മാർ ജോസഫ് പവ്വത്തിലിന് ഇന്ന് ഡോക്ടറേറ്റ് സമര്പ്പിക്കും
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഇന്ന് ആഗസ്റ്റ് 15 ന് ഡോക്ടറേറ്റ് നല്കി ആദരിക്കും.
ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള മൗലികവും സമഗ്രവുമായ സംഭാവനകളാണ് മാർ ജോസഫ് പവ്വത്തിലിനെ ഉന്നത ബിരുദത്തിന് അർഹനാക്കിയത്. സഭാ വിജ്ഞാനീയം, ആരാധനക്രമം, എക്യുമെനിസം തുടങ്ങിയ ദൈവശാസ്ത്ര മേഖലകളിൽ മാർ പവ്വത്തിലിന്റെ സംഭാവനകൾ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. സിബിസിഐ പ്രസിഡന്റ് പദവി വഹിച്ച കാലഘട്ടത്തിൽ തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മയാണെന്ന ചിന്ത ഭാരതസഭയിൽ സജീവമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകൾ തമ്മിലുള്ള പരസ്പര സഹവർത്തിത്വത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കും അത് നവമായ ഉൗർജം പകർന്നതായി റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2.30ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓണററി ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തും. സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഡോക്ടറേറ്റ് സമ്മാനിക്കും.
പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, തോമസ് മാർ തിമോത്തിയോസ്, യൂഹാനോൻ മാർ ദിയോസ്കോറസ്, ജോസഫ് മാർ ബർണബാസ്, റവ.ഡോ. തോമസ് കെ. ഉമ്മൻ, ഉമ്മൻ ചാണ്ടി എംഎൽഎ, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ.ഡോ. ജോയി ഐനിയാടൻ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രഫ. പി.സി. അനിയൻകുഞ്ഞ്, തിരുഹൃദയ സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ എന്നിവർ ആശംസകളർപ്പിക്കും. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സ്വാഗതവും റവ.ഡോ. ജയിംസ് തലച്ചെല്ലൂർ കൃതജ്ഞതയും പറയും.