ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം: മാർ പാംപ്ലാനി
തൃശൂർ: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്നു തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി.കഴിഞ്ഞ നാലുവർഷമായി നിയമന അംഗീകാരം പോലും ലഭിക്കാത്ത നൂറുകണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകർ നമ്മുടെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിയാൽ അയ്യായിരം വിദ്യാർഥികൾ ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവരും.
മാനേജ്മെന്റ് സ്കൂളുകൾ സർക്കാർ സ്ഥാപനങ്ങളാക്കി മാറ്റാനാണു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃശൂർ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംഘടിപ്പിച്ച അധ്യാപക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മാർ പാംപ്ലാനി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്ത അധ്യാപകസംഗമത്തിൽ മോണ്‍. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യാപക അവാർഡ് നേടിയ സ്റ്റെയിനി ചാക്കോയെ യോഗത്തിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച അതിരൂപതയിലെ 35 വിദ്യാലയങ്ങൾക്ക് ട്രോഫികൾ വിതരണം ചെയ്തു. അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ആന്റണി ചെന്പകശേരി, ജോഷി വടക്കൻ, പി.ഡി. വിൻസന്റ്, ബിജു ആന്റണി എന്നിവർ പ്രസംഗിച്ചു.