താമരശ്ശേരി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി കാലം ചെയ്തു
തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി കുടുംബത്തിൽ 1934 ഫെബ്രുവരി 7 ന് പോൾ ജനിച്ചു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം വൈദീക പരിശീലനത്തിനായി 1953 ൽ തൃശുർ മൈനർ സെമിനാരിയിൽ ചേർന്നു. ഫിലോസഫി പഠനം ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കി ദൈവശാസ്ത്ര പഠനത്തിനായി റോമിലെ പ്രൊപഗാന്തെ ഫീദെ കോളേജിലെത്തി. 1961 ഒക്ടോബർ 18 ന് റോമിൽ വച്ച് വൈദികനായി അഭിഷിക്തനായി. 1966 ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്റ്ററേറ്റ് സ്വീകരിച്ച് നാട്ടിൽ തിരിച്ചെത്തി.
തൃശുർ അതിരൂപതയിലെ ആളൂർ, വല്ലച്ചിറ എന്നീ ഇടവകകളിലെ ശുശ്രൂഷയ്ക്കു ശേഷം അതിരൂപത ജുഡീഷ്യൽ വികാർ, ചാൻസലർ എന്നീ നിലകളിൽ സേവനം ചെയ്ത ഫാ പോൾ ചിറ്റിലപ്പിള്ളിയെ മാർ ജോസഫ് കുണ്ടുകുളം 1978 ൽ രൂപത വികാരി ജനറാളായി നിയമിച്ചു. ഈ കാലഘട്ടത്തിൻ തൃശൂർ സെൻ്റ് തോമസ് കോളേജിൻ്റെ മാനേജറായും പ്രവർത്തിച്ചു. 1986 ൽ ജോൺ പോൾ രണ്ടാമൻ പാപ്പ തൃശൂർ സന്ദർശിച്ചപ്പോൾ മുഖ്യ സംഘാടകൻ മോൺ പോൾ ചിറ്റിലപ്പിള്ളിയായിരുന്നു. തൃശൂർ അതിരൂപതയിലെ കുടുംബ കൂട്ടായ്മ സംവിധാനത്തിന് വ്യക്തമായ ദർശനം നൽകുന്നതിൽ മോൺ പോൾ ചിറ്റിലപ്പിള്ളി അതീവ തല്പരനായിരുന്നു.
തൻ്റെ പുതിയ കർമ്മമണ്ഡലം മുംബെ ആണന്ന് മനസ്സിലാക്കി അവിടെ സേവനം ചെയ്തു വരവെ ,1988 ആഗസ്റ്റ് 24 ന് കല്യാൺ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനാക്കപ്പെട്ടു. 9 വർഷത്തെ കല്യാൺ രൂപതയിലെ സേവനത്തിശേഷം 1997 ഫെബ്രുവരി 8 ന് താമരശ്ശേരി രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 2010 ഏപ്രിൽ 8 ന് രൂപത അദ്ധ്യക്ഷ പദവിയിൽ നിന്നും വിരമിച്ച് താമരശ്ശേരിയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. .
സഭാ നിയമങ്ങളെ വ്യക്തമായ കാഴ്ചപാടുകളോടെ അജപാലന ശുശ്രൂഷയുടെ ഭാഗമാക്കിയ ഒരു കർമ്മയോഗിയാണ് മാർ പോൾ ചിറ്റിലപ്പിള്ളി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.