ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂ: മാർ ആലഞ്ചേരി
കൊച്ചി: ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂവെന്ന് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി.ന്യൂമെൻസ് അസോസിയേഷൻ ക്രിസ്മസ് -പുതുവർഷ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി.
കാർഡിനൽ ന്യുമാൻ ഒരു വെളിച്ചമായിരുന്നു. ദൈവസ്നേഹത്തിൽ ജ്വലിക്കുന്ന പ്രകാശമായിരുന്നു. ഹൃദയം ഹൃദയത്തോട് ഐക്യപ്പെട്ടുവെന്നാണ് കാർഡിനാൽ നുംമാൻ തന്റെ സഭ പ്രവേശനത്തെ കുറിച്ച് പറയുന്നത്. ഹൃദയം എന്നത് ക്രിസ്തുവിനെ തന്നെയാണ് ഉദ്ദേശിക്കുന്നത്. ക്രിസ്തുവിനോടുള്ള ഐക്യപ്പെടലായിരുന്നു അത്. മറിയം ‘ത്രേസ്വയും കാർഡിനാൽ നൂമാനും ഒരു ദിവസമാണ് വിശുദ്ധരായത്. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ യേശുവിനു കൊടുക്കുക എന്നാണ് വിശുദ്ധ മറിയം ത്രേസ്യ പറയുന്നത്. രണ്ടു പേരും ഒരു കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ക്രിസ്തുവിനോടുള്ള സ്നേഹം പ്രകാശമായി ഇവർ സമൂഹത്തിന് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
കലൂർ പോണോത്തു റോഡിലെ ലുമെൻ ജോതിസ്സിൽ ന്യൂമെൻസ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് -പുതുവർഷ സ്നേഹ സംഗമത്തിൽ സുപ്രിം കോടതിൽനിന്നും വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.സഭയുടെ നന്മകൾക്കും സമൂഹത്തിന്റെ പുരോഗതിക്കുമായി പ്രവർത്തിക്കുവാനുള്ള ദൗത്യം അല്മായ പ്രേക്ഷിതർക്കുണ്ടെന്ന് ജസ്റ്റീസ് സിറിയക്ക് ജോസഫ് ചൂണ്ടി കാട്ടി. കത്തോലിക്ക വിശ്വാസത്തിന്റെ തനിമയും മഹത്വവും മനസ്സിൽ ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ന്യൂമാൻസ് അസോസിയേഷൻ അംഗങ്ങൾക്കുണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.കൊച്ചി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർബാബു ജോസഫ്, ഫാ. എബ്രഹാം അടപ്പൂർ എന്നിവർ പ്രസംഗിച്ചു.
ന്യൂമെൻസ് അസോസിയേഷൻ ഭാരവാഹികളായ ഫാ. ബിനോയ് പിച്ചളക്കാട്, ഡോ. കെ എം മാത്യു, സാബു ജോസ്, അഡ്വ. റോയി ചാക്കോ, ജോസഫ് ആഞ്ഞിപ്പറമ്പിൽ, എന്നിവർ നേതൃത്വം നൽകി.