വിയറ്റ്‌നാമില്‍ നിന്ന് വി. കൊച്ചുത്രേസ്യയുടെ കൂട്ടുകാരന്‍
വടക്കന്‍ വിയറ്റ്‌നാമിലെ ഒരു ചെറിയ ഗ്രാമത്തില്‍ 1928 ലാണ് മാര്‍സല്‍ ന്‍ഗുയെന്‍ ടാന്‍ വാന്‍ ജനിച്ചത്. കത്തോലിക്കാ ഭൂരിപക്ഷമുള്ള ആ ഗ്രാമത്തില്‍ അമ്മയില്‍ നിന്ന് ആഴമായ വിശ്വാസപരിശീലനം മാര്‍സല്‍ ചെറുപ്രായത്തിലേ നേടിയെടുത്തു. മൂന്നാം വയസ്സില്‍ അവന്‍ അമ്മയോട് പറഞ്ഞു, തനിക്ക് ഒരു വിശുദ്ധനാകണമെന്ന്.
മരിയഭക്തി മാര്‍സലിന്റെ ജീവിതത്തിലെ അഭിഭാജ്യഘടകം ആയിരുന്നു. ജപമാല ചൊല്ലുന്നത് അവന് ഏറെ ഇഷ്ടമായിരുന്നു. അതിയായ ആഗ്രഹം മൂലം ആറാം വയസ്സില്‍ മാര്‍സല്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. വളര്‍ന്നപ്പോള്‍ അവന്‍ സന്ന്യാസജീവിതം തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചു. ഹൂബാംഗ് എന്ന സ്ഥലത്തുള്ള ഒരു ചെറിയ ആശ്രമത്തില്‍ മാര്‍സല്‍ ചേര്‍ന്നു.
ആദ്യകാലങ്ങളിലെ ആവേശവും ആനന്ദവും വൈകാതെ സഹനങ്ങള്‍ക്കു വഴിമാറി. മികച്ച വിദ്യാര്‍ത്ഥിയും എല്ലാവര്‍ക്കും മാതൃകയുമായിരുന്ന മാര്‍സല്‍ അധ്യാപകരുടെ കണ്ണിലുണ്ണിയായി. ഇത് മറ്റു മുതിര്‍ന്ന കുട്ടികളുടെ കടുത്ത അസൂയയ്ക്ക് കാരണമായി.
വേദപാഠകരില്‍ ഒരുവനായ മാസ്റ്റര്‍ വിന്‍ ആയിരുന്ന അവരുടെ തലവന്‍. മാര്‍സല്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് മുമ്പായി അവനെ തല്ലാന്‍ തന്നെ അനുവദിക്കണമെന്ന് വിന്‍ മാര്‍സലിനോട് ആവശ്യപ്പെട്ടു. അവര്‍ മാര്‍സലിന്റെ ഭക്ഷണം എടുത്തു കൊണ്ടു പോവുകയും ജപമാല മോഷ്ടിക്കുകയും പലവിധ ദ്രോഹങ്ങള്‍ അവനെതിരെ ചെയ്യുകയും ചെയ്തു. ദ്രോഹങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ മെച്ചപ്പെട്ട ഒരു അന്തരീക്ഷം തേടി ഓടിപ്പോയി. അവസാനം മാസ്റ്റര്‍ വിന്‍ പിടിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു. 1941 ലെ ക്രിസ്മസ് കാലത്ത് മാര്‍സെലും ആ ആശ്രമം വിട്ടു.
