കലാകാരന്മാർ സമൂഹത്തിൽ നന്മയുടെ വക്താക്കളാകണം: മാർ പണ്ടാരശേരിൽ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ട്രിനിത്ത ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള സമ്മാനങ്ങൾ പിഒസി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ വിതരണം ചെയ്തു. കലാകാരന്മാർക്ക് സമൂഹത്തിൽ നന്മയുടെ വക്താക്കളാകാൻ കഴിയണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ആദരിക്കാനുമുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ ജോണ്‍ പോൾ, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഏബ്രഹാം ഇരിന്പിനിക്കൽ എന്നിവർ പ്രസംഗിച്ചു.
ജിന്റോ തെക്കിനിയേത്ത്, ഗിരീഷ് മക്രേരി, ബെൻജിത്ത് ബേബി, ഗിരീഷ് മക്രേരി , വിശാൽ വിശ്വനാഥ്, സ്റ്റെഫി ലിയോണ്‍, പ്രജി വെങ്കാട്, ക്രിസ്റ്റി സെബാസ്റ്റ്യൻ, നോബിൾ പീറ്റർ, അനൈഷ ശർമ എന്നിവർ അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. തുടർന്നു മികച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.