മാർ പഴയാറ്റിൽ വിശുദ്ധിയുടെ ആത്മീയ ആചാര്യനെന്ന് മാര്‍ കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: വിശുദ്ധിയുടെ ആത്മീയ ആചാര്യനാണു കാലം ചെയ്ത ബിഷപ് മാർ ജയിംസ് പഴയാറ്റിലെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപതയുടെ ശിൽപിയും പ്രഥമ ബിഷപ്പുമായ മാർ ജയിംസ് പഴയാറ്റിലിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ ബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആഴമുള്ള ദൈവാശ്രയ ബോധത്തിന്റെ ആൾരൂപമായിരുന്നു ജയിംസ് പിതാവ്. ആത്മാർഥതയുടെയും സത്യസന്ധതയുടെയും കൃത്യതയുടെയും പാഠങ്ങളാണ് ആർദ്ര ഹൃദയത്തിനുടമയായ അദ്ദേഹം നമ്മെ പഠിപ്പിച്ചത്- മാർ കണ്ണൂക്കാടൻ പറഞ്ഞു.
ഇരിങ്ങാലക്കുട കത്തീഡ്രലിൽ നടന്ന അനുസ്മരണ ദിവ്യബലിക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറാൾമാരായ മോണ്‍. ആന്റോ തച്ചിൽ, മോണ്‍. ലാസർ കുറ്റിക്കാടൻ, മോണ്‍. ജോയ് പാല്യേക്കര, കത്തീഡ്രൽ വികാരി റവ.ഡോ. ആന്റു ആലപ്പാടൻ, ഫൊറോന വികാരിമാർ എന്നിവർ സഹകാർമികരായി.
ഇരിങ്ങാലക്കുട രൂപതയിലെ മുഴുവൻ വൈദികരും സന്യസ്ത പ്രതിനിധികളും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളും ദേവാലയ ശുശ്രൂഷികളും നടത്തുകൈക്കാരന്മാരും പങ്കെടുത്തു. മാർ പഴയാറ്റിലിന്റെ കബറിടത്തിൽ പ്രത്യേക പ്രാർഥനയും തുടർന്നു സ്നേഹവിരുന്നും നടന്നു. ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ, വൈസ് ചാൻസലർ റവ.ഡോ. കിരൺ തട്ട്ള, ഫിനാൻസ് ഓഫീസർ ഫാ. വർഗീസ് അരിക്കാട്ട്, സെക്രട്ടറി ഫാ. ജോയൽ ചെറുവത്തൂർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.