മാർ പവ്വത്തിലിനു മാർത്തോമ്മാ പുരസ്കാരം സമ്മാനിച്ചു
പൗരസ്ത്യസഭകളുടെ പൈതൃക സംരക്ഷണത്തിന് ഉദാത്തമായ സംഭാവന നൽകിയ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന് സമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം മാർത്തോമ്മാ പുരസ്കാരം സമ്മാനിച്ചു. തോമാശ്ലീഹയുടെ കർമധീരതയും ആഴമായ ദൈവാനുഭവവുമാണ് ഭാരതസഭയുടെ വിശ്വാസ പൈതൃകത്തിന്റെ അടിത്തറയെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
അല്മായർക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ ചങ്ങനാശേരി മാർത്തോമ്മ വിദ്യാനികേതന്റെ 29-ാം വാർഷികസമ്മേളനവും മാർത്തോമ്മാ പുരസ്കാര സമർപ്പണവും അതിരൂപതകേന്ദ്രത്തിലെ മാർ കാളാശേരി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. മാർത്തോമ്മാശ്ലീഹായുടെ വിശ്വാസ പൈതൃകം അഭംഗുരം പരിപാലിച്ചു തലമുറകൾക്കു കൈമാറാൻ സഭാംഗങ്ങൾക്കു കഴിയണമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു.
മാർ ജോസഫ് പവ്വത്തിൽ എഴുതിയ ‘നാളേക്കായി’എന്ന പുസ്തകത്തിന്റെ പ്രകാശനവും ആർച്ച്ബിഷപ് നിർവഹിച്ചു. നമ്മുടെ വിശ്വാസം അനൈക്യത്തിലേക്കല്ല ഐക്യത്തിലേക്കു നയിക്കണമെന്നും മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കൈമാറുന്നതിൽ നമുക്ക് വലിയ പങ്കുണ്ടെന്നും മറുപടി പ്രസംഗത്തിൽ മാർ പവ്വത്തിൽ ഉദ്ബോധിപ്പിച്ചു. സഹായ മെത്രാൻ മാർ തോമസ് തറയിൽ സത്യദർശനം ഓൺലൈൻ എഡിഷന്റെ ഉദ്ഘാടനം നിർവഹിച്ചു.
വികാരി ജനറാൾ മോണ്. തോമസ് പാടിയത്ത് അധ്യക്ഷതവഹിച്ചു. റവ.ഡോ. മാത്യു ഉഴിക്കാട്ട്, ഡോ. കുര്യാസ് കുന്പളക്കുഴി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡയറക്ടർ റവ.ഡോ. ജോസഫ് കൊല്ലാറ, റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ജയിംസ് കൊക്കാവയലിൽ, അഡ്വ.ജോർജ് വർഗീസ് കോടിക്കൽ, അഡ്വ.റോയി തോമസ്, പ്രഫ. സെബാസ്റ്റ്യൻ വർഗീസ്, ജോർജ് കെ.പോൾ, എം.ഒ.മത്തായി, ജെയ്സണ് അറയ്ക്കൽ, സ്നേഹ മാത്യു എന്നിവർ പ്രസംഗിച്ചു.