കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിക്കണം: മാര്‍ മാത്യു അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചും സഹകരിച്ചും നീങ്ങേണ്ടത് അടിയന്തരമാണെന്നും കർഷകരെ സംരക്ഷിക്കാനും പ്രതിസന്ധികളിൽ രക്ഷിക്കാനും കർഷകരല്ലാതെ മറ്റാരുമില്ലെന്നുള്ളത് അനുഭവങ്ങളിൽ നിന്ന് തിരിച്ചറിയണമെന്നും ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ. ഇൻഫാം ദേശീയ സംസ്ഥാന സമിതികളുടെ സംയുക്ത നേതൃസമ്മേളനം പാറത്തോട് എംഡിഎസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ അറയ്ക്കൽ.
സംഘടന ശക്തിപ്പെടുത്തുന്നതിനോടൊപ്പം നൂതന കാർഷിക സാങ്കേതിക വിദ്യകൾ ചെറുകിട കർഷകരിലേക്ക് എത്തിക്കുവാനും ഇൻഫാമിനാകണം. കർഷക നിയമസഹായവേദി, കാർഷിക ഗവേഷണ വിഭാഗം, മാധ്യമ സംവിധാനങ്ങൾ, ഇടനിലക്കാരില്ലാത്ത വിപണന മേഖല, ലേബർ ബാങ്ക്, ഗ്രീൻ വോളണ്ടിയേഴ്സ് തുടങ്ങി പുതിയ ഇൻഫാം പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണം. സീഡ് ബാങ്ക് പദ്ധതിയിലൂടെ പുതിയ വിളകളും കൃഷിരീതികളും വിളമാറ്റങ്ങളും കാർഷികമേഖലയിലുണ്ടാകണമെന്ന് മാർ മാത്യു അറയ്ക്കൽ സൂചിപ്പിച്ചു.
ഇൻഫാമിന്റെ പുതിയ പ്രവർത്തനമാർഗരേഖയുടെ സംക്ഷിപ്തരൂപം സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലും ആനുകാലിക കാർഷിക പ്രശ്നങ്ങളും ദേശീയതല പ്രവർത്തനവും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യനും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ടിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി ആമുഖപ്രഭാഷണം നടത്തി. ഇൻഫാം സംസ്ഥാന ജില്ലാ നേതാക്കളായ ഫാ. ജോസഫ് കാവനാടി, എബ്രാഹം മാത്യു, ഡോ. തോമസ് മാത്യു, ഫാ. ജോസ് ചെറുപള്ളിൽ (എറണാകുളം), ജോസ് പോൾ, ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് (കോതമംഗലം), റോയി വള്ളമറ്റം, ഫാ. ജോസ് തറപ്പേൽ (പാലാ), ഫാ. തോമസ് തയ്യിൽ, ഫാ. ജിൻസ് കിഴക്കേൽ, കെ.എസ്. മാത്യു, ബേബി പതിപ്പള്ളി, ജിനറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ദേശീയസമിതിയിൽ ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഇൻഫാം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, ദേശീയ സമിതി പുനഃസംഘടന, കേന്ദ്രബജറ്റിലെ കർഷകവിരുദ്ധ നയങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണന, കർഷക കടക്കെണി, വൈദ്യുതി നിരക്കിലെ അമിതവർധന, കർഷക ആത്മഹത്യ, ഭൂപട്ടയപ്രശ്നങ്ങൾ, കൃഷിയിടങ്ങളിലെ വന്യജീവിശല്യം തുടങ്ങിയ വിവിധ കാർഷികപ്രശ്നങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. കെ. മൊയ്തീൻ ഹാജി, ജോസഫ് കാര്യാങ്കൽ, ജോയി തെങ്ങുംകുടി, പി.എസ്. മൈക്കിൾ, ജോയി പള്ളിവാതുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രളയദുരന്തവും വിലത്തകർച്ചയും കടക്കെണിയുംമൂലം കാർഷികമേഖല തകർന്നിരിക്കുന്പോൾ കോടികൾ ധൂർത്തടിച്ച് ചിങ്ങം ഒന്നിനുള്ള സർക്കാർവക കർഷകദിനാചരണം പ്രഹസനമാണ്. ഇൻഫാമുൾപ്പെടെ കേരളത്തിലെ സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങൾ അന്നേദിവസം കർഷക കണ്ണീർദിനമായി പ്രതിഷേധിക്കും.
ഓഗസ്റ്റ് മാസത്തിൽ എല്ലാ കാർഷിക ജില്ലാസമിതികളും ചേരും. സെപ്റ്റംബറിൽ യൂണിറ്റ് സമ്മേളനങ്ങൾ, ഒക്ടോബറിൽ താലൂക്ക് സമ്മേളനങ്ങൾ, നവംബറിൽ ജില്ലാസമ്മേളനങ്ങൾ, ഡിസംബറിൽ ദേശീയ പ്രതിനിധി സമ്മേളനം കൊച്ചിയിലും ജനുവരി 15,16,17 തീയതികളിൽ സംസ്ഥാന സമ്മേളനം തൊടുപുഴയിലും നടക്കും.