രോഗീശുശ്രൂഷ ദൈവികദാനം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: രോഗീശുശ്രൂഷ ദൈവികദാനമാണെന്നും ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്സുമാരും സിസ്റ്റേഴ്സും രോഗികൾക്ക് സ്നേഹവും ധൈര്യവും മാതൃകയും നൽകുന്ന വിശുദ്ധരായി മാറണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെ നവീകരിച്ച ആശുപത്രി സമുച്ചയം,പുതിയ ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ്, പുതിയ കാത്ത് ലാബ്, വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ ആശീർവാദകർമം നിർവഹിച്ച ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
വൈദ്യശാസ്ത്രമൂല്യങ്ങൾ മുറുകെപ്പിടിച്ച് ക്രൈസ്തവ ദർശനം ഉൾക്കൊണ്ട് ആതുരശുശ്രൂഷാരംഗത്ത് മരിയൻ മെഡിക്കൽ സെന്റർ ചെയ്യുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ ഗ്രെയ്സ് മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, പാലാ നഗരസഭാധ്യക്ഷ മേരി ഡൊമിനിക്, പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, ലയണ്‍സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ, മാഗി ജോസ് മേനാംപറന്പിൽ, കെ.വി. വാമനകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ചീഫ് നെഫ്രോളജിസ്റ്റ് ഡോ. ജിത്തു കുര്യൻ, റവ.ഡോ. ജോർജ് ഞാറക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് സ്വാഗതവും സിസ്റ്റർ റോസ്മി കൃതജ്ഞതയും പറഞ്ഞു.