കൂട്ടായ്മയുടെ സംസ്കാരം വളർത്തണം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഭയിൽ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സംസ്കാരം വളർത്തിയെടുക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സ്നേഹത്തിനു വിപരീതമായി സഭയിൽ ഒന്നും സംഭവിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോടും വിദ്വേഷം പുലർത്തരുത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനോഭാവമാണു നമ്മിൽനിന്നുണ്ടാകേണ്ടത്. ഏറെ ക്ലേശങ്ങൾ ഉണ്ടാകുന്പോഴും ആരോടും വിദ്വേഷം തോന്നിയിട്ടില്ല. നമ്മോടു വിദ്വേഷം പുലർത്തുന്നുവെന്നു തോന്നുന്നവരോടു പോലും സ്നേഹത്തോടെയാണ് നാം ഇടപെടേണ്ടത്. രമ്യപ്പെടാതിരിക്കുന്നത് സുവിശേഷത്തിനു വിരുദ്ധമാണ്. ‘എനിക്കാരോടും വിദ്വേഷമില്ല. എത്രമാത്രം ക്ലേശങ്ങളുണ്ടായാലും സഭയിലെ മെത്രാന്മാരോടു ചേർന്ന് സിനഡിന്റെ കൂട്ടായ്മ കാത്തുസൂക്ഷിക്കും. സിനഡ് ചേരുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും’ – കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിനഡിന്റെ തീരുമാനങ്ങളോട് ഏവരും സഹകരിക്കണം. സഭാ വിഷയങ്ങൾ പരിഹരിക്കാൻ വത്തിക്കാൻ സിനഡിനെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്ഷമിക്കാനും സ്നേഹിക്കാനും ഏവരും പരിശ്രമിക്കണം. ചില മാധ്യമങ്ങൾ സഭാ വിഷയങ്ങളെ അവതരിപ്പിക്കുന്ന ശൈലി പരിശോധിക്കണം. പലപ്പോഴും സഭയെക്കുറിച്ചു സമൂഹത്തിനു തെറ്റിദ്ധാരണകളുണ്ടാവാൻ മാധ്യമ വാർത്തകൾ കാരണമാകാറുണ്ട്.
അന്യനാട്ടിൽ സീറോ മലബാർ സഭയുടെ വിശ്വാസപൈതൃകം പുതുതലമുറയ്ക്കു കൈമാറുന്നതിന് കുവൈറ്റിലെ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ദിവ്യബലിയർപ്പിച്ചു. അല്മായരുടെ ഇടപെടലുകളും അറിവുകളും ആധ്യാത്മികമായ ബോധ്യങ്ങളും സഭയുടെ വളർച്ചയ്ക്കു സഹായകമാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
പ്രാർഥനയിൽ ഒരുമിച്ചു ജീവിച്ചു മക്കളുടെ ഉന്നമനത്തിനും വിശ്വാസം പകർന്നു കൊടുക്കാനും പ്രവാസികൾ നൽകുന്ന മാതൃക അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ, എസ്എംസിഎ കുവൈറ്റ് ജനറൽ സെക്രട്ടറി ജോയി തുന്പശേരി, ട്രഷറർ ജോർജ് ചാക്കോ, ജോയിന്റ് സെക്രട്ടറി ലിയോ ജോസ് എന്നിവർ പ്രസംഗിച്ചു.