കാർഷിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ
കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. എറണാകുളം പിഒസിയിൽ ചേർന്ന ഇൻഫാം ദേശീയ ജനറൽബോഡി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വന്യജീവി സങ്കേതത്തോടു ചേർന്ന് ഒരുകിലോമീറ്റർ വായുദൂരം വരെയുള്ള ജനവാസമേഖലകൾ പരിസ്ഥിതി ദുർബല മേഖലകളാക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലയോര മേഖലകളിൽ കൃഷിതന്നെ അസാധ്യമാക്കിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കുന്നതിൽ സർക്കാരുകൾ വീഴ്ചവരുത്തിയിരിക്കുകയാണ്. സ്വന്തം കൃഷിയിടത്തിൽ ജോലിചെയ്തു ജീവിക്കാനുള്ള കർഷകരുടെ അവകാശത്തിനായാണ് ഇപ്പോൾ കർഷകർ പോരാടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങളുടെ ദാരുണമായ വിലത്തകർച്ചയും റബറിനു നൽകുന്ന സബ്സിഡി ഒരുവർഷമായി നൽകാത്തതും കർഷകരുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുന്നു. ഭൂമിയുടെ രജിസ്ട്രേഷനു വരുത്തിയ ഫീസ് വർധന ഉടൻ പിൻവലിക്കണം. കർഷകരുടെ പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൻഫാമിന്റെ പുതിയ രക്ഷാധികാരിയായി ചുമതലയേറ്റ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ യോഗം അഭിനന്ദിച്ചു.
ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനില്പിനായി കർഷകർ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്നു നടിച്ചുപോകാനാണ് സർക്കാരുകൾ ശ്രമിക്കുന്നതെന്നും കൂടുതൽ ശക്തമായ പോരാട്ടങ്ങളുമായി കർഷകർക്ക് രംഗത്തിറങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
പി.സി. സിറിയക്ക്, മോൺ. ആന്റണി കൊഴുവനാൽ, മൊയ്തീൻഹാജി, ഫാ. തോമസ് മറ്റമുണ്ടയിൽ, ജോസ് ഇടപ്പാട്ട്, ഫാ. ജോസഫ് മോനിപ്പള്ളി, ഫാ. ജോസഫ് കാവനാടി, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. മാത്യു തറപ്പേൽ, മാത്യു പാലാ, ജോയി തെങ്ങുംകുടി, പി.വി. മൈക്കിൾ, സ്കറിയ നെല്ലംകുഴി, ബേബി പെരുമാലി, ജോസഫ് കാരിയാങ്കൽ എന്നിവർ പ്രസംഗിച്ചു.