പാലാ രൂപതയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി മാര്‍ സ്ലീവാ മെഡിസിറ്റി ആശീര്‍വദിച്ചു
പാലാ: പാലാ രൂപത ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ വെഞ്ചരിപ്പ് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. രോഗീശുശ്രൂഷയ്ക്ക് ബൈബിളിൽ വലിയ പ്രാധാന്യമുണ്ടെന്നു കർദിനാൾ പറഞ്ഞു. ഈശോയുടെ ശുശ്രൂഷയുടെ വലിയൊരു ഭാഗം രോഗീശുശ്രൂഷയായിരുന്നു. കർത്താവിന്റെ ശുശ്രൂഷ ലോകത്ത് തുടരുക എന്നതാണ് ആശുപത്രികൊണ്ടു ലക്ഷ്യമാക്കുന്നതെന്നും കൂട്ടായ പ്രവർത്തനങ്ങൾക്കു വലിയൊരു മാതൃകയാണ് പാലാ രൂപതയുടെ മാർ സ്ലീവാ മെഡിസിറ്റിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ മാത്യു അറക്കൽ, മാർ ജോണ്‍ നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എംഎൽഎമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധകൃഷ്ണൻ, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, പി.സി. ജോർജ്, സുരേഷ് കുറുപ്പ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഒരാഴ്ച ജനങ്ങൾക്ക് ആശുപത്രി സമുച്ചയവും സജ്ജീകരണങ്ങളും കാണാൻ സൗകര്യമുള്ള ഓപ്പണ്‍ ഹൗസ് ദിനങ്ങളായിരിക്കും. ഒപി, ഐപി പ്രവർത്തനം ഒക്ടോബർ ആദ്യവാരത്തിൽ തുടങ്ങും. മെഡിസിറ്റിയുടെ ഉദ്ഘാടനം അതിനുശേഷം നടക്കും. 17 സൂപ്പർ സ്പെഷാലിറ്റി, 22 സ്പെഷാലിറ്റി ഡിപ്പാർട്ടുമെന്റുകൾക്കു പുറമെ ആയുർവേദ, ഹോമിയോ ചികിത്സ സംവിധാനങ്ങളും മെഡിസിറ്റിയിൽ ലഭ്യമാണ്.
27 ഏക്കറിലെ 5,67,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം പൂർത്തിയാക്കിയത്. 750 പേർക്കു കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 275 കിടക്കകൾ സജ്ജമാക്കും.
വാർഡുകൾ അടക്കം പൂർണമായും ശീതീകരിച്ച ആശുപത്രിയിൽ 17 സൂപ്പർ സ്പെഷാലിറ്റി, 22 സ്പെഷാലിറ്റി, 10 തീവ്രപരിചരണ വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ, അറുപതിൽ അധികം ഡോക്ടർമാരുടെ സേവനം എന്നിവയുണ്ടാകും. അലോപ്പതിക്കു പുറമെ ആയുർവേദ- ഹോമിയോപ്പതി ചികിത്സാവിഭാഗങ്ങളും പ്രവർത്തിക്കും. കാത്ത് ലാബ്, സിടി, എംആർഐ, അവയവദാനത്തിനായുള്ള ഓപ്പറേഷൻ തിയേറ്റർ, ഒരേസമയം 25 പേർക്ക് ഡയാലിസിസ് നടത്താവുന്ന യൂണിറ്റ്, ഇലക്ട്രോണിക് മെഡിക്കൽ റിക്കാർഡ്സ്, ലാബുകൾ, ബ്ലഡ് ബാങ്കുകൾ, തീവ്രപരിചരണ സംവിധാനത്തോടെയുള്ള രണ്ട് ആംബുലൻസുകൾ, 350 പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന കാന്റീൻ, വിശാലമായ പാർക്കിംഗ് എന്നീ സൗകര്യങ്ങളുണ്ട്.