കാനഡയിലെ മിസിസാഗ രൂപതയുടെ ഉദ്ഘാടനം മെയ് 25ന്
മിസിസാഗ (കാനഡ): കാനഡയിലെ മിസിസാഗ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും 25-നു നടക്കും.
മിസിസാഗ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ രാവിലെ 9.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങളിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ശുശ്രൂഷകൾക്കു നേതൃത്വം നല്കും.
മിസിസാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ കാനഡയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ലൂയിജി ബൊണാസി, ടെറേന്റോ ആർച്ച്ബിഷപ് കർദിനാൾ തോമസ് കോളിൻസ്, കനേഡിയൻ ബിഷപ്സ് കോൺഫറൻസ് വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. റിച്ചാർഡ് ഗാഗ്നോൺ, കാനഡയിലെ മുൻ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവർ സഹകാർമികരായിരിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. നുൺഷ്യോ ആർ ച്ച്ബിഷപ് ലൂയിജി ബൊണാസി പേപ്പൽ സന്ദേശം നല്കും. കർദിനാൾ തോമസ് കോളിൻസ്, ആർച്ച്ബിഷപ് റിച്ചാർഡ് ഗാഗ്നോൺ, ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ഫാ. ഡാരിസ് മൂലയിൽ, എബ്ബി അലാറിക്, ഡോ. സാബു ജോർജ് എന്നിവർ പ്രസംഗിക്കും. ബിഷപ് മാർ ജോസ് കല്ലുവേലിൽ മറുപടിപ്രസംഗം നടത്തും. സോണി കയാണിയിൽ, ജോസഫ് അക്കരപ്പറ്റിയാക്കൽ എന്നിവർ നന്ദിപറയും.
2015 ഓഗസ്റ്റ് ആറിനാണു കാനഡയിലെ സീറോമലബാർ അപ്പസ്തോലിക് എക്സാർക്കേറ്റിന്റെ രൂപീകരണം മാർപാപ്പ പ്രഖ്യാപിക്കുന്നത്. 2018 ഡിസംബർ 22ന് മിസിസാഗയെ രൂപതയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി.