേരളം സന്ദര്‍ശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ കലാരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാന വിഭാഗത്തെ മാര്‍ഗം കളിപ്പാട്ട് എന്നാണ് പറയുന്നത്. ആദ്യ കാലങ്ങളില്‍ പുരുഷന്മാര്‍ ആയിരുന്നു കളിച്ചിരുന്നതെങ്കിലും പിന്നീട് സ്ത്രീകള്‍ ഈ കലാരൂപം ഏറ്റെടുക്കുകയായിരുന്നു. മാര്‍ഗം കളി എന്ന പേര് വന്നത് പാലി ഭാഷയില്‍ നിന്നാണ്. പാലി ഭാഷയിലെ മഗ്ഗ എന്നതില്‍ നിന്നാണ് മാര്‍ഗം എന്ന വാക്ക് ഉത്ഭവിച്ചത്. പുതിയ ജീവിത രീതിക്ക് അതായത് ബുദ്ധ മത പരിവര്‍ത്തനം ചെയ്യുന്നതിനെ മാര്‍ഗം കൂടുക എന്ന് പറഞ്ഞിരുന്നു. ക്രൈസ്തവരും മത പരിവര്‍ത്തനം ചെയ്താല്‍ മാര്‍ഗം കൂടുക എന്നായിരുന്നു പുരാതന കാലത്ത് പറഞ്ഞിരുന്നത്. പിന്നീട് ഈ വാക്ക് ഏതു മതം ചേരുന്നതിനെയും സൂചിപ്പിക്കാന്‍ തുടങ്ങി. മാര്‍ഗം കളി എന്ന പേരില്‍ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തു മാര്‍ഗത്തെയാണ്.
1600 നും 1700 നും ഇടക്കുള്ള കാലത്താണ് ഈ കളിയുടെ ഉത്ഭവം എന്ന് കരുതുന്നു. നമ്പൂതിരിമാര്‍ക്കിടയില്‍ നിലവില്‍ ഉണ്ടായിരുന്ന സംഘക്കളിയുമായി ഇതിനു വളരെയധികം സമാനതകള്‍ ഉണ്ടെന്ന് വിവിധ ചരിത്ര രേഖകള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ വട്ടക്കളിയില്‍ നിന്നാണ് മാര്‍ഗം കളി ഉത്ഭവിച്ചത് . കൂടാതെ മാര്‍ഗം’എന്ന വാക്കിന്റെ മലയാളം അര്‍ഥം വഴി, ഉത്തരം എന്നൊക്കെയാണ് എന്നാല്‍ ആത്മീയ തലത്തില്‍ മുക്തിയിലേക്കുള്ള വഴി എന്നാണ് അര്‍ത്ഥമാക്കുന്നത്. അടുത്ത കാലം വരെ കേരളത്തില്‍ ക്രിസ്തീയ മതത്തിലേക്ക് മാറുന്നതിനെ മാര്‍ഗം കൂടല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
മാര്‍ഗം കളിയാകുമ്പോള്‍
യഥാര്‍ത്ഥ മാര്‍ഗം കളി തോമാ ശ്ലീഹാ കേരളത്തില്‍ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവര്‍ത്തികളെയും അദ്ദേഹത്തോ ടൊപ്പം പ്രവര്‍ത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ച് വിവരിക്കുന്നവയാണ്. ഈ വിവരങ്ങള്‍ കലാരൂപത്തിന്റെ പാട്ടിന്റെ വരികളില്‍ പറയുന്നുണ്ട്. ആദ്യകാല മാര്‍ഗം കളിയും ഇന്നത്തെ മാര്‍ഗം കളിയും തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ ഉണ്ട്. മാര്‍ഗം കളിയുടെ ചരിത്രത്തെ മൂന്നായി തരം തിരിക്കാം.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് പുരോഹിതനായിരുന്ന ഇട്ടി തൊമ്മന്‍ കത്തനാരുടെ പ്രയത്‌നത്തിന്റെ ഫലമായി മാര്‍ഗം കളിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഈ കാലത്താണ് പതിനാലു കാവ്യഖണ്ഡങ്ങളായി ഈ കളിയെ രൂപപ്പെടുത്തിയത്. പക്ഷേ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ കലാരൂപം ആരും അവതരിപ്പിക്കതെ യായി. അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാര്‍ഗം കളി എന്ന കലാരൂപം വീണ്ടും ജനപ്രിയമായി മാറുകയും ചെയ്തു. പന്ത്രണ്ടു പേരാണ് മാര്‍ഗം കളിയില്‍ പങ്കെടുക്കുന്നത്. കത്തിച്ചു വച്ച തിരി വിളക്കിന് ചുറ്റും നിന്ന് കൈ കൊട്ടി പാടിയാണ് മാര്‍ഗം കളി നടക്കുന്നത്. പരമ്പരാഗതമായ വെള്ള ചട്ടയും മുണ്ടും അണിഞ്ഞാണ് കളി അവതരിപ്പിക്കുന്നത്. വിളക്ക് ക്രിസ്തുവിനെയും പന്ത്രണ്ടു പേര് ശിഷ്യമാരെയും സൂചിപ്പിക്കുന്നു. കളിയാശാന്‍ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയില്‍ അണി നിരക്കുന്ന കളിക്കാര്‍ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്ത സമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് മാര്‍ഗം കളിയുടെ ചിട്ട.