അക്കാലത്ത് തുടര്‍ച്ചയായുണ്ടായ രണ്ട് ചുഴലിക്കാറ്റുകള്‍ മാര്‍സലിന്റെ ഗ്രാമത്തെ തകര്‍ത്തു കളഞ്ഞു. അവന്റെ കുടുംബം വഴിയാധാരമായി. നിരാശനായി മാര്‍സലിന്റെ പിതാവ് മദ്യപാനും ചൂതാട്ടവും ആരംഭിച്ചു. മൂത്ത സഹോദരന് അന്ധത ബാധിച്ചു. ആശ്രമം വിട്ടതു കൊണ്ടാണ് ഇതെല്ലാം വന്നത് എന്നു പറഞ്ഞ് കുടുംബാംഗങ്ങള്‍ മാര്‍സലിനെ കുറ്റപ്പെടുത്തി. മാര്‍സല്‍ വീടു വിട്ടു പോയി, ഭിക്ഷ യാചിച്ച് അലഞ്ഞു നടന്നു. വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും അമ്മ അവനോട് ആശ്രമത്തിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും മടങ്ങിയെത്തി.
1942 ല്‍ മാര്‍സല്‍ ലാംഗ് സോനിലെ സെമിനാരിയില്‍ ചേര്‍ന്നു. ആറ് മാസം കഴിഞ്ഞപ്പോള്‍ സെമിനാരി അടച്ചു പൂട്ടി. അതിനെ തുടര്‍ന്ന് വാന്‍ ക്വാംഗ് ഉയെനിലെ വി. കൊച്ചു ത്രേസ്യയുടെ പേരില്‍ ഡോമിനക്കന്‍ വൈദികര്‍ നടത്തിയിരുന്ന ഇടവകയിലേക്ക് സ്വീകരിക്കപ്പെട്ടു.
ഒരു ദിവസം മാര്‍സല്‍ ഇടവകയിലെ ഒരു പൂസ്തക്കൂട്ടം കണ്ടു. കണ്ണടച്ച് നല്ലൊരു പുസ്തകം വായിക്കാന്‍ കിട്ടണെ എന്ന പ്രാര്‍ത്ഥനയോടെ മാര്‍സല്‍ ഒരു പുസ്തകം അക്കൂട്ടത്തില്‍ നിന്ന് വലിച്ചെടുത്തു. അത് വി. കൊച്ചുത്രേസ്യയുടെ ആത്മകഥ ആയിരുന്നു. കൊച്ചുത്രേസ്യയുടെ ആത്മകഥ മാര്‍സലിനെ കരയിച്ചു. വിശുദ്ധയുടെ ലാളിത്യവും വിശുദ്ധിയും അവനെ ആഴത്തില്‍ സ്വാധീനിച്ചു. ഗാഢമായ ഭക്തി കൊണ്ട് അവന്‍ നിറഞ്ഞു.
ലിസ്യുവിലെ കൊച്ചുത്രേസ്യ മാര്‍സലിന് പല തവണ പ്രത്യക്ഷപ്പെട്ടു. വിശുദ്ധ അവന്റെ ആത്മീയ അധ്യാപികയായി. കുഞ്ഞു സഹോദരാ എന്നാണ് അവര്‍ മാര്‍സിനെ വിളിച്ചിരുന്നത്. അവന്‍ ഒരിക്കലും ഒരു വൈദികന്‍ ആകുകയില്ല എന്നും എന്നാല്‍ സ്‌നേഹത്തിന്റെ അജ്ഞാതനായ അപ്പോസ്തലന്‍ ആകും എന്നും അപ്രകാരം അനേകം വൈദികരെ ആത്മീയമായി പിന്തുണയ്ക്കും എന്നും വിശുദ്ധ പറഞ്ഞു.
കാലം കടന്നു പോയി. ഫ്രഞ്ച് സൈന്യം ഡിയെന്‍ ബിയെന്‍ ഫൂയില്‍ വച്ച് പരാജയപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള വടക്കന്‍ വിയറ്റ്‌നാമിലേക്ക് പോകാന്‍ മാര്‍സല്‍ സന്നദ്ധനായി. 1955 ജൂലൈ 7 ന് മാര്‍സല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 31 ാം വയസ്സില്‍ 1959 ജൂലൈ 10 ാം തീയതി ജയിലില്‍ വച്ച് മാര്‍സല്‍ മരണമടഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.