മാർ പവ്വത്തിലിന് ഓണററി ഡോക്ടറേറ്റ്
കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെ ആഗോള കത്തോലിക്കാസഭയിൽ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം (കോണ്ഗ്രിഗേഷൻ ഫോർ കാത്തലിക് എഡ്യൂക്കേഷൻ) ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. വിദ്യാഭ്യാസ സാമൂഹിക മേഖലകളിലും സഭാതലത്തിലുമുള്ള മൗലികവും സമഗ്രവുമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. പൊന്തിഫിക്കൽ പദവിയുള്ള പൗരസ്ത്യവിദ്യാപീഠം നല്കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണിത്.ദൈവശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് സഭാവിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ വിജ്ഞാനശാഖകളിൽ, മാർ പവ്വത്തിലിന്റെ തനതായ ദൈവശാസ്ത്രദർശനങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷസ്ഥാനം രണ്ടു തവണ വഹിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ മാർ പവ്വത്തിൽ വഹിച്ച പങ്ക് നിസ്തുലമാണെന്നും പൗരസ്ത്യ വിദ്യാപീ ഠം പത്രക്കുറിപ്പിൽ അറിയിച്ചു.