അട്ടപ്പാടിയില് സർക്കാരിന്റെ പ്രത്യേക ഇടപെടൽ വേണം: മാർ ജേക്കബ് മനത്തോടത്ത്
അഗളി: അട്ടപ്പാടിയിലെ കർഷക സമൂഹത്തിന്റെയും ആദിവാസികളുടെയും ഇപ്പോഴത്തെ സ്ഥിതി ദയനീയമാണെന്നും ത്രിതല പഞ്ചായത്തും റവന്യു വകുപ്പും സംസ്ഥാന സർക്കാരും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്ത്.
അട്ടപ്പാടിയിലെ ഏതാണ്ട് എല്ലാ ദുരിതബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളും ബിഷപ് സന്ദർശിച്ചു. മലമുകളിലെ ദുർഘട പ്രദേശങ്ങളിലേക്ക് കാൽനടയായാണ് ബിഷപ്പും സംഘവും എത്തിയത്. ഒരു പുരുഷായുസിന്റെ മുഴുവൻ അധ്വാനം ഒരു നിമിഷാർധംകൊണ്ടാണ് മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്.
നിരവധി കുടുംബങ്ങൾ തലചായ്ക്കാൻ ഇടമില്ലാതെ അന്യവീടുകളിലും ദുരിതാശ്വാസ ക്യാന്പുകളിലും അഭയം തേടിയിരിക്കയാണ്. കള്ളമല, ജെല്ലിപ്പാറ, കാരറ, മുണ്ടൻപാറ, കൽക്കണ്ടി, ചിറ്റൂർ, മിനർവ, കുറവൻപാടി, പുലിയറ, പെട്ടിക്കൽ, കോഴിക്കൂടം, പള്ളിയറ കതിരംപതി, ഓടപ്പെട്ടി, കോട്ടമല തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടനവധി വീടുകൾ താമസയോഗ്യമല്ലാത്തവിധം തകർന്നിട്ടുണ്ട്. നിരവധി നാൽക്കാലികളും ഒഴുക്കിൽപെട്ടിട്ടുണ്ട്.
കുരുമുളക്, തെങ്ങ്, ഏലം, കവുങ്ങ്, കാപ്പി തുടങ്ങിയ ദീർഘകാല വിളകൾ മണ്ണിനടിയിലായി. തുന്പപ്പാറ, പുലിയറ അങ്ങേമറവ് കുറവൻപാടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിന്റെ സമീപ പ്രദേശങ്ങൾ, മാറനാട്ടി, കാരറ, ജെല്ലിപ്പാറ, കള്ളമല പ്രദേശങ്ങളിലെ കൃഷിതോട്ടങ്ങൾ മലയിടിഞ്ഞു മണ്ണിൽ അകപ്പെട്ട നിലയിലാണ്.
എത്രമിച്ചാലും പ്രദേശം പൂർവസ്ഥിതിയിലെത്തിക്കാനാകാത്ത സ്ഥിതിയാണ്. തുന്പപ്പാറയിലേക്കുള്ള കാൽനടമാർഗം പോലും അടഞ്ഞു. ചില സ്ഥലങ്ങളിൽ വൈദ്യതിവെട്ടം എത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഷ്ടതകളിൽനിന്ന് കരകയറ്റാനും സർക്കാർ ഉണർന്നു പ്രവൃത്തിക്കുമെന്നാണ് കരുതുന്നതെന്നും ബിഷപ് പറഞ്ഞു. നിലവിലുള്ള എല്ലാ ദുരിതാശ്വാസകേന്ദ്രഗങ്ങളും ദുരിത ബാധിത പ്രദേശങ്ങളും ബിഷപ് സന്ദർശിച്ചു.
സെഹിയോൻ ധ്യാനകേന്ദ്രത്തിൽനിന്നും അട്ടപ്പാടിയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദികരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.