മാർ ആന്റണി കരിയിൽ മെത്രാപ്പോലീത്തൻ വികാരിയായി ചുമതലയേറ്റു
കൃതജ്ഞതയും പ്രാർഥനകളും നിറഞ്ഞ പുണ്യനിമിഷങ്ങളെ സാക്ഷിയാക്കി എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിയായി മാർ ആന്റണി കരിയിൽ ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന കൃതജ്ഞതാബലിയിലും അനുബന്ധ ചടങ്ങുകളിലും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കുചേർന്നു.
മുഖ്യകാർമികൻ ആർച്ച്ബിഷപ് മാർ ആന്റണി കരിയിലും സഹകാർമികരും പ്രദക്ഷിണമായി അൾത്താരയിലേക്കു നീങ്ങിയതോടെയാണു ചടങ്ങുകൾക്കു തുടക്കമായത്. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും മെത്രാപ്പോലീത്തൻ വികാരിയെയും മറ്റുള്ളവരെയും ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സ്വാഗതം ചെയ്തു. അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ആന്റണി ഇലവുംകുടി മാർ കരിയിലിനു ബൊക്കെ നൽകി. അതിരൂപത ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ നിയമനപത്രിക വായിച്ചു. തുടർന്നു രേഖകളിൽ മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും ഒപ്പുവച്ചു. ബസിലിക്കയിലെ അൾത്താരയിലുള്ള മുൻ മെത്രാപ്പോലീത്തമാരുടെ കബറിടത്തിൽ മെത്രാപ്പോലീത്തൻ വികാരി പൂക്കളർപ്പിച്ചു പ്രാർഥിച്ചു.
അതിരൂപതയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏവരും കൂട്ടായി പ്രവർത്തിക്കാനും പ്രാർഥിക്കാനും മേജർ ആർച്ച്ബിഷപ് അനുഗ്രഹപ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു. മുഖ്യകാർമികനും സഹകാർമികരും മറ്റു പ്രതിനിധികളും ചേർന്ന് അൾത്താരയിൽ ദീപം തെളിച്ചശേഷം ദിവ്യബലി ആരംഭിച്ചു.
ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, അതിരൂപത സിഞ്ചെല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, മോണ്സിഞ്ഞോർമാരായ റവ. ഡോ. ആന്റണി നരികുളം, റവ. ഡോ. ആന്റണി പുന്നശേരി, സിഎംഐ തിരുഹൃദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജോസ് കുറിടേയത്ത്, മാണ്ഡ്യ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കോയിക്കര, ചാലിൽ പള്ളി വികാരി ഫാ. പോൾ കാച്ചപ്പിള്ളി എന്നിവർ സഹകാർമികരായി